ജറുസലേമിൽ നിന്ന് മുന്ന് കിലോമീറ്റർ ദൂരെ ബഥനി എന്ന ഗ്രാമത്തിലാണ് മാർത്ത തന്റെ സഹോദരൻ ലസാറിന്റയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മർത്തയാണ് ഇവർ മുന്നുപേരിലും മുത്തതെന്നു പറയപ്പെടുന്നു. ഈശോ ലാസറിനെ സന്ദർശിച്ച ഒരു സന്ദർഭം വി. ലൂക്ക വിവരിച്ചിട്ടുണ്ട് (10:39-42). മാർത്ത ഈശോയെ സ്വീകരിച്ചു സൽക്കരിക്കുന്നതിൽ സർവഥാ വ്യാപൃതയായിരുന്നു; മറിയം അവിടുത്തെ പാദാന്തികത്തിലിരുന്നു അവിടുത്തെ വചനങ്ങൾ ശ്രവിച്ചുകൊണ്ടിരുന്നു. മാർത്ത ഈശോയുടെ അടുത്തുചെന്നു ഉണർത്തിച്ചു: കർത്താവെ, പരിചരണത്തിനായി എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നതിനെപ്പറ്റി അങ്ങേയ്ക്കു ഒരു ചിന്തയുമില്ലേ? എന്നെ സഹായിക്കാൻ അവളോട് കല്പിച്ചാലും.’ കർത്താവു ഉത്തരമരുളി: ‘മാർത്താ, മാർത്താ, നീ പല കാര്യങ്ങളെപ്പറ്റി ഉൽക്കണ്ഠകുലയായിരിക്കുന്നു. എന്നാൽ ആവശ്യകാര്യം ഒന്ന് മാത്രമേയുള്ളു. മറിയം ആ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്നു നീക്കം ചെയ്യപ്പെടുകയില്ല.’
ലാസറിന്റെ ഉയർപ്പിൽ മാർത്ത തന്റെ ഭാഗം വഹിച്ചിട്ടുണ്ട്. ഈശോ വരുന്നെന്നു കേട്ടപ്പോൾ മാർത്ത അവിടുത്തെ സ്വീകരിക്കാനായി ചെന്നു. എന്നാൽ മറിയം വീട്ടിൽ ഇരുന്നതേയുള്ളു. മാർത്ത ഈശോയോടു ആവലാതിപെട്ടു: ‘കർത്താവേ അങ്ങ് എവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങ് ചോദിക്കുന്നതെന്തും ദൈവം നൽകുമെന്ന് ഇപ്പോഴുമെനിക്കറിയാം.’ ഈശോ അരുളിച്ചെയ്തു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും.’ അപ്പോൾ മാർത്ത അവിടുത്തോടു പറഞ്ഞു: അന്തിമനാളിൽ പുനരുദ്ധാന ഘട്ടത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്നു എനിക്കറിയാം’ (യോഹ. 11:20-24). ഈശോ ലാസറിനെ ഉയിർപ്പിച്ചു തൻ ജീവനും പുനരുദ്ധനവുമാണെന്നു അവിടുന്ന് വാക്കലും പ്രവർത്തിയിലും വിശദമാക്കി.
പലെസ്തീനിയയിൽ ക്രിസ്തുമത മർദ്ദനം തുടങ്ങിയപ്പോൾ ലാസറിന്റെ കുടുംബാംഗങ്ങളും മറ്റു ചിലരും ഒരു നൗകയിൽ പ്രൊവിൻസിലേക്കു പുറപ്പെട്ടു. ലാസറിന്റെ ശവകുടീരം മാർസയിലും മർത്തയുടേത് അവിഞ്ഞോണിലും മറിയുടേത് സെൻറ് ബോമിലും കാണുന്നു.
വിചിന്തനം: മർത്താ സേവനപരമായ പ്രേഷിത വേലയുടെയും മേരി ധ്യാനാത്മക ജീവിതത്തിന്റെയും പ്രതീകമാണ്. ഈശോ രണ്ടുപേരെയും സ്നേഹിച്ചിരുന്നു.മേരി കൂടുതൽ നല്ല ഭാഗം തിരഞ്ഞെടുത്തു എന്ന് ഈശോ തന്നെ മർത്തയോട് പറയുകയുണ്ടായിട്ടുണ്ട്.