തിരുനാളുകൾ!.. ആ വാക്ക് ഏതെല്ലാം സ്മരണകളാണ് എന്നിലുണർത്തിയിരുന്നത്.. എനിക്കവ അത്യന്തം പ്രിയങ്കരമായിരുന്നു. ‘അമ്മ അവയുടെ ആന്തരാർത്ഥം എനിക്ക് വിവരിച്ചു തന്നിരുന്നതിനാൽ തന്നെയായിരുന്നു. വിശുദ്ധ കുർബാനയുടെ പ്രദക്ഷിണങ്ങൾ, സർവ്വോപരി, ഞാൻ ഇഷ്ടപ്പെട്ടിരുന്നു. നല്ല ദൈവത്തിന്റെ പാതയിൽ പൂക്കൾ വിതറുന്ന എത്രയോ ആനന്ദകരം! അവ കൂടുതൽ സമയം അന്തരീക്ഷത്തിൽ നിൽക്കാൻവേണ്ടി, കഴിയുന്നത്ര ഉയരത്തിലേക്ക് ഞാൻ എറിഞ്ഞിരുന്നു. എന്റെ റോസാപ്പൂവല്ലികൾ തിരുഅരുളിക്കയെ തൊട്ടു കാണുന്നത് എനിക്ക് പരമാനന്ദം തന്നെയായിരുന്നു.
തിരുനാളുകൾ! ഹാ! വലിയാതിരുനാളുകൾ കുറവായിരുന്നു. എങ്കിലും എനിക്കേറ്റം പ്രിയങ്കരമായ ഒന്ന് ആഴ്ചതോറും ആവർത്തിക്കപ്പെടുന്നുണ്ട്. ‘ഞായറാഴ്ച!‘ ഹാ! ഞായറാഴ്ച. എത്ര ആനന്ദപൂർണ്ണമായ ദിവസം! നല്ല ദൈവത്തിന്റെ തിരുനാൾ. വിശ്രമത്തിന്റെ തിരുനാൾ, മറ്റു ദിവസങ്ങളെ അപേക്ഷിച്ച്, അന്ന് ഞാൻ കൂടുതൽ സമയം തൊട്ടിലിൽ കിടക്കുമായിരുന്നു. പോരെങ്കിൽ പൗളിനമ്മച്ചി, കുഞ്ഞുമോളുടെ ചോക്കലേറ്റു തൊട്ടിലിൽ കൊണ്ടുപോയി കൊടുത്ത് അവളെ ലാലിഖികയും ചെയ്തിരുന്നു. അനന്തരം, ഒരു കൊച്ചുറാണിയെ എന്നോണം, അവളെ വസ്ത്രം ധരിപ്പിക്കും ‘തലതൊട്ടമ്മ‘ വന്നു താൻ തലതൊട്ടക്കുഞ്ഞിന്റെ ‘മുടിച്ചുരുട്ടുപണിയും‘ തുടങ്ങും [അപ്പച്ചന്റെ ആഗ്രഹപ്രകാരമുള്ള ഒരു ‘സൗന്ദര്യവൽക്കരണം‘]. മുടിചീകിക്കെട്ടുന്നതിനിടയിൽ കുഞ്ഞിന്റെ ഭാവം അതി സൗമ്യമായിരുന്നു. എങ്കിലും ‘പ്രക്രിയ‘ തീരുമ്പോൾ നല്ല സന്തോഷവും തൃപ്തിയുമായിരിക്കും. ഉടനേ, ഓടിച്ചെന്നു ‘രാജാവിന്റെ‘ കയ്യിൽ പിടിക്കും സാധാരണയിലധികം വാത്സല്യത്തോടെ ആ സുദിനത്തിൽ അദ്ദേഹം അവളെ ആശ്ലേഷിക്കും. പിന്നെ കുടുംബം മുഴുവനും ദിവ്യബലിയിൽ സംബന്ധിക്കാൻ പുറപ്പെടും .
വഴിനീളെയും പള്ളിക്കുള്ളിലും ‘അപ്പച്ചന്റെ കൊച്ചുറാണി‘ ആ കയ്യിൽ പിടിച്ചിരിക്കും. അദ്ദേഹത്തിന്റെ അടുത്തായിരുന്നു അവളുടെയും ഇരിപ്പ്.പള്ളിപ്രമാണികളുടെ ഇടയിൽ ആസനസ്ഥനായിരുന്ന എന്റെ അമ്മാച്ചന് ഞങ്ങളുടെ വരവ് വളരെ ആനന്ദകരമായിരുന്നു . തന്റെ ‘ചെറിയ സൂര്യകാന്തി‘യാണ് ഞാനെന്നു അദ്ദേഹം പറയുമായിരുന്നു. മറ്റുള്ളവർ എന്നെ നോക്കുന്നതിനെ ഒട്ടും ഗൗനിക്കാതെ വളരെ ശ്രദ്ധയോടെ ഞാൻ പ്രസംഗം കേട്ടുകൊണ്ടിരുന്നു. കാര്യമായി ഒന്നും എനിക്ക് മനസ്സിലായിരുന്നില്ല. എനിക്കാദ്യം മനസ്സിലായതും എന്നെ അത്യന്തം സ്പർശിച്ചതും പീഡാനുഭവത്തെക്കുറിച്ചു ഫാ ദുസെയിയെ ചെയ്ത ഒരു പ്രസംഗമായിരുന്നു. അതുമുതൽ മറ്റെല്ലാ പ്രസംഗങ്ങളും ഞാൻ ഗ്രഹിച്ചു. ത്രേസ്യാപ്പുണ്ണ്യവതിയെക്കുറിച്ചു പ്രസംഗകൻ സംസാരിക്കുമ്പോൾ അപ്പച്ചൻ എന്റെ അടുക്കലേക്കു ചാഞ്ഞു ‘കൊച്ചുറാണീ, നന്നായി ശ്രദ്ധിക്കു. നിന്റെ സ്വർഗ്ഗീയ മധ്യസ്ഥയെക്കുറിച്ചാണ് അച്ചൻ പറയുന്നത്. അപ്പച്ചന്റെ ആകർഷകമായ മുഖഭാവം എന്തെല്ലാം കാര്യങ്ങളാണ് എന്നെ ഉദ്ബോധിപ്പിക്കുന്നത്. ചിലപ്പോൾ ആ കണ്ണുകളിൽ അശ്രുകണങ്ങൾ നിറയും. അവയെ തടയാനുള്ള പരിശ്രമം നിഷ്ഫലമാകും. ലൗകിക ബന്ധങ്ങളെല്ലാം അവസാനിച്ചു എന്ന് തോന്നുമാറ്, അദ്ദേഹത്തിന്റെ ആത്മാവ് നിത്യസത്യങ്ങളിൽ ആമഗ്നമായിരുന്നു. ആയുഷ്ക്കർമ്മം പൂർത്തിയാകാൻ പിന്നെയും വളരെ കാലതാമസമുണ്ടായിരുന്നു. സുന്ദരമായ സ്വർഗ്ഗം ആകർഷഭരിതമായ ആ കണ്ണുകൾക്കായി തുറക്കപ്പെടുകയും ‘യജമാനൻ‘ ഉത്തമനും വിശ്വസ്തനുമായ തന്റെ ‘ഭൃത്യന്റെ കണ്ണുനീർ തുടച്ചു കളയുകയും ചെയ്യുന്നതിന് മുമ്പായി നീണ്ട വർഷങ്ങൾ പിന്നെയും കടന്നു പോകേണ്ടിയിരുന്നു.