പതിമൂന്നാമദ്ധ്യായം
സമയമായി, നസ്രസ്സിലെ ശാന്തസുന്ദരമായ ജീവിതത്തോടും വത്സലമാതാവിനോടും യാത്രപറഞ്ഞു യൂദായിലെ മരുഭൂമിയിലേയ്ക്കു ക്രിസ്തുവിനു പുറപ്പെടാൻ. പക്ഷേ, അതിനുമുമ്പ് യഹൂദാചാരമനുസരിച്ചുള്ള മാമ്മോദീസാ മുങ്ങാൻ കൂടി അവിടുന്നു തിരുമനസ്സാവുന്നു. അങ്ങനെ സകല ‘നീതിയും പൂർത്തിയാക്കി’ തന്റെ മനുഷ്യസ്വഭാവം സംസ്ഥാപിക്കയാണവിടുന്ന്. തന്റെ മുന്നോടിയായ യോഹന്നാൻ ജനങ്ങൾക്കു സ്‌നാപനം നല്കിയിരുന്നതു യോർദ്ദാന്റെ തീരത്താണ്. ഭഗവാനും അങ്ങോട്ടുതന്നെ പോയി. വരും വഴിതന്നെ യോഹന്നാൻ ക്രിസ്തുവിനെ കാണുന്നു. അയാളുടെ ഓജസുറ്റ കണ്ണുകൾ രക്ഷകനെ തിരിച്ചറിയുന്നു. വിശ്വസ്തതയുടേയും സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റേയും വികാരങ്ങൾ വിദ്യുന്മാലപോലെ സ്‌നാപകന്റെ ഹൃദയസിരകളിലൂടെ പ്രവഹിച്ചു. ആ പ്രഫുല്ല വികാരങ്ങൾ വാഗ്‌രൂപം കൈക്കൊണ്ടു ബഹിർഗമിക്കയായി. പ്രവചനങ്ങൾക്കെല്ലാം മകുടം ചാർത്തുന്ന വാക്കുകൾ. ‘ഇതാ, ലോകത്തിന്റെ പാപം പേറുന്ന ദൈവത്തിന്റെ കുഞ്ഞാട്, എന്റെ പിന്നാലെ ഒരുവൻ വരുന്നു; എന്നാൽ അവനെന്നെക്കാൾ മുമ്പുള്ളവനാകകൊണ്ട് എന്റെ അധിനാഥനാണെന്ന് ആരെക്കുറിച്ചു ഞാൻ പ്രസ്താവിച്ചുവോ, അവനെക്കണ്ടാലും….. അവൻ ഇസ്രായേലിലറിയപ്പെടേണ്ടതിനായി ജലംകൊണ്ടു ജ്ഞാനസ്‌നാനം നല്കാൻ ഞാൻ വന്നിരിക്കുന്നു’. (യോഹ 1. 2831)
ശാന്തനായി ഈശോ മാമ്മോദീസാ ആവശ്യപ്പെടുന്നു! നിത്യതയും അനിത്യതയും രമിക്കുന്നു! കഴിവും കഴിവുകേടും കൂട്ടിമുട്ടുന്നു! ഈശ്വരൻ തന്റെ കരവേലയായ മനുഷ്യന്റെ മുമ്പിൽ പവിത്രീകരിക്കപ്പെടാൻ നില്ക്കുന്നു! യോഹന്നാൻ ഒന്നു ഞെട്ടി. എന്ത്, രാജാധിരാജൻ നിസ്സാരനായ തന്നോട്, അവിടുത്തെ കരവേലയായ തന്നോട് വിശുദ്ധീകരണം ആവശ്യപ്പെടുകയോ? അയാളുടെ അമ്പരപ്പ് വാഗ്‌രൂപം പ്രാപിക്കുന്നു. വിഭോ, ഞാൻ അങ്ങിൽനിന്നാണു സ്‌നാപനം സ്വീകരിക്കേണ്ടത്. അങ്ങ് എന്നിൽ നിന്നിതാവശ്യപ്പെടുന്നുവോ?
ക്രിസ്തുനാഥൻ സൗമ്യനായി അരുളിച്ചെയ്തു.
‘നന്നേവമെന്നെത്തടയാൽ തുടങ്ങൊലാ
ഇന്നേവരെചെയ്ത് പടിക്കു നീതി ഞാ-
നെന്നേരവും മേന്മയോടാദരിക്കണം’.
സത്യദൈവമായ ക്രിസ്തു യഥാർത്ഥ മനുഷ്യപുത്രനുമാണ്. ഈ ചിന്ത നമ്മുടേയും വിഭ്രാന്തി ഉപശമിപ്പിക്കയുള്ളു.
യോഹന്നാനു തെല്ലൊരു സമാധാനം ലഭിച്ചു. കുറെയൊക്കെ ധൈര്യവും കിട്ടി. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ വിശുദ്ധീകരിച്ച വിശ്വനാഥനു യോഹന്നാൻ മാമ്മോദീസാ നല്കി. സ്വർഗ്ഗം തുറക്കപ്പെട്ടു. ആരാധ്യമായ പരിശുദ്ധതമത്രീത്വം ജോർഡാൻ പ്രാന്തങ്ങളിൽ! പിതാവു സംസാരിക്കുന്നു.
വാനത്തിൽ നിന്നസ്സമയത്തി’ലീ നമു-
ക്കാനന്ദമേറും പ്രിയപുത്രനാണിയാൾ’
മനുഷ്യനായവതരിച്ച പുത്രൻ നദീതീരത്തുണ്ട്. പരിശുദ്ധാത്മാവു പ്രാവുപോലെ പുത്രന്റെമേൽ ഇറങ്ങുന്നു.
സ്‌നാപകയോഹന്നാൻതന്നെ ഈ സത്യത്തിനു സാക്ഷ്യംവഹിക്കുന്നതു കേൾക്കൂ. ‘പരിശുദ്ധാത്മാവു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നിറങ്ങുന്നതും മിശിഹായുടെ (അവന്റെ) മേൽ ആവസിക്കുന്നതും ഞാൻ കണ്ടു. ക്രിസ്തുവിനെ ഞാനറിഞ്ഞിരുന്നില്ല. എങ്കിലും ജലംകൊണ്ടു ജ്ഞാനസ്‌നാനം നല്കാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞു. ആത്മാവിറങ്ങി ആരുടെമേൽ ആവസിക്കുന്നതു നീ കാണുമോ അവനാണ് പരിശുദ്ധാത്മാവിനാൽ സ്‌നാപനം നല്കുന്നവൻ’ (യോഹ.2,38) എന്ന്.
മിശിഹായുടെ മനുഷ്യസ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു സംഗതിയാണ് അവിടുന്നു പിശാചിന്റെ പരീക്ഷയ്ക്കു വിധേയനായിയെന്ന ചരിത്രവസ്തുത. ഉഗ്രമായൊരു തപസ്സിന് അരണ്യമദ്ധ്യേ ആഗതനായ മനുഷ്യപുത്രന്റെ ശക്തിയളക്കാൻ അന്ധകാരത്തിന്റെ പ്രവാചകൻ തുനിയുന്നു. നാല്പതു ദിനരാത്രങ്ങൾ നിരാഹാരനായി കഴിച്ചുകൂട്ടിയ അവിടുത്തേയ്ക്കു പൊരിയുന്ന വിശപ്പനുഭവപ്പെടുന്നു. ഇതുതന്നെ അവിടുത്തെ ദുർബലനിമിഷം, പ്രലോഭകന്റെ നോട്ടത്തിൽ ഇരുമ്പു പഴുത്തിരിക്കുമ്പോൾ വേണം ആഞ്ഞടിക്കാൻ. അവന്റെ വാക്കുകൾ അളന്നു തൂക്കിയുള്ളവയാണ്. വിശന്നു വിവശനായ ക്രിസ്തുവിനെ സമീപിച്ച് അവൻ പറയുന്നു: ‘നീ ഈശ്വരസുതനെങ്കിൽ ഈ ശിലകൾ അപ്പമാകാൻ കല്പിക്കൂ’. മിശിഹായുടെ മനുഷ്യപ്രകൃതിയെ ഉപരിസ്ഥാപിച്ച് രക്ഷകന്റെ പരിപാടിയെ കീഴ്‌മേലാക്കാനാണു പിശാചു പരിശ്രമിച്ചത്, ചില ഹ്യൂമനിസ്റ്റു പ്രവർത്തകരെപ്പോലെ. ദിവ്യനാഥൻ പ്രസ്തുത പ്രലോഭനത്തിനു വഴിപ്പെട്ടുവെന്ന് ഒരു നിമിഷത്തേയ്ക്കു ചിന്തിക്കൂ. അപ്പോൾ അവിടുത്തെ ആദ്യത്ഭുതം പിശാചിന്റെ പ്രേരണയാലാണു നടക്കുക. പിതാവായ ഈശ്വരൻ ഇച്ഛിക്കുന്ന സമയത്തിനു മുമ്പായിരിക്കുമല്ലോ അത്. അതും മിശിഹായുടെ മാനുഷിക താത്പര്യത്തിനുവേണ്ടി. പഠിച്ച കള്ളൻതന്നെ പിശാച്, അല്ലേ? കേട്ടോളു പ്രശാന്തഗംഭീരമായ ആ പ്രത്യുത്തരം:
‘കേവലം പൂർവ്വംകൊണ്ടുമാത്രമല്ലഖിലേശ-
സദ്വാക്യംകൊണ്ടുമല്ലീ ജീവിക്കേണ്ടതു നരൻ’.
(ലൂക്കാ 4:4)
നരൻ എന്ന പദമുപയോഗിച്ചു ക്രിസ്തുതന്നെ തന്റെ മനുഷ്യസ്വഭാവത്തിനു സാക്ഷ്യം വഹിക്കുകയാണ്.
സാത്താൻ പരാജിതനായി. എങ്കിലും തോൽവി സമ്മതിക്കുന്ന സ്വഭാവമല്ലല്ലോ അവന്റേത്. മറ്റൊരു തന്ത്രംകൂടി പ്രയോഗിച്ചു നോക്കുകയാണവൻ. സർവ്വശക്തനൊരു നിർദ്ദേശം? അങ്ങതു സ്വീകരിക്കുകയാണെങ്കിൽ അതഹംഭാവത്തിന്റെ പ്രകടനവും അന്നത്തെ യഹൂദർക്കു രക്ഷകനെക്കുറിച്ചുള്ള മിഥ്യാധാരണകളുടെ ഒരംഗീകാരവുമായിരിക്കുമെന്ന് അവനുറപ്പുണ്ട്. ‘അനന്തരം പിശാച് ഈശോയെ വിശുദ്ധ നഗരത്തിലേയ്ക്കു വിളിച്ചുകൊണ്ടു പോയി ദേവാലയത്തിന്റെ അഗ്രത്തിലാണവൻ അഖിലേശസുതനു സിംഹാസനം ഒരുക്കിയത്. അത്രയും നല്ലത്. പക്ഷേ, പിന്നത്തെ പണി പമ്പരവിഡ്ഢിത്തമെന്നല്ലാതെ എന്തു പറയാം? കല്പനാകർത്താനവിനു കല്പന കൊടുക്കുന്നവൻ: നീ ദൈവസുതനെങ്കിൽ ചാടു താഴേക്ക്. അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരരോടു കല്പിച്ചെന്നും നിന്റെ പാദം കല്ലിന്മേൽ ഉതയ്ക്കാതിരിക്കൻ അവർ തങ്ങളുടെ കരങ്ങളിൽ നിന്നെ താങ്ങുമെന്നും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു’ (ലൂക്കാ 10:11)
ഇസ്രായേലിന്റെ ഹൃദയമായിരുന്നു ജറുസലേം ദേവാലയം. അതു യവേയുടെ ഭവനവും ബലിയുടെ സ്ഥലവുമാണ്. അനേകമനേകം ആളുകൾ വന്നുപോയുമിരിക്കുന്ന ആ ദേവാലയാങ്കണത്തിൽ ക്രിസ്തു വായുവിലൂടെ സുരക്ഷിതനായി ഇറങ്ങി വരുന്നെങ്കിൽ അതു യഹൂദരുടെ തണുത്ത വിശ്വാസം തട്ടിയുണർത്താനുതകും. അത്ഭുതങ്ങളും അടവുകളും വഴി തങ്ങളെ രക്ഷിക്കാനിരിക്കുന്ന ഒരു നേതാവിന്റെ ചിത്രമാണല്ലോ അവരുടെ മനസ്സിൽ പതിഞ്ഞിരുന്നത്. വിശുദ്ധ ലിഖിതങ്ങൾ തന്നെയാണു വിദ്വാൻ ഉദ്ധരിക്കുക. ആധുനികയുഗത്തിൽ പടച്ചുവിടുന്ന അബദ്ധ സിദ്ധാന്തങ്ങൾക്കൊക്കെ പരിപാവനമായ ബൈബിളിൽ ആധാരം കാണാൻ അക്ഷീണം പരിശ്രമിക്കുന്ന ചില ആധുനികന്മാരെ ഇവിടെ ഓർമ്മിച്ചു പോവുകയാണ്.
വിശപ്പിൽ നിന്നു രക്ഷനേടുന്നതിന് അത്ഭുതം പ്രവർത്തിക്കാൻ ക്രിസ്തു വിസമ്മതിച്ചു, പ്രഥമപരീക്ഷയെ ചെറുത്തുകൊണ്ട്. സ്വരക്ഷയ്ക്ക് ഒരത്ഭുതം ആവശ്യമാവുന്ന പരിതഃസ്ഥിതികളിൽ സ്വയം അകപ്പെടുന്നതിൽനിന്നകന്നു മാറുന്നു രണ്ടാമത്തേതിൽ. ക്രിസ്തു കുരിശിനോടു യാത്ര പറയണമെന്നു ശഠിക്കുന്നവരുടെ പ്രതീകമാണു സാത്താനിവിടെ. തന്റെമേൽ ആധിപത്യത്തിനു തക്കംനോക്കി നില്ക്കുന്ന സാത്താനോടു പച്ചയ്ക്കവിടുന്നു പറഞ്ഞു. വേണ്ട നീ നിൻ നാഥനാം ദൈവത്തെ പരീക്ഷിക്കവേണ്ടയെന്നും എഴുതപ്പെട്ടിരിക്കുന്നു.
രണ്ടാംവാരവും പരമദയനീയമായ പരാജയം! എന്നിട്ടും മടുക്കുന്നോ സാത്താൻ? അവന്റെ ആവനാഴിയിൽ വലിയൊരായുധം കൂടെയുണ്ട്. അതുകൂടെ പ്രയോഗിക്കും. പറ്റിയെങ്കിൽ പറ്റി. പിന്നീടു സാത്താൻ മാനംമുട്ടെ നിന്ന ഒരു പർവ്വതത്തിലേക്കു ക്രിസ്തുവിനെ കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സർവ്വരാജ്യങ്ങളും അവയുടെ മഹിമയും കാണിച്ചു. വ്യവസ്ഥാപിതമാണ് ഇത്തവണത്തെ അടവ്. ‘സാഷ്ടാംഗംവീണ് എന്നെ ആരാധിക്കുമെങ്കിൽ ഇവയെല്ലാം തരാം’.
സാത്താന്റെ തനിനിറം! അവന്റെ സർവ്വാധിപത്യത്തെ സമാദരിക്കയാണെങ്കിൽ അവൻ ദൈവസുതനെ വിശ്വത്തിന്റെ അധിപതിയായി സിംഹാസനാരൂഢനാക്കും പോലും! ഈശ്വരസുതൻ രക്ഷകനാകുക ശപിക്കപ്പെട്ടവന്റെ ദയമൂലമോ? തന്റെ പരമപിതാവിന്റെ ഇഷ്ടത്തിനു പകരം പിശാചിന്റെ ഇഷ്ടം അവിടുന്ന് അനുവർത്തിക്കുകയോ? സ്വർഗ്ഗരാജ്യത്തിനു പകരം നരകരാജ്യം സ്ഥാപിക്കുകയോ? ഇത്തരം ഔദാര്യനിധികൾ ഇന്നും ധാരാളമുണ്ട്. അവർ മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യും. ഉന്നതസ്ഥാനങ്ങൾതന്നെ നേടിക്കൊടുക്കും. ഒന്നുമാത്രം, സഹായം സ്വീകരിക്കുന്നവർ സ്വന്തം വ്യക്തിത്വം ബലികഴിച്ചു ‘ഔദാര്യനിധിയെ’ സാർവ്വഭൗമനാക്കി സദാ സ്തുതിഗീതങ്ങൾ ആലപിച്ചുകൊണ്ടിരിക്കണം.
കാലിത്തൊഴുത്തിന്റെയും പുൽത്തൊട്ടിയുടെയും ദാരിദ്ര്യവും മരിയാംബയുടെ മുഖകമലത്തിലെ മഹിമയും പരിശുദ്ധിയും ജോലിചെയ്തു തളർന്ന ജോസഫിന്റെ കരങ്ങളുടെ സത്യസന്ധതയും സ്‌നാപകയോഹന്നാന്റെ ഹൃദയത്തിലെ വിശിഷ്ടമായ എളിമയും ആസ്വദിച്ചാനന്ദിച്ച മനുഷ്യപുത്രന്റെ കണ്ണുകളെ മയക്കാൻ പിശാചിന്റെ കുതന്ത്രങ്ങളൊന്നും പര്യാപ്തമല്ലതന്നെ. മുൾക്കിരീടത്തിന്റേയും കുരിശിന്റേയും മഹിമാതിരേകം മുമ്പിൽ കാണുന്ന മിശിഹായെ പ്രലോഭിപ്പിക്കാൻ സാത്താൻ കാണിച്ച ലോകമഹിമയ്ക്കു കരുത്തില്ല.
‘പോവുക പിന്തിരിഞ്ഞു, താവകനാഥനാകും
ദൈവത്തിന്റെ പദമന്യേ വന്ദ്യമായ് മറ്റെന്തുള്ളൂ?’
നമ്രമൗലിയായ സാത്താൻ:
‘ഈടേറുമീശാജ്ഞവശാലൊടുക്കമാ-
ക്കേടേകിടും പാപി വിറച്ചുപറഞ്ഞുപോയ്;
പാടേ തദാ വാനവരാഗമിച്ചു മു-
ത്തോടേ ഭജിച്ചാരഖിലേശ പുത്രനെ’
(കട്ടക്കയം)
നരകം നിതരാം പരാജയപ്പെട്ടു. സ്വർഗ്ഗം വിജയിച്ചു. സാധാരണ മനുഷ്യരെപ്പോലെ മനുഷ്യനായിരുന്ന ക്രിസ്തുവിനു മനുഷ്യത്വത്തിനുപരി ദൈവത്വവും ഉണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ വിജയിക്കാൻ കഴിഞ്ഞത്.
നമുക്കും പ്രലോഭനങ്ങളുണ്ടാകാറുണ്ട്. ഇവയിൽ നിന്നു രക്ഷപെടാൻ നമ്മുടെ സ്വന്തം പരിശ്രമം മാത്രം പോരാ. ഉന്നതത്തിൽ നിന്നു ശക്തി ലഭിക്കണം. മനുഷ്യപുത്രൻ പിശാചിനെ പരാജയപ്പെടുത്തിയതു തന്റെ ദൈവശക്തികൂടെ ഉപയോഗിച്ചാണ്. ആ ശക്തി, ആ ജീവൻ, അവിടുന്നു നമുക്കും പകർന്നു തന്നിട്ടുണ്ട്. അതുപയോഗിച്ചു പരീക്ഷയിൽ പൂകാതെ നമുക്കും രക്ഷപെടാം. ദാനമായി ലഭിച്ച ദൈവികജീവൻ കളഞ്ഞു കുളിക്കാതിരിക്കാൻ ശ്രദ്ധിക്കുക.