ബാലനായ ഗൈക്കു രണ്ടു മിത്രങ്ങളാണുണ്ടായിരുന്നത്. ദേവാലയവും ദരിദ്രജനവും. പ്രാർത്ഥനാസക്തി വർധിച്ചപ്പോൾ അവൻ ബ്രെസ്സൽസ്സിലുള്ള സ്വഭവനം ഉപേക്ഷിച്ചു ലെർക്കനിൽ ദൈവമാതാവിന്റെ തീര്ഥത്തിങ്കൽ പോയി പ്രാർത്ഥനയിൽ ജീവിക്കാൻ തുടങ്ങി. പുരോഹിതന്മാർ അവനോടു അവിടെ താമസിച്ചു ദേവാലയ ശുശ്രൂക്ഷകൾ നടത്താൻ അഭ്യർത്ഥിച്ചു. പള്ളിയുടെ തറയും തട്ടുപലകയും അടിച്ചും ബലിപീഠങ്ങൾ പോളിഷ് ചെയ്തും തിരുപാത്രങ്ങൾ ശുചീകരിച്ചും ഗൈ ദേവാലയത്തിൽതന്നെ സമയം ചിലവഴിച്ചുവെന്നു പറയാം. പകൽ ദരിദ്രരെ സഹായിക്കാൻ വേണ്ട സമയം അയാൾ കണ്ടെത്തിയിരുന്നു.
അങ്ങനെയിരിക്കെ ബ്രസ്സൽസ്സിലെ ഒരു വ്യാപാരി ഗൈക്കു ഒരു സഹായമെന്നവണ്ണം തന്റെ വ്യാപാരത്തിൽ ഒരു ഓഹരി അവനു കൊടുത്തു. ദരിദ്ര സേവനത്തിനു പണം കിട്ടുമല്ലോ എന്ന് കരുതി ആ ജോലി അദ്ദേഹം ഏറ്റെടുത്തു. എന്നാൽ ഒന്നാമത്തെ യാത്രയിൽ തന്നെ അവരുടെ കപ്പൽ നശിച്ചുപോയി. തിരിയെ വന്നപ്പോൾ പഴയ കപ്യാരുജോലിക്കു വേറൊരാൾ നിയമിക്കപെട്ടുപോയി. തന്നിമിത്തം ശേഷകാലം വളരെ കഷ്ട്ടപെട്ടു. തന്റെ അസ്ഥിരതയ്ക്കുള്ള ഒരു പ്രായശ്ചിത്തമായി ആ കാലഘട്ടം.മരണം അടുത്തെന്നു കണ്ടപ്പോൾ അദ്ദേഹം സ്വദേശത്തേക്കു മടങ്ങി. യാത്രകൾകൊണ്ടും മറ്റും ക്ഷീണിതനായിരുന്നു ഗൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമസിയാത്ര അദ്ദേഹം അവിടെ കിടന്നു മരിച്ചു. തത്സമയം ഒരു പ്രകാശം വീശുകയും നിത്യസമാനം പ്രാപിച്ചതായി ഒരു സ്വരം കേൾക്കുകയും ചെയ്തു.