1950 നവംബര് ഒന്നിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ മൂനിഫിചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു: ‘കന്യകാമറിയതിനു പ്രത്യേക വരങ്ങൾ നൽകി അനുഗ്രഹിച്ചപ്പോൾ സർവശക്തനായ ദൈവത്തിന്റെ സ്തുതിക്കും മരണത്തിന്റെയും പാപത്തിന്റെയും ജേതാവും നിത്യരാജാവുമായ അങ്ങേ പുത്രന്റെ ബഹുമാനത്തിനും മഹത്വമേറിയ അവിടുത്തെ അമ്മയുടെ മഹത്വത്തിനും അഖിലസഭയുടെ ആനന്ദത്തിനും സന്തോഷത്തിനുമായി നമ്മുടെ കർത്താവീശോമിശിയാഹുടെയും ഭാഗ്യപ്പെട്ട ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും നമ്മുടെയും അധികാരത്തോടെ നാം പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയുന്നു. എപ്പോഴും കന്യകയും അമലോത്ഭവയുമായ ദൈവമാതാവ് ഭൗതിക ജീവിതാനന്തരം ശരീരത്തിന്റെയും ആത്മാവിന്റെയും മഹത്വത്തിലേക്കു എടുക്കപ്പെട്ടുവെന്നത് ആവിഷ്കൃതമായ ഒരു സത്യമാകുന്നുവെന്നു.’
ഈ നിർവചനത്തിൽ മറിയം മരിച്ചുവെന്ന് പറയുന്നില്ല. എന്നാൽ സാധാരണയായി കരുതുന്നത് വി. ജോൺ ഡമസീൻ സാക്ഷ്യപെടുത്തിയിട്ടുള്ളതുപോലെ മറിയം സമാധാനത്തിൽ മരിച്ചുവെന്നും മൂന്നാം ദിവസം ശരീരവും ആത്മാവും സ്വർഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും, മരണസമയത്തു തോമാശ്ലീഹാ ഒഴികെയുള്ള എല്ലാ അപ്പസ്തോലന്മാരും ദൈവമാതാവിന്റെ മുറിയിലുണ്ടായിരുന്നുവെന്നും തോമാശ്ളീഹാ എത്തിയശേഷം കുഴിമാടം തിരക്കിയപ്പോൾ അത് ഒഴിഞ്ഞുകിടന്നിരുന്നുവെന്നും പറയപ്പെടുന്നു. പൗരസ്ത്യ സഭയിലും പാശ്ചാത്യ സഭയിലും അഞ്ചാം ശദാബ്ദമോ ആറാം ശദാബ്ദമോ മുതൽ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷമായി കൊണ്ടാടിയിരുന്നു. പതിമൂനാം ശതാബ്ദത്തിൽ ജപമാല ചൊല്ലിത്തുടങ്ങിയപ്പോൾ ദൈവമാതാവിന്റെ സ്വര്ഗാരോപണത്തെപ്പറ്റിയും ധ്യാനിച്ച് തുടങ്ങി. 451 ൽ കൽക്കദോന്യ സുന്നഹദോസിൽ ജറുസലേമിലെ വി. ജുവനെൽ സ്വർഗ്ഗാരോപണത്തെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. പല രാജ്യങ്ങളിലും പണ്ടുമുതല്ക്കുതന്നെ ഈ തിരുനാൾ കടമുള്ള ദിവസമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനവും സ്വർഗ്ഗാരോപണത്തിരുനാളും യോജിച്ചുവന്നതുകൊണ്ടു ഈ തിരുനാൾ ആഘോഷിക്കാനും ഭാരതമാതാവിനുവേണ്ടി മാതാവിനോട് പ്രാർത്ഥിക്കാനും സൗകര്യം സിദ്ധിച്ചിരിക്കുന്നു.