കത്തോലിക്ക സഭാഗാത്രത്തിന്റെ ഹൃദയാന്തർ ഭാഗത്തു നിലകൊള്ളുന്ന ഒരു സ്ഥാപനമാണ് സന്യാസം. ഇതിന്റെ അടിസ്ഥാനം പിതാവായ ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ വിളിയാണ്. ക്രിസ്തുവിൽ, ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിലാണ് ഈ വിളി യാഥാർഥ്യമാവുക.
സർവ്വതന്ത്രസ്വതന്ത്രവും തികച്ചും വ്യക്തിപരവുമായ ഒരു തിരഞ്ഞെടുപ്പുമാണ് ഇത്. സുവിശേഷോപദേശങ്ങൾക്കനുസൃതമായ ജീവിതം, സമർപ്പിതജീവിതം, സർവ്വസംഗപരിത്യാഗത്തിന്റെ ജീവിതം, മിശിഹാനുകരണ ജീവിതം എന്നൊക്കെ സന്യാസത്തെ വിശേഷിപ്പിക്കാറുണ്ട്.
ദൈവവിളി സ്വീകരിച്ച വിശ്വസി സുഖദുഃഖങ്ങളിൽ സന്തോഷസന്താപങ്ങളിൽ സമ്പത്തുദാരിദ്ര്യങ്ങളിൽ സർവ്വശക്തനോടൊപ്പം ആത്മാര്‍ഥതയോടും സത്യസന്ധതയോടും സോത്സാഹം വ്യാപാരിക്കുന്നു, വ്യാപാരിക്കണം. പരിശുദ്ധത്രിത്വത്തിലുള്ള ജീവിതമാണ് സന്യാസം.
‘ലോകം, പിശാച്, ശരീരം ഇവയോട് സന്ധിയില്ലാ സമരം ചെയ്തുകൊണ്ടുള്ള ജൈത്രയാത്രയാണിത്. ‘ഇടുങ്ങിയ വാതിലിലൂടെയുള്ള തീർത്ഥാടനമാണ്’ സന്യാസം. സന്യാസിക്ക്/ സന്യാസിനിക്ക് ഊർജ്ജ്യം പകരുന്നത് അവരുടെ ആത്മമണവാളനായ ഈശോയാണ്. കാരണം കക്ഷി ‘ആത്മശരീര സിദ്ധികളൊക്കെയും ആത്മനാഥന്‍ സമ്പൂർണമായി സമർപ്പിച്ചിരിക്കുകയാണ്, തീർച്ചയായും ആയിരിക്കണം. ഭാരതീയ ഭജൻ ശൈലിയിൽ പറഞ്ഞാൽ സന്യസ്തർ തങ്ങളുടെ ഹൃദരാന്തരാളത്തിൽ ഉരുവിടുന്നത്:”ആരതിയേകി നമിക്കുന്നു നായകദീപവും ധൂപവും പുഷ്പ്പവും വച്ച് ഞാൻ (സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകങ്ങൾ).
ദൈവവും ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഭക്താത്മാക്കളും തമ്മിലുള്ള സ്നേഹോടമ്പടിയും അതിലുള്ള പ്രതിബദ്ധമായ നിലനിൽപ്പുമാണ് സമർപ്പിതന്റെ ജീവിതം. ഇതിൽ കൈകടത്താനോ, ഇനി കണ്ഠകോടാലിയാവണോ ആർക്കും യാതൊരു അവകാശവുമില്ല. ഇവിടെ ഗവണ്മെന്റും മാത്രമല്ല, പരമോന്നത കോടതി പോലും പഞ്ചപുച്ഛമടക്കി നിൽക്കണം. മതസ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. ഇവിടെ കൂടുതൽ പരാമർശങ്ങൾ ആവശ്യമുണ്ട്, അത്യാവശ്യമുണ്ട്. അത് തുടർന്ന് നടത്താം.
ഉടമ്പടി പരിപൂര്‍ണവും സുതാര്യവുമാക്കാൻ സന്യസ്തർ ദൈവത്തിനു സ്തോത്രബലിയർപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. 100 ശതമാനം അങ്ങനെ ആയിരിക്കയും വേണം. അനുനിമിഷം ദൈവത്തിലാശ്രയിച്ചും ദൈവപരിപാലനയിൽ ബ്രഹ്മചര്യം, ദാരിദ്ര്യം,അനുസരണം എന്നീ വ്രതങ്ങൾ അഭംഗുരം പാലിച്ചും അനുഷ്ഠിക്കുന്ന തപസ്യയാണ് യഥാർത്ഥ സമർപ്പിത ജീവിതം.
പൗലോസ് ശ്ലീഹായുടെ വാക്കുകൾ കടമെടുത്താൽ “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹിക ജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെതന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്” (ഗലാത്തി. 2:20).
ഇപ്പോഴും ദൈവസാനിധ്യത്തിൽ, ഈ അവബോധത്തിൽ ജീവിക്കുക എന്നതും സന്യാസത്തിന്റെ കാതലായ കാര്യമാണ്. അനുനിമിഷം നന്മ ചെയ്തുകൊണ്ട് ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ച, തിരക്കിൻറെ നൈരന്തര്യത്തിലായിരുന്നല്ലോ ലോകമാതാവ് വി. മദർ തെരേസ. ഈ ‘അമ്മ അര്‍ഥശങ്കക്കിടമില്ലാത്തവിധം ലോകത്തിനു വെളിപ്പെടുത്തിയിരിക്കുന്നു: “നാലു മിനിറ്റിൽ ഒരിക്കലെങ്കിലും ഈശോയെ, ദൈവത്തെ അനുസ്മരിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.”
മർമ്മ പ്രധാന സത്യം പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: “എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് ഈശോമിശിഹായിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുതേ. പ്രവചനങ്ങളെ നിന്ദിക്കരുത് എല്ലാം പരിശോധിച്ച് നോക്കുവിൻ. നല്ലവയെ മുറുകെപ്പിടിക്കുവിൻ. എല്ലാത്തരം തിന്മയിൽ നിന്നും അകന്നു നിൽക്കുവിൻ” (1 തെസ്.5:16-22).
ചെയ്യുന്നതെന്തും പറയുന്നതെന്തും ദൈവഹിതമാണ്, ദൈവമഹത്വത്തിനു ഉപകരിക്കും എന്ന് ഉറപ്പുവരുത്തിയിട്ടു മാത്രം ഇറങ്ങിത്തിരിക്കുക, മുന്പോട്ടുപോകുക (cfr. കൊറി. 10:31).
ഈശോ നൽകുന്ന അതിശക്തമായ സന്ദേശവും ഇത്തരുണത്തിൽ അനുസ്മരിക്കാം. “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്താ. 6:33).