“ജനതകളുടെ പ്രകാശം” മാതാവിനെക്കുറിച്ചു നിർദേശിക്കുന്ന കാര്യങ്ങളാണ്
(1 ) മറിയത്തെ അറിയുക
(2 ) മറിയത്തെ സ്നേഹിക്കുക
(3 ) മറിയത്തെ അനുകരിക്കുക
(4 ) മാദ്ധ്യസ്ഥ്യം യാചിക്കുക
(5 ) മരിയഭക്തരായിരിക്കുക
ഇവയ്ക്കെല്ലാം ന്യായീകരണങ്ങളുണ്ട് . ദൈവത്തിന്റെ തിരുവിഷ്ടം അനുനിമിഷം നിറവേറ്റിയവളാണ് മറിയം. “ഇതാ, കർത്താവിന്റെ ദാസി; അവിടുത്തെ തിരുവചനംപോലെ എന്നിൽ ഭവിക്കട്ടെ”. എപ്പോഴും ദൈവത്തെ പരിശുദ്ധ അമ്മ പ്രീതിപ്പെടുത്തിയിരുന്നു . അവൾ അമലോത്ഭവയാണ്, നിത്യകന്യകയാണ്, സഹരക്ഷകയാണ്, സ്വർഗ്ഗാരോപിതയാണ്. ദൈവത്തിന് ഏറ്റം പ്രിയപ്പെട്ട വ്യക്തിയാണ് അമ്മ. സ്നേഹപിതാവിന്റെ പുത്രി; ദൈവപുത്രന്റെ ദിവ്യമാതാവ് (ദൈവത്തിന്റെ അമ്മ); സ്നേഹാത്മാവിന്റെ മണവാട്ടി. അമ്മയുടെ സകല യാഗ്യതകളുടെയും അടിസ്ഥാനം ത്രിത്വൈക ദൈവത്തോടുള്ള ഈ അഭേദ്യമായ ബന്ധമാണ്.
മറിയത്തിന്റെ നിത്യമായ സംരക്ഷണമാണ് നിഖിലേശൻ നൽകിയിരുന്നത്, നൽകുന്നത്. ദൈവത്തിന്റെ സംരക്ഷണവലയത്തിൽ സദാ ആയിരുന്നവൾ, ആയിരിക്കുന്നവൾ തന്നെ വിളിച്ച (സൃഷ്ടിച്ചു, രക്ഷിച്ചു, പരിപാലിച്ച, പരിപാലിക്കുന്ന) ദൈവത്തോട് നിഷ്ക്കളങ്കവും പരിപൂർണ്ണവുമായ വിശ്വസ്തത അവളിൽ എപ്പോഴും നിറഞ്ഞു കവിഞ്ഞിരുന്നു. ആ വിശിഷ്ട ജീവിതത്തിൽ കൃപ നഷ്ടപ്പെട്ട, കൃപയ്ക്കു കോട്ടം സംഭവിച്ച, ഒരു നിമിഷംപോലും ഉണ്ടായിരുന്നില്ല. എപ്പോഴും കൂടുതൽ കൂടുതൽ കൃപകൊണ്ട് നിറയാനാണ് ദൈവം നമ്മെയും വിളിച്ചിരിക്കുന്നത്.
“ജപി”ക്കുന്ന രീതി ആദിമസഭയിൽത്തന്നെ ഉണ്ടായിരുന്നു. താപസന്മാർ അത് ഏറ്റെടുത്തു പ്രചാരത്തിൽ കൊണ്ടുവന്നു. എങ്കിലും 1224 കാലഘട്ടത്തിലാണ് മാതാവ് വി. ഡൊമിനിക്കിന് ജപമാല നൽകി, അന്ന് കൊടികുത്തി വാണിരുന്ന അധാർമ്മികതയ്ക്കും അശുദ്ധിക്കും ഇതര മാരകമായ തിന്മകൾക്കും പ്രതിവിധിയായി ജപമാല ഭക്തി വളർത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്നത്തെപ്പോലെതന്നെ അന്നും തിന്മയുടെ കടുത്തിരുണ്ടരാത്രി ശക്തമായി നിലനിന്നിരുന്നു. ലൂർദ്ദിലും ഫാത്തിമായിലും നിരവധി ഇതരസ്ഥലങ്ങളിലും പ്രത്യക്ഷീകരണം നൽകി മാനവരാശിയുടെ രക്ഷയ്ക്ക് അനിവാര്യമായി ജപമാല ഭക്തിയിൽ ഊന്നി നിൽക്കുന്ന മരിയഭക്തിയുടെ അവശ്യാവശ്യകത എന്നും വ്യക്തമാക്കിയിരുന്നു, ഇന്നും അമ്മ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. യഥാർത്ഥ വിശ്വാസമുള്ളവർക്കു ഇത് വേഗം മനസ്സിലാകും. ദൈവിക ഇടപെടലിന്റെ അവശയാവശ്യകതയുള്ള ഇടങ്ങളിലെല്ലാം മാതാവ് പ്രത്യക്ഷപ്പെടുക- ജപമാല ഭക്തിയിൽ, പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ, വളരാൻ ഇന്നും അമ്മ ആഹ്വാനം ചെയ്യുന്നുണ്ട്; ഒപ്പം സഭയും ആഹ്വാനം ചെയ്യുന്നുണ്ട്.
ത്രിത്വൈകദൈവത്തിന് ഏറ്റം പ്രിയപ്പെട്ട പ്രാർത്ഥനയാണ് ജപമാല. സാത്താനെതിരായ അതിശക്തമായ ആയുധമാണിത്. മൂന്നു മാലാഖമാരോടൊപ്പമാണ് മാതാവ് ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ടത് . മൂന്നു മാലാഖമാർ ത്രിത്വൈകദൈവത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് നമുക്ക് വിശ്വസിക്കാം. പാപികളുടെ മനസാന്തരത്തിനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനും ജപമാല പ്രാർത്ഥന ഏറ്റം പ്രയോജനപ്രദമാണ്. പരിശുദ്ധ ത്രിത്വത്തിൽ, ക്രിസ്തുവിൽ, മാറ്റമില്ലാത്ത ദൈവത്തിന്റെ വചനത്തിൽ പൂർണ്ണമായും അധിഷ്ടിതമാണ് ജപമാല ഭക്തി.
നമ്മുടെ കുടുംബങ്ങളെ കുടുംബാംഗങ്ങളെ , വിശിഷ്യാ യുവതീയുവാക്കളെ, ബാലികാബാലന്മാരെ ഒക്കെ വിവിധങ്ങളായ തകർച്ചകളിൽനിന്നും ഏറ്റം ദുഖകരമായ ആത്മനാശത്തിൽനിന്നും രക്ഷിക്കാൻ ജപമാല പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. ജപമാലയെ അവഗണിക്കുകയും അവഹേളിക്കുകയും നിരുത്സാഹപ്പെടുത്തുകയും എല്ലാം ശത്രുതന്ത്രമാണ്. പലരും ഈ സത്യം മനസ്സിലാക്കുന്നില്ലെന്നു തോന്നുന്നു.