നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന് ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന് സംവഹിക്കപ്പെടുകയും ചെയ്തു.
1 തിമോത്തേയോസ് 3 : 16
ഈ തിരുവാക്യത്തിൽ പൗലോസ് സമ്യക്കായി അവതരിപ്പിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാം ആളായ പുത്രൻ തമ്പുരാനാണ് ശരീരത്തിൽ പ്രത്യക്ഷപ്പെട്ടവൻ. ഇത് ഏദൻ തോട്ടത്തിൽ വച്ച് നൽകപ്പെട്ട പിതാവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ്.
” നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും’. ഈ വാഗ്ദാനം നിറവേറ്റാൻ പിതാവ് അമലോൽഭവമായ ഒരു സ്ത്രീയ്ക്കു ജന്മം നൽകണമായിരുന്നു. അതിന് അവിടുന്ന് തെരഞ്ഞെടുത്തത് നസ്രത്തിലെ ഒരു കന്യകയെയായിരുന്നു. അപ്രകാരം ഒരു ജന്മം നൽകാൻ അവിടുന്ന് തന്റെ തിരുസുതൻ, പെസഹാ രഹസ്യത്തിലൂടെ മാനവരാശിയെ മുഴുവൻ രക്ഷിക്കുമെന്ന് വസ്തുത കണക്കിലെടുത്ത് ആ യോഗ്യത പരിശുദ്ധ കന്യാമറിയത്തിന് കാലേ കൂട്ടി നൽകി. അവളെ അവിടുന്ന് ജന്മപാപം ഇല്ലാത്തവളായി, അമല മനോഹരിയായി സൃഷ്ടിച്ചു.
കാല സമ്പൂർണ്ണതയിൽ ഗബ്രിയേൽ മാലാഖയെ കന്യാമറിയത്തിന്റെ അടുത്തേക്ക് അയച്ചു മനുഷ്യാവതാര രഹസ്യം അവൾക്ക് വെളിപ്പെടുത്തി കൊടുത്തു.ആറാംമാസം ഗബ്രിയേല്‍ ദൂതന് ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,
ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
ദൂതന് അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
ഈ വചനം കേട്ട് അവള് വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള് ചിന്തിച്ചു.
ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
അവന് വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
യാക്കോ ബിന്റെ ഭവനത്തിന്മേല് അവന് എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും.
ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
ദൈവത്തിന് ഒന്നും അസാധ്യമല്ല.
മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
ലൂക്കാ 1 : 26-38
രക്ഷാകര ദൗത്യം മുഴുവൻ പൂർണ്ണമായി വെളിപ്പെടുത്തി കിട്ടിയതിനാലാണ് പൗലോസിനെ ചുരുങ്ങിയ വാക്കുകളിൽ ക്രിസ്തു മാർഗ്ഗത്തിന്റെ (നമ്മുടെ മതത്തിന്റെ രഹസ്യം) രഹസ്യം സർവ്വ ശ്രേഷ്ഠമാണെന്ന് തീമോത്തിയോട് പ്രഖ്യാപിക്കാൻ കഴിഞ്ഞത്. ഈ രഹസ്യത്തിന്റെ സവിശേഷതകൾ അദ്ദേഹം അക്കമിട്ടു രേഖപ്പെടുത്തുന്നു.
1. ദൈവപുത്രൻ “ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു “.
2) അവിടുന്ന് ആത്മാവിൽ നീതികരിക്കപ്പെട്ടു.
3) ദൂതന്മാർക്ക് ദൃശ്യനായി.
4) ജനപദങ്ങളുടെ ഇടയിൽ പ്രഘോഷിക്കപ്പെട്ടു.
5)ലോകം അവിടുന്നിൽ വിശ്വസിച്ചു.
6) മഹത്വത്തിലേക്ക് അവിടുന്ന് ആരോഹണം ചെയ്തു.
ഈ രഹസ്യം നമ്മുടെ കുഞ്ഞുങ്ങൾക്ക് ക്രമാനുഗതമായി വെളിപ്പെടുത്തിക്കൊടുത്ത്, ഈശോയോടുള്ള സ്നേഹത്തിൽ വളരാൻ,ആ സ്നേഹത്തെ പ്രതി ജീവൻ ബലികഴിക്കാൻ പോലും( രക്തസാക്ഷിത്വം ), ബന്ധപ്പെട്ടവരെല്ലാം, നമ്മുടെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. ഈശോയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് പൂജിക്കുവാൻ അവരെ തയ്യാറാക്കണം. ഈ അനുഭവങ്ങളിൽ നിന്നൊക്കെ പറിച്ചു മാറ്റാനാണ് അന്ധകാര ശക്തികൾ കോപ്പുകുട്ടുക.