1. എഴുന്നള്ളിപ്പ് (Elevation)
ഈശോമിശിഹായെ കരങ്ങളിലെടുത്തുയർത്തിക്കൊണ്ടാണ് കാർമ്മികൻ തൊട്ടുമുമ്പു പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്കു പ്രത്യുത്തരമെന്നോണം ജനം ”ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” എന്ന ദിവ്യനാഥന്റെ വാക്കുകൾ പല്ലവിയായി പാടിയിട്ട് സാദരം, വലിയവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു:
”രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യരഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകീടുമപ്പം ഞാൻ
സ്നേഹമൊടെന്നെ കൈക്കൊൾവോ
നെന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്”
”സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽ നിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും” (യോഹ. 6:51) എന്ന ദിവ്യനാഥന്റെ ദിവ്യവചസ്സുകളാണ് ഇവിടെ ഇതിവൃത്തം.
അടുത്തതായി പല്ലവിയിൽ സമൂഹം പ്രഖ്യാപിക്കുന്നു: ”നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ” എന്ന്. ബലിപീഠത്തിൽ നടക്കുന്ന മഹാസംഭവത്തെ
”ക്രോവേസ്രാപ്പേന്മാ
രുന്നത ദൂതന്മാർ
ബലിപീഠത്തിങ്കൽ
ആദരവോടെ നിൽക്കുന്നു
ഭയഭക്തിയോടെ നോക്കുന്നു
പാപകടങ്ങൾ പോക്കിടുവാൻ
കർത്താവിൻ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചീടുന്നു.”
വലിയ സത്യങ്ങളുൾക്കൊള്ളുന്ന ഈ ഗാനശകലങ്ങളൊക്കെ നമ്മെ ബലിയിൽ സന്നിഹിതമാക്കുന്ന സ്വർഗ്ഗത്തിലേക്കുയർത്തണം. നമ്മുടെ വിശ്വാസം, ദിവ്യബലിയുടെ ഓരോ ഘട്ടത്തിലും ആഴവും പരപ്പുമുള്ളതാകണം. സംഭവിക്കുന്നതെല്ലാം നാം അനുഭവിക്കണം. അങ്ങനെയാണ് നമ്മുടെ ബലി സജീവമാവുക. നമുക്കു ബലി ജീവിക്കാൻ കഴിയുക.
”തിരുസന്നിധിയിൽ
പാപരികളേവരും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നു കൊടുത്തവനാം
കരുണാമയനാം കർത്താവേ,
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ
ഞങ്ങൾ പാടട്ടെ”
ദൈവം സ്വഭാവത്താലേ തന്നെ കാരുണ്യവനാണ്. അവിടുത്തെ സ്നേഹത്തിന്റെ സവിശേഷത അതു കരുണാർദ്രമാണെന്നതാണ്. നേരത്തെ ഈ സ്നേഹത്തെക്കുറിച്ചു സൂചിപ്പിച്ചതാണ്. അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണകാണിക്കുകയും ചെയ്യണമേ എന്നു നാം പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ ഈ കരുണയെയാണ് നാം അനുസ്മരിക്കുന്നതും അവിടുത്തെ അനുസ്മരിപ്പിക്കുന്നതും. ദൈവത്തിന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണു വിശുദ്ധ കുർബാനയാകുന്ന ദിവ്യരഹസ്യങ്ങൾ സമർപ്പിക്കുവാൻ എളിയവരും പാപികളുമായ നമ്മൾ അർഹരാകുന്നത്. ”ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോടു ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനനുസൃതമായി എന്റെ പാപങ്ങൾ മായിച്ചുകളയണമേ.” എന്നു സങ്കീർത്തകനോടു ചേർന്നു നാം പ്രാർത്ഥിക്കുമ്പോഴും ഈ സത്യമാണു നമ്മൾ പ്രഘോഷിക്കുന്നത്.