1.സർവ്വാധിപനാം കർത്താവേ
”സർവ്വാധിപനാം കർത്താവേ,” എന്നു തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാതമ്പിരാൻ തന്റെ ഉത്ഥാനത്തിലൂടെയാണു നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ ഉയിർപ്പ് ഉത്ഥാനത്തിലുള്ള നമ്മുടെ പ്രത്യാശ നമ്മിൽ ഉറപ്പിക്കുന്നു. നമ്മൾ അർപ്പിക്കുന്ന വിശുദ്ധ കുർബാനയും സ്വീകരിക്കുന്ന ദിവ്യകാരുണ്യവും നമ്മുടെ ഉയിർപ്പിന്റെ അച്ചാരവും ഉത്ഥിതനായ മിശിഹായോടൊത്തുള്ള സ്വർഗ്ഗത്തിലെ പുതുജീവിതത്തിന്റെ ഉറപ്പുമാണ്.
ഈശോയുടെ ഉത്ഥാനഗീതത്തിലൂടെ അവിടുത്തെ കർത്തൃത്വം നാം ഏറ്റുപറയുമ്പോഴാണ് ദൈവാലായത്തിലെ അതിവിശുദ്ധ സ്ഥലമായ മദ്ബാഹയെ മറച്ചിരിക്കുന്ന വിരി മാറ്റുന്നത്. ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിന്റെ പ്രതീകമാണു മദ്ബഹ; വിരിമാറ്റുന്നതു സ്വർഗ്ഗം തുറക്കപ്പെടുന്നതിന്റെ സൂചനയും. ആ സമയത്ത് തല കുമ്പിട്ട് ആചാരം ചെയ്യുമ്പോൾ ഈശോയുടെ കർത്തൃത്വം നാം ഏറ്റുപറയുകയാണ്. ഓരോ കുർബാനയിലും തിഞ്ഞ അവബോധത്തോടെ വേണം നാം ഇതു ചെയ്യുവാൻ. ഉത്ഥാനഗീതത്തിനുശേഷമുള്ള കീർത്തനം അതിശക്തമായ വിധത്തിൽ പരിശുദ്ധപരമ ത്രിത്വത്തിന്റെ പരമപരിശുദ്ധിയെ പ്രഘോഷിക്കുന്നു. ഒപ്പം, ബലിയർപ്പകരെല്ലാം പരമകാരുണ്യകന്റെ കൃപയ്ക്കുവേണ്ടി ഏറ്റം എളിമയോടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജനം രണ്ടു പ്രാവശ്യം പുരോഹിതൻ ഒരു പ്രാവശ്യവും ഈ കീർത്തനം ആലപിക്കുകയോ ചൊല്ലകയോ ചെയ്യുന്നു. സ്വർഗ്ഗീയ ഗണങ്ങളോടു ചേർന്നു ബലിസമൂഹം മുഴുവനും ‘പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ എന്നു പാടിപ്പുകഴ്ത്തുന്നു.
2. കീർത്തനം
”സഹോദരരേ, നിങ്ങൾ സ്വരമുയർത്തി സജീവനായ ദൈവത്തെ പ്രകീർത്തിക്കുവിൻ” എന്ന ശുശ്രൂഷിയുടെ ആഹ്വാനത്തോടെ ഉത്ഥാനഗീതത്തിനു ശേഷമുള്ള കീർത്തനം ആരംഭിക്കുന്നു. പ്രത്യുത്തരമായി ജനം ദൈവത്തിന്റെ അനന്തശക്തിയിലും അമർത്യതയിലും പരമപരിശുദ്ധിയിലുള്ള വിശ്വാസം ഏറ്റുപറയുന്നു. ”പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.” സ്വർഗ്ഗസ്ഥരായ മാലാഖമാരും ഇതു തന്നെയാണു (ഏശ. 6:3). വിശുദ്ധ കുർബാനയുടെ ഈ ഭാഗത്ത്, മാലാഖമാരുടെ സ്വർഗ്ഗീയാരാധനയോടു ഭൂമിയിലെ ജനം സവിശേഷമായ വിധത്തിൽ പങ്കുചേരുകയാണ്. തുടർന്നു വരുന്ന പ്രകീർത്തനം സങ്കീർത്തനങ്ങളോടു സാധർമ്യമുള്ളതും കർത്താവിന്റെ ജീവതത്തിലെ പരമപ്രധാനപ്പെട്ട സംഭവങ്ങളുടെയും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും വിശിഷ്യാ വിശുദ്ധ തോമാശ്ലീഹയുടെയും അനുസ്മരണങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്.
ദൈവത്തിന്റെ വചനം ജീവനേകുന്നതാണ്, ശക്തി പകരുന്നതാണ്, വിശുദ്ധീകരിക്കുന്നതാണ്, ഇതുവായ്ത്തലയുള്ള വാളിനേക്കാൾ മൂർച്ചയേറിയതാണ്, സമൂലപരിവർത്തനം വരുത്തുന്നതാണ്, സുഖപ്പെടുത്തുന്നതാണ്; അതു പാറയെ തകർക്കുന്ന കൂടമാണ്, പിശാചിനെതിരായ ശക്തമായ ആയുധമാണ്; ആത്മാവിന്റെ ഭോജനമാണ്; അതു പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും ഉപയുക്തമാണ്. ഈ സത്യങ്ങളൊക്കെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ശ്രദ്ധയോടും ധ്യാനനിരതരായും നാം വചനം ശ്രവിക്കണം. പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ച്, പ്രാർത്ഥനാപൂർവ്വം വചനം ശ്രവിക്കണം. വചനം പ്രഘോഷിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വചനം ശ്രവിക്കുമ്പോൾ സന്ദേശങ്ങൾ ഗ്രഹിച്ചെടുക്കാൻ വളരെ എളുപ്പമായിരിക്കും.
ദൈവവചനം ഈശോ തന്നെയാണ്. കാരണം, അത് അവിടുത്തെ വചനമാണെന്നതുതന്നെ. യോഹന്നാൻ 1:1 ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. ”ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.” ബലിയർപ്പിക്കുന്ന നാം ബലിയിലും ബലിക്കു പുറമേയും ഈ സത്യത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം.
4. സുവിശേഷത്തിനു മുമ്പുള്ള പ്രാർത്ഥനകൾ
സുവിശേഷ പാരായണത്തിനു മുമ്പ് പുരോഹിതൻ രണ്ടു പ്രാർത്ഥനകൾ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നുണ്ട്. ”പിതാവിന്റെ മഹത്ത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപവുമായ മിശിഹായേ, മനുഷ്യശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരുളടഞ്ഞ ബുദ്ധിയെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ പ്രകാശിപ്പിക്കുകയും ചെയ്ത അങ്ങേക്കു ഞങ്ങൾ എപ്പോഴും ആരാധനയും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുന്നു” എന്ന പ്രാർത്ഥനയാണ് ഒന്നാമത്തേത്. ഈ പ്രാർത്ഥനയിൽ ഈശോയുടെ ഇരു സ്വഭാവങ്ങളും (ദൈവ-മനുഷ്യ സ്വഭാവങ്ങൾ) തന്റെ വചനം വഴി അവിടുന്നു നമ്മുടെ ഇരുളടഞ്ഞ ബുദ്ധിയെ പ്രകാശിപ്പിക്കുന്ന കാര്യവും വ്യക്തമാക്കിയിരിക്കുന്നു. ദിവ്യബലി ആദ്യന്തം പരിശുദ്ധ ത്രിത്വത്തിന് അർപ്പിക്കപ്പെടുന്ന ആരാധനയും സ്തുതിയും കൃതജ്ഞതയുമാണെന്നും ഈ പ്രാർത്ഥന സൂചിപ്പിക്കുന്നു.
അടുത്ത പ്രാർത്ഥന, ” ലോകത്തിന്റെ പ്രകാശവും സകലത്തിന്റെയും ജീവനുമായ മിശിഹായേ, അങ്ങയെ ഞങ്ങളുടെ പക്കലേയ്ക്കയച്ച അനന്തകാരുണ്യത്തിനു സ്തുതി” എന്നു പറഞ്ഞു പിതാവിനെ സ്തുതിക്കുന്നതാണ്. ലോകത്തിന്റെ പ്രകാശവും സകലത്തിന്റെയും ജീവനുമായ തിരുസുതനെ, മാനവരാശിയെ രക്ഷിക്കുന്നതിന്, ലോകത്തിലേക്ക് അയച്ചതിനാണു പിതാവിനെ സ്തുതിക്കുന്നത്.
തുടർന്നുള്ള രണ്ടു പ്രാർത്ഥനകളും ഏറെ ശ്രദ്ധേയമാണ്; അത്യന്തം ഹൃദ്യമാണ്. വൈദികൻ പ്രാർത്ഥിക്കുന്നു, നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപനകളുടെ മധുമസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ.
അടുത്ത പ്രാർത്ഥനയിൽ ദൈവത്തെ സർവ്വജ്ഞനായ ഭരണകർത്താവും തന്റെ ഭവനത്തിൽ വസിക്കുന്നവരുടെ വിസ്മയനീനായ പരിപാലകനും സകല നന്മകളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടവും എന്നു വിശേഷിപ്പിച്ചിരിക്കുന്നു. തുടർന്നാണു പ്രാർത്ഥന. അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ.
5.പ്രകീർത്തനം
അനവദ്യ സുന്ദരമായ ഒരു ഭാഗമാണ് പുതിയനിയമവായനകൾക്കു മുമ്പുള്ള പ്രകീർത്തനം. സകലത്തിന്റേയും സ്വഷ്ടാവും പരിപാലകനും മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും പവിത്രാതാവുമായ പരമോന്നതനെ പാടിപ്പുകഴ്ത്തുന്നതോടൊപ്പം ആഴിയും ഊഴിയും അംബരവും വാനവിതാനങ്ങളും എപ്രകാരം ദൈവമഹത്തവത്തെ പാടിപ്പുകഴ്ത്തുന്നെന്നും എല്ലാറ്റിലും നമുക്കു ദൈവമഹത്ത്വം ദർശിക്കാമെന്നും ദർശിക്കണമെന്നും ധന്യരെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നു. ദൈവമഹത്വം അനുസ്മരിച്ചു നാം ഹല്ലേലൂയ്യാ ഗീതം പാടണമെന്നും ഇവിടെ ഉദ്ബോധനമുണ്ട്.
സ്വർഗ്ഗത്തിന്റെ പ്രതീകമായ മദ്ബഹായിലെ ബലിപീഠം സ്വർഗ്ഗീയ സിംഹാസനത്തിന്റെ പ്രതീകമാണ്. ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം അവിടുത്തെ പരിശുദ്ധിയെ പാടിപ്പുകഴ്ത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.
6.സുവിശേഷം
ദൈവവചനത്തിൽ ദൈവം പ്രത്യേകമാംവിധം സന്നിഹിതനാണ്. സുവിശേഷങ്ങൾ സുവിശേഷമാംവിധം നമ്മുടെ കർത്താവിനെ തന്നെയാണു പ്രതിധാനം ചെയ്യുന്നത്. അതുകൊണ്ടാണ് ദിവ്യബലിയിൽ ആദ്യന്തം സുവിശേഷഗ്രന്ഥം മദ്ബഹായിലെ ബലിപീഠത്തിൽ സൂക്ഷിക്കുന്നതും സുവിശേഷവായനയ്ക്ക് മുമ്പ് ആഘോഷപൂർവ്വം പ്രദക്ഷിണമായി വചനവേദിയിലേയ്ക്ക് കൊണ്ടുവരുന്നതും. മനുഷ്യനെ പ്രകാശിപ്പിക്കുവാൻ സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേയ്ക്കു വന്ന ഈശോയെയാണു സുവിശേഷപ്രദക്ഷിണ സമയത്തു നാം അനുസ്മരിക്കുന്നത്, അനുസ്മരിക്കേണ്ടത്. ഈ സമയത്തു കാർമ്മികൻ സുവിശേഷം കൊണ്ടു സ്വന്തം മുഖം മറയ്ക്കുന്നത് താനല്ല, മിശിഹായാണു സംസാരിക്കുന്നതെന്നു സൂചിപ്പിക്കാനാണ്.
7.ഒരുക്കപ്രാർത്ഥന
പ്രദക്ഷിണത്തിനു മുമ്പു കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകൾ മേൽപ്പറഞ്ഞ ആശയം വ്യക്തമാക്കുന്നവയാണ്. ”പിതാവിന്റെ മഹത്ത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപവുമായ മിശിഹായേ, മനുഷ്യശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരുളടഞ്ഞ ബുദ്ധിയെ സുവിശേഷത്തിന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കുകയും ചെയ്ത നിനക്കു ഞങ്ങൾ എപ്പോഴും ആരാധനയും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുന്നു.”
ദൈവവചനം നന്നായി ശ്രവിക്കുന്നതിന്റെയും ഗ്രഹിക്കുന്നതിന്റെയും ലക്ഷ്യവും പ്രാർത്ഥന വ്യക്തമാക്കുന്നു.”അതുവഴി ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ
സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ.” ജീവദായകമായ വചനത്തിന്റെ ഫലങ്ങൾ പ്രകടമാകേണ്ടതു വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയിലും സത്യത്തിലുമാണല്ലോ.
8. കാറോസൂസാ
‘ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കുമെന്നാണല്ലോ’ കർത്താവ് അരുളിച്ചെയ്തിരിക്കുന്നത്. വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും വിശുദ്ധിയോടും വേണം നാം മദ്ധ്യസ്ഥപ്രാർത്ഥന നടത്താൻ. വിശ്വായം പ്രതീക്ഷാനിർഭരമായിരിക്കണം. അപേക്ഷിച്ചതു ലഭിച്ചുവെന്ന് ഉറച്ചു വിശ്വസിക്കുന്നതാണിത്. ദൈവത്തിന്റെ സ്നേഹവും കരുണയും സർവ്വശക്തിയുമാണ് നമ്മുടെ പ്രത്യാശയ്ക്കു നിദാനം. ബലി അമൂല്യമായതുകൊണ്ട് ബലിമദ്ധ്യേയുള്ള മദ്ധ്യസ്ഥപ്രാർത്ഥനയ്ക്ക് മറ്റേതു പ്രാർത്ഥനയേക്കാളും ശക്തി ഉണ്ടായിരിക്കും. മാദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് ഒരു സാർവ്വത്രികമാനമുണ്ട്. എങ്കിലും ചില കാര്യങ്ങളൊക്കെ നാം മനസ്സിൽ നിയോഗം വച്ചു പ്രാർത്ഥിക്കേണ്ടി വരും. അതിനു നാം പഴുതു കണ്ടെത്തണം. ബലിയർപ്പണം സജീവമാകാൻ പ്രാർത്ഥനകൾ നാം സാംശീകരിക്കണം.
കാറോസൂസായ്ക്കു ശേഷം, സാധാരണദിവസങ്ങളിൽ, വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയ്ക്കു പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പ്രാർത്ഥനയ്ക്കുണ്ടായിരിക്കേണ്ട ഒട്ടുമിക്ക സവിശേഷതകളും ഇതിനുണ്ട്. ”കർത്താവേ, ബലവാനായ ദൈവമേ, അങ്ങയോടു ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു, അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കണമേ. അങ്ങയുടെ കൃപയും അനുഗ്രവും അങ്ങു കാരുണ്യാതിരേകത്താൽ തെരെഞ്ഞെടുത്ത അങ്ങയുടെ അജഗണമായ ജനം മുഴുവന്റേയും കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ പാപമോചനത്തിനും കാരണമാകട്ടെ.”
ദിവ്യബലി യഥാർത്ഥത്തിൽ ചെയ്യുന്ന നിരവധി കാര്യങ്ങൾ ഈ പ്രാർത്ഥനയിൽ പരാമർശിച്ചിരിക്കുന്നു. വളരെ പ്രത്യേകമായി കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും വേണ്ടി പുരോഹിതൻ പ്രാർത്ഥിക്കുന്നു. ദിവ്യബലി രക്ഷയുടെ അച്ചാരമാണ്; കടങ്ങളുടെ പൊറുതിയുടെയും പാപങ്ങളുടെ മോചനത്തിന്റെയും ബലിയും കൂദാശയുമാണ്.
വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനയിൽ സാർവ്വത്രികവും ശ്ലൈഹികവുമായ സഭയുടെ മേൽ കർത്താവായ ദൈവം തന്റെ കരുണ നിറഞ്ഞ വലംകൈ നീട്ടാൻ പ്രാർത്ഥിക്കുന്നുണ്ട്. സകല വിപത്തുകളിൽ നിന്നും അതിനെ സംരക്ഷിക്കാനും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ ബലിയർപ്പിക്കാനും തന്നെയും മറ്റെല്ലാവരെയും യോഗ്യരാക്കണമേയെന്നും അദ്ദേഹം പ്രാർത്ഥിക്കുന്നു.
അടുത്ത പ്രാർത്ഥനയിൽ ദൈവത്തിന്റെ കരുണയുടെ മുഖം അവതരിപ്പിച്ച്, ജീവിതകാലം മുഴുവൻ എല്ലാവരും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാനുള്ള അനുഗ്രഹം പ്രാർത്ഥിക്കുന്നതോടൊപ്പം ദൈവത്തിനു സ്തുതിയും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാനുള്ള കൃപയും പുരോഹിതൻ യാചിക്കുന്നു.