വി. ഡൊമിനിക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്തു ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണ് ഡൊമിനിക്കിന് ലഭിച്ചത്. പഠനകാലത്തു 21 – ആം വയസിൽ നാട്ടിൽ ഒരു പഞ്ഞമുണ്ടായപ്പോൾ, സ്വന്തം പുസ്തകങ്ങളും കൂടി വിറ്റു ഡൊമിനിക് ദരിദ്രരെ സഹായിച്ചു. 25 – ആം വയസിൽ ഓസ്മാ എന്ന പ്രദേശത്തെ കാനണ്സിന്റെ സുപ്പീരിയറായി. ഫ്രാൻസിൽ തന്റെ ബിഷപ്പിന്റെ കൂടെ ഒരു യാത്ര ചെയ്തു. ആൽബിജെൻസിൽ പാഷണ്ഡത വരുതിക്കൂട്ടിയിരുന്ന നാശം അദ്ദേഹം നേരിൽ കണ്ടു. ശേഷം ജീവിതം പാഷണ്ഡികളുടെ മനസാന്തരത്തിനും വിശ്വാസ സംരക്ഷണത്തിനുമായി അദ്ദേഹം ചെലവഴിച്ചു.
ഇതിനായി അദ്ദേഹം മൂന്ന് സന്യാസസഭകൾ സ്ഥാപിച്ചു. ചെറിയ പെൺകുട്ടികളെ പാഷണ്ഡതയിൽ നിന്നും അബദ്ധങ്ങളിൽ നിന്നും സംരക്ഷിക്കാൻ സ്ത്രീകൾക്കായി ഒരു സഭ അദ്ദേഹം ആദ്യം തുടങ്ങി. അക്കാലത്തു ഭക്തരായ ചിലർ അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി. അവരെയെല്ലാം ചേർത്ത് “ഫ്രയർ പ്രീച്ചേഴ്സ്” (പ്രഭാഷക സഹോദരൻ) എന്ന പേരിൽ വേറൊരു സഭ ആരംഭിച്ചു. പിന്നീട് കുടുംബജീവിതം നയിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കുമായി മൂന്നാം സഭ ആരംഭിച്ചു. ദൈവം പുതിയ സഭയെ ആശീർവദിച്ചു. അത് അതിവേഗം ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട്, സ്പെയിൻ മുതലായ രാജ്യങ്ങളിൽ പരന്നു.
1208 -ൽ പ്രൗവിൽ (proville) എന്ന സ്ഥലത്തുണ്ടായിരുന്ന ദൈവമാതൃ ദേവാലയത്തിൽ മുട്ടുകുത്തി തിരുസഭക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവമാതാവ് പ്രത്യക്ഷപെട്ടു. ജപമാല നൽകിക്കൊണ്ട് അത് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു. പാഷണ്ഡികൾ അദ്ദേഹത്തെ വധിക്കാൻ പോലും ശ്രമിച്ചെങ്കിലും, അവസാനം പാഷണ്ഡത തകർന്നു. രാത്രി പ്രാർത്ഥനയിലാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. രാവിലെ എഴുന്നേറ്റു രക്തം പൊടിയുന്നതുവരെ സ്വശരീരത്തിൽ ചമ്മട്ടികൊണ്ടു അടിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അനേകരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. ജപമാല ഭക്തിയും എരിയുന്ന വാഗ്വിലാസവും ജീവിത വിശുദ്ധിയുമാണ് പാഷണ്ഡികളുടെ മനസാന്തരത്തിനു വഴി തെളിച്ചത്. ക്ഷീണിതനായി 1221 ആഗസ്ററ് 6 -ആം തീയതി വി. ഡൊമിനിക് അന്തരിച്ചു.