സീറോ മലബാർ സഭയുടെ കുർബാന ഒറ്റനോട്ടത്തിൽ

Fr Joseph Vattakalam
7 Min Read

1. കർത്തൃകൽപന
‘ഇതു നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ എന്ന ദിവ്യനാഥന്റെ കല്പന അനുസ്മരിച്ചുകൊണ്ടാണ് സീറോമലബാർ കുർബാന ആരംഭിക്കുന്നത്.
‘അന്നാപ്പെസഹാത്തിരുനാളിൽ
കർത്താവരുളിയകല്പനപോൽ
തിരുനാമത്തിൽചേർന്നിടാം
ഒരുമയൊടീബലിയർപ്പിക്കാം
ഒരു അനുസ്മരണം, ഒരു പ്രഖ്യാപനം, ഒരു ആഹ്വാനം- ഇങ്ങനെ മൂന്നു കാര്യങ്ങൾ ഈ ആമുഖത്തിൽ ഉണ്ട്. സെഹിയോൻ ഊട്ടുശാലയിൽ ഈശോ അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങളാക്കിപ്പകർത്തിയതിനുശേഷം നൽകിയ കൽപനയാണ് അനുസ്മരിക്കപ്പെടുക. കർത്താവിന്റെ തിരുനാമത്തിലാണു ബലിയർപ്പിക്കപ്പെടുന്നതെന്നതാണു പ്രഖ്യാപനം. ഒരുമയോടെ ബലിയർപ്പിക്കുവാനുള്ള ആഹ്വാനം.

2. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
ഈശോമിശിഹായുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളാണ് വിശുദ്ധ കുർബാനയിൽ ക്രമാനുഗതമായി ആവിഷ്‌ക്കരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. ഈശോയുടെ പിറവി അനുസ്മരിച്ചുകൊണ്ടു വിശുദ്ധ കുർബാന തുടരുന്നു. ”അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും” എന്ന മാലാഖമാരുടെ കീർത്തനം ബേത്‌ലഹേമിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. കർത്താവു പഠിപ്പിച്ച പ്രാർത്ഥനയാണു തുടർന്നു വരുന്നത്. ഇവ രണ്ടും നമ്മിൽ ദൈവസാന്നിദ്ധ്യാവബോധം ഉളവാക്കി പരിശുദ്ധത്രിത്വവുമായി നമ്മെ ഐക്യപ്പെടുത്തുന്നു. തുടർന്നുവരുന്നത് വിവിധ അവസരങ്ങളിൽ മാറിമാറിച്ചൊല്ലാനുളഅള പ്രാർത്ഥനകളാണ്.

3. മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും
ഞായറാഴ്ചകളിലും സാധാരണ തിരുനാളുകളിലും ചൊല്ലുന്ന പ്രാർത്ഥനയിൽ ”മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവ്വം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനു ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ” എന്നു വൈദികൻ പ്രാർത്ഥിക്കുന്നു. ഓരോ പ്രാർത്ഥനയും അനുഷ്ഠിക്കപ്പെടുന്ന ഓരോ സംഭവവും, വൈദികന്റെയാട്ടെ, സഹായിയുടെയാകട്ടെ, ജനത്തിന്റെയാകട്ടെ, നാം ജീവിക്കണം. അങ്ങനെ നാം ദിവ്യബലി ജീവിക്കുന്നവരാകണം, ഒപ്പം ദിവ്യബലിയാകണം.

4. ആരാധിക്കുക, സ്തുതിക്കുക
സങ്കീർത്തനം, ഗദ്യമായാലും പദ്യമായാലും, ബലിയിലെ പ്രാർത്ഥനകളെന്നപോലെ, പരിശുദ്ധത്രിത്വത്തെ ആരാധിക്കുക, സ്തുതിക്കുക, മഹത്ത്വപ്പെടുത്തുക, നന്ദി പറയുക ഇവയ്ക്കുള്ളതാണ്. ദിവ്യബലിയുടെ അടിസ്ഥാന ദൗത്യവും ലക്ഷ്യവും മാർഗ്ഗവും ഇതുതന്നെയാണ്

സാധാരണ ദിവസങ്ങളിൽ സാധാരണ ചൊല്ലാറുള്ള 15-ാം സങ്കീർത്തനം ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട അവശ്യയോഗ്യതകൾ വ്യക്തമാക്കുന്നു. തുടർന്നു റാസയിൽ ചൊല്ലേണ്ട പ്രാർത്ഥനകളും മദ്ബഹാഗീതങ്ങളുമാണ്. പ്രാർത്ഥനകളിൽ കാർമ്മികൻ മർമ്മപ്രധാനമായ ചിലകാര്യങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു. ആദ്യത്തെ പ്രാർത്ഥനയിൽ വൈദികൻ ”മഹോന്നതനായ കർത്താവേ, അങ്ങയുടെ സംപൂജ്യമായ ത്രോണോസിന്റെ സ്തുത്യർഹമായ സിംഹാസനത്തിന്റെയും സ്‌നേഹചൈതന്യം തുളുമ്പുന്ന ഭയഭക്തിജനകമായ പീഠത്തിന്റെയും മുമ്പാകെ അങ്ങയുടെ തെരെഞ്ഞടുക്കപ്പെട്ട ജനമായ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങേക്കു നിരന്തരം സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വര എന്നേക്കും” എന്നും ചൊല്ലുന്നു.

രണ്ടാമത്തെ പ്രാർത്ഥനയിൽ അദ്ദേഹം ഉദ്‌ഘോഷിക്കുന്നു: അങ്ങയുടെ ശുശ്രൂഷകരായ ക്രോവേന്മാർ ഇടവിടാതെ അങ്ങയെ സ്തുതിക്കുകയും സാപ്രേന്മാർ പരിശുദ്ധൻ എന്നു നിരന്തരം ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അവരോടു ചേർന്നു ഞങ്ങളും അങ്ങേക്ക് ഭയഭക്തികളോടെ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.” മൂന്നാമത്തെ പ്രാർത്ഥനയിൽ ഇപ്രകാരമൊക്കെ ചെയ്യുക ഞങ്ങളുടെ പരമപ്രധാനമായ കടമായാണെന്ന് സത്യസന്ധമായി ഏറ്റുപറയുന്നു. തുടർന്നുള്ള ഗാനങ്ങളിൽ

”നാഥനിലെന്നും നമ്മുടെ ഹൃദയം ആനന്ദിച്ചീടും
സ്ലീവാ നമ്മൾക്കെന്നും നന്മകൾതന്നുറവിടമാം…
ശക്തിയെഴും കോട്ടയുമാം ദുഷ്ടനെയുമവൻ
കെണികളെയും അതുവഴി നാം തോൽപ്പിച്ചീടട്ടെ
ശരണം ഞങ്ങൾ തേടീടുന്നു തിരുനാമത്തിൽ
താതനുമതുപോലാത്മജനും ദിവ്യറൂഹായ്ക്കും സ്തുതിയെന്നെന്നും”

എന്നിങ്ങനെ ഗായകസംഘം പാടുന്നു. ‘പാടുന്ന മനുഷ്യൻ ഇരുമടങ്ങു പ്രാർത്ഥിക്കുന്നു’ (സെന്റ് അഗസ്റ്റിൻ)

5. വിശുദ്ധഗ്രന്ഥ പാരായണം
വചനശുശ്രൂഷയുടെ സമയത്ത് വിശുദ്ധ ഗ്രന്ഥത്തിൽ ഈശോയുടെ പരസ്യജീവിതം, അവിടുത്തെ പെസഹാരഹസ്യം, പ്രബോധനം, അത്ഭുതങ്ങൾ, പ്രവചനങ്ങൾ, പഴയനിയമസംഭവങ്ങൾ, പ്രവാചകന്മാരുടെ പ്രബോധനങ്ങൾ തുടങ്ങിയവ നമ്മെ അനുസ്മരിപ്പിക്കുന്നു. അപ്പവും വീഞ്ഞും ഒരുക്കി ബലിപീഠത്തിലേയ്ക്കു പ്രദക്ഷിണമായി കൊണ്ടുവരുമ്പോൾ നാം ഈശോയുടെ കുരിശിന്റെ വഴിയേ അവിടുത്തെ അനുഗമിക്കുകയാണ്. കുരിശിൻ ചുവട്ടിൽ നിന്ന പരിശുദ്ധ അമ്മയേയും യോഹന്നാനെയും പോലെ കുരിശുമരണത്തിനു സംസ്‌കാരത്തിനും സാക്ഷികളാകാൻ പോവുകയാണു നാം.

6. അനാഫൊറാ
വിശുദ്ധ കുർബാനയുടെ കേന്ദ്രഭാഗമായ അനാഫൊറായിൽ ഈശോയുടെ മരണവും ഉത്ഥാനവും ആവർത്തിക്കപ്പെടുന്നു. നാം അവയെ ഓർമ്മിക്കുന്നു. രക്ഷാകരമായ ഈ മരണവും ഉത്ഥാനവും വഴി നമുക്കു ലഭിക്കുന്ന നിത്യജീവനെയാണ് വിഭജന ശുശ്രൂഷ നമ്മെ

ഉദ്‌ബോധിപ്പിക്കുന്നത്. തുടർന്നു നാം ഈശോയുടെ തിരുശ്ശരീരരക്തങ്ങൾ ഉൾക്കൊള്ളുമ്പോൾ, പാപമോചനം പ്രാപിച്ച്, നാം അവിടുത്തോട് ഒന്നായിത്തീരുന്നു. ഒപ്പം നമ്മൾ അവിടുത്തെ ദൃശ്യസഭയിൽ പരസ്പരം ബന്ധിതരും മിശിഹായുടെ മൗതിക ശരാരത്തിലെ അംഗങ്ങളുമാകുന്നു. യുഗാന്ത്യത്തിൽ മഹത്ത്വപൂർണ്ണനായി അവിടുന്നു വീണ്ടും വരുമ്പോൾ യോഗ്യതയോടെ അവിടുത്തെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതും ഈ ദിവ്യരഹസ്യമാണ്.
വിശുദ്ധകുർബാന ഒരു ദിവ്യരഹസ്യമാണ്. സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യമെന്നു വി.കുർബാനയെ വിശേഷിപ്പിക്കുന്ന നിരവധി പ്രാരത്ഥനകൾ നമ്മുടെ കുർബാനയിലുണ്ട്. ഈ രക്ഷാകര രഹസ്യത്തെപ്രതി ദൈവത്തിന് ആരാധനയും കൃതജ്ഞതയും അർപ്പിക്കുന്ന നിമിഷങ്ങളാണ് വിശുദ്ധകുർബാനയുടെ നിമിഷങ്ങൾ. ഇതു യോഗ്യതപൂർവ്വം നിർവ്വഹിക്കാൻ വേണ്ട അനുഗ്രഹത്തിനായി ബലിയുടെ പ്രാരംഭത്തിൽ തന്നെ പുരോഹിതൻ പ്രാർത്ഥിക്കുന്നുണ്ട്.

7. അപ്പം മുറിക്കൽ ശുശ്രൂഷ
ആദിമക്രൈസ്തവരുടെ ജീവിതശൈലിയെക്കുറിച്ച് അപ്പസ്‌തോല പ്രവർത്തനങ്ങളിൽ വി.ലൂക്കാ ഇപ്രകാരം എഴുതിയിരിക്കുന്നു: ”അവർ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ താത്പര്യപൂർവ്വം സദാ പങ്കു ചേരുന്നു” (2:42). അവരുടെ പ്രഥമ ലക്ഷ്യം പ്രാർത്ഥിക്കുകയായിരുന്നു. തദവസരത്തിൽ അവർ മൂന്നു കാര്യങ്ങൾ ചെയ്തിരുന്നു. അപ്പസ്‌തോലന്മാരുടെ പ്രബോധനം അവധാനപൂർവ്വം പഠിച്ചിരുന്നു. ഒരു ആത്മാവും ഒരു മനസ്സും ഒരു ഹൃദയവുമായിരുന്ന ആ സമൂഹം കൂട്ടായ്മയിൽ ഉത്തരോത്തരം വളർന്നുകൊണ്ടിരുന്നു. പ്രസ്തുത സമ്മേളനങ്ങളിൽ ഏറ്റം പ്രധാനപ്പെട്ടത് അപ്പം മുറിക്കൽ ശുശ്രൂഷയായിരുന്നു.
പൗരോഹിത്യപദവിയുള്ള അപ്പസ്‌തോലന്മാർ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷ നിർവ്വഹിച്ചിരുന്നത.് പിന്നീട് അവർ തങ്ങളുടെ കൈവയ്പ്പു വഴി മറ്റു പുരോഹിതരെ നിയമിച്ചു. അപ്പസ്‌തോലന്മാരുടെ കൈവയ്പ്പു വഴി മറ്റു പുരോഹിതരെ നിയമിച്ചു. അപ്പസ്‌തോലന്മാരുടെ പ്രബോധനം, പ്രാർത്ഥന, കൂട്ടായ്മ ഇവ അപ്പം മുറിക്കലിന്റെ ഭാഗങ്ങളായി മാറുകയും ചെയ്തു.

ഇന്നത്തെ നമ്മുടെ കുർബാനയാണ് ആദിമസഭയിൽ ”അപ്പം മുറിക്കൽ” എന്നറിയപ്പെട്ടിരുന്നത്. അന്ത്യത്താഴവേളയിൽ ഈശോ ചെയ്ത കാര്യങ്ങൾ ആവർത്തിച്ചുകൊണ്ട് അവിടുത്തെ സഹനമരണോത്ഥാനങ്ങൾ മൗതികമായി പുനരാവിഷ്‌കരിച്ചിരുന്നതാണ് അപ്പം മുറിയ്ക്കൽ ശുശ്രൂഷയുടെ അന്തഃസത്ത.

8. എമ്മാവൂസ് സംഭവവും വിശുദ്ധ കുർബാനയും
(ലൂക്കാ 24)
രക്ഷയുടെ കേന്ദ്രമായ ജറുസലത്തു നിന്ന് രണ്ടു ശിഷ്യന്മാർ തങ്ങളുടെ സ്വന്തം നഗരമായ എമ്മാവൂസിലേക്കു പോകുന്നു. ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇതാണ്. ഈശോ പഠിപ്പിച്ച ജീവിതാവസ്ഥയിൽ നിന്ന് പഴയ ജീവിതാഹചര്യങ്ങളിലേയ്ക്ക് അവർ മടങ്ങിപ്പോകുന്നു. രക്ഷയുടെ പ്രഭവസ്ഥാനത്തു നിന്നും അവർ അകന്നുപോകുമ്പോൾ മറ്റു ശിഷ്യന്മാരുമായുള്ള കൂട്ടായ്മയിൽ നിന്നുപോലും അവർ അകലുകയാണ്.

ഇവരെ ഉപേക്ഷിക്കാൻ ഈശോയ്ക്കു മനസ്സു വരുന്നില്ല. അപരിചിതനെപ്പോലെ അവരുടെ കൂടെ നടന്ന ഉത്ഥിതനായ മിശിഹാ വിശുദ്ധ ഗ്രന്ഥത്തിന്റെ ആഗോളപശ്ചാത്തലത്തിൽ തന്റെ പെസഹാരഹസ്യത്തിന്റെ അർത്ഥവും ആഴവും അവർക്കു മനസ്സിലാക്കിക്കൊടുക്കുന്നു. ഈശോയുടെ വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ അവരുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്നു എന്നാണ് പിന്നീട് അവർ പറഞ്ഞത് (24:27-32).

9.വഴിത്തിരിവ്
എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാരുടെ ജീവിതത്തിൽ വഴിത്തിരിവിനു കാരണമായത് അപ്പം മുറിക്കലാണ്. ഈശോ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അപ്പമെടുത്ത് ആശീർവ്വദിച്ചു മുറിച്ചു ശിഷ്യന്മാർക്കു നൽകി. അപ്പോൾ അവരുടെ ഉൾക്കണ്ണുകൾ തുറക്കപ്പെട്ടു. അവർ കർത്താവിനെ തിരിച്ചറിഞ്ഞു (24:30-31). അന്ത്യത്താഴവേളയിൽ അപ്പം മുറിക്കലുമായി ബന്ധപ്പെട്ട് ഈശോ ചെയ്ത കാര്യങ്ങൾ തന്നെയാണു എമ്മവൂസിലും അവിടുന്ന് ആവർത്തിച്ചത്.

10. ഉയിർത്തെഴുന്നേറ്റ ഈശോയുടെ സാന്നിദ്ധ്യം
ഉയിർത്തെഴുന്നേറ്റ ഈശോയുടെ സാന്നിദ്ധ്യം ആദിമസഭ അനുഭവിച്ചറിഞ്ഞിരുന്നത് ഇത്തരത്തിലുള്ള അപ്പം മുറിക്കൽ ശുശ്രൂഷകളിലായിരുന്നു. അപ്പം മുറിക്കലിന്റെ സന്ദർഭങ്ങളിൽ ഉത്ഥിതനായ ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിദ്ധ്യം വിശ്വാസികൾ അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് അവർ താത്പര്യപൂർവ്വം ഒരുമിച്ചുകൂടി അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടി വിരുന്നിൽ പങ്കുചേരുകയും ചെയ്തിരുന്നത് (നട.2:4347).

11. ഉത്ഥിതന്റെ സാന്നിദ്ധ്യം വിശുദ്ധർക്ക്
ഉത്ഥാനം ചെയ്ത ഈശോയെ അനുഭവിക്കുന്നതിനുള്ള വേദിയാണു വിശുദ്ധ കുർബാന. കർത്താവിന്റെ ഈ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ അവിടുന്നു നൽകുന്ന ആശ്വാസവും ശാന്തിയും പ്രാപിക്കുക നമുക്ക് എളുപ്പമാകും. നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും രോഗവും വേദനയും പരിശുദ്ധ കുർബാനയിലെ ഈശോയ്ക്കു സമ്പൂർണ്ണമായി സമർപ്പിക്കണം. അവിടുന്നു, നമ്മോടു കൂടെ ആയിരുന്ന്, തക്കസമയത്ത്, ഏവർക്കും ഏറ്റം അനുഗ്രഹപ്രദമായ വിധത്തിൽ, അതു പരിഹരിച്ചുതരും. ഇത് അവിടുത്തെ വാഗ്ദാനമാണ്: ‘ഞാൻ നിന്നോടു കൂടെയുണ്ടായിരിക്കും’ (പുറ. 3:12).

12. ചരിത്രത്തിലെ ഈശോയോടൊപ്പം
വിശുദ്ധ കുർബാനയിൽ ഈശോയുടെ കല്പന അനുസ്മരിച്ചു കഴിഞ്ഞ് അവിടുത്തെ മനുഷ്യാവതാരം മുതലുള്ള സംഭവങ്ങൾ ഒന്നായി അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും നാം അനുസ്മരിക്കുന്നുവെന്നു നാം സൂചിപ്പിച്ചു. ഇതുവഴി ഈശോയുടെ കാലത്തു നാം ജീവിച്ചിരുന്നാലെന്നതുപോലെ അവിടുത്തെ കാണാനും കേൾക്കാനും അവിടുന്നു നൽകുന്ന രക്ഷയും പാപമോചനവും അനുഭവിക്കാനും നമുക്കു സാധിക്കുന്നു.

15. നിത്യരക്ഷയ്ക്കുള്ള ഏകനാമം
കല്പന നലർകിയ ഈശോയുടെ നാമത്തിലാണു നാം ഒരുമിച്ചു ചേരുന്നത്. കാരണം, നമ്മുടെ രക്ഷയ്ക്കുവേണ്ടി നൽകപ്പെട്ടിരിക്കുന്ന ഏക നാമമാണിത്. നാമം വ്യക്തിയെ സൂചിപ്പിക്കുന്നു, ഇവിടെ തിരുനാമം ഈശോയെന്ന വ്യക്തിയെത്തന്നെയാണു സൂചിപ്പിക്കുക. ഒരുമയോടെ വേണം ബലിയർപ്പിക്കാൻ എന്നും കൂടി കാർമ്മികൻ അനുസ്മരിപ്പിക്കുന്നതു ശ്രദ്ധിച്ചല്ലോ. കാരണം, പരസ്പരസ്‌നേഹത്തിൽ കഴിയുന്നവർക്കേ സ്‌നേഹത്തിന്റെ ബലിയർപ്പിക്കാൻ അർഹതയുള്ളൂ. പരസ്പരരമ്യതയിൽ കഴിയുന്നവർക്കു മാത്രമേ ഒരുമ ഉണ്ടാകൂ. അതുകൊണ്ടു ജനം പ്രത്യുത്തരമായി പറയുന്നു: ”അനുരജ്ഞിതരായ്ത്തീർന്നീടാം…” ഈശോയ്ക്കു ഹൃദയത്തിൽ നവ്യസിംഹാസനം ഒരുക്കാനും അവിടുത്തോടുള്ള സ്‌നേഹം കൊണ്ടു നിറഞ്ഞു ബലിയർപ്പിക്കാനും ജനം തീരുമാനമെടുക്കുന്നു.

14. ആത്മശോധനയ്ക്ക് അവസരം
വിശുദ്ധ കുർബാന അർപ്പിക്കാനണയുന്നവർക്ക് ഒരു ആത്മശോധന നടത്താനുള്ള അവസരം കൂടിയാണിത്. പരസ്പരമുള്ള ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് മനസ്സാക്ഷിയെ ശുദ്ധീകരിക്കുന്നതിലാണ് അനുരജ്ഞനത്തിന്റെ അന്തഃസത്ത അടങ്ങിയിരിക്കുന്നത്. വെറുപ്പും വിദ്വേഷവും വൈരാഗ്യവും പകയും മനസ്സിൽ നിന്ന് അകറ്റി സമാധാനത്തിൽ കഴിയുമ്പോൾ, യോഗ്യതയോടെ ബലിയർപ്പിക്കാനും ദിവ്യരഹസ്യങ്ങൾ സ്വീകരിക്കാനും നമുക്കു സാധിക്കുന്നു.

Share This Article
error: Content is protected !!