ശൂന്യമായ കല്ലറ

Fr Joseph Vattakalam
3 Min Read

ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ ഈശോയുടെ പുനരുത്ഥനമാണെന്ന് നാം കണ്ടു. ഉത്ഥാന വിവരണങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ശൂന്യമായ കല്ലറയുടെ വിവരണം.. (മത്താ 28:1-10; മാർക്കൊ16:1-8;ലൂക്ക 24:1-12;യോഹ.20:1-10).

മിശിഹായുടെ ഉത്ഥാനത്തിന്റെ വ്യക്തമായ ‘അടയാള’മാണ് ശൂന്യമായ കല്ലറ. കാരണം മരണമില്ലാതെ ഉത്ഥാനമില്ല എന്നതുതന്നെ.ഒരുവന്റെ മരണം സ്ഥിരീകരിക്കപ്പെടുന്നത് മൃത സംസ്കാരത്തിലൂടെയാണ് . മരണസ്ഥിരീകരിക്കപ്പെട്ടെങ്കിലെ അയാളുടെ ഉത്ഥാനം സ്ഥിരീകരിക്കപ്പെടുകയുള്ളൂ. എല്ലാ സുവിശേഷകനും സാക്ഷ്യപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ് ഈശോയുടെ ശൂന്യമായ കല്ലറ.

മർക്കോസ് പറയുന്നു :”എന്നാൽ അവർ (മഗ്ദലനയും കൂട്ടരും) നോക്കിയപ്പോൾ ആ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നു”(മാർക്കോ 16:4). ” അവൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു. അവൻ ഇവിടെയില്ല. നോക്കൂ,അവർ അവനെ സംസ്കരിച്ച സ്ഥലം ‘എന്ന ദൂതവാക്യവും മർക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട് (16 :6 )” അവർ അകത്തു കടന്നു നോക്കിയപ്പോൾ കർത്താവായ ഈശോയുടെ ശരീരം കണ്ടില്ല ” എന്ന് ലൂക്കായും രേഖപ്പെടുത്തുന്നു (ലൂക്ക.24:3). ഈശോയുടെ ശരീരം അപ്രത്യക്ഷമായതിനെ കുറിച്ച് യഹൂദരുടെ ഇടയിൽ നിലവിൽ ഇരിക്കുന്ന ഒരു വ്യാജ പ്രചാരണവും കൂടി മത്തായി ചേർത്തിട്ടുണ്ട്.

“അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന്‌ സംഭവിച്ചതെല്ലാംപ്രധാനപുരോഹിതന്‍മാരെ അറിയിച്ചു.

അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കുവേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു:

ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്‍മാര്‍ വന്ന്‌ അവനെ മോഷ്‌ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.

ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച്‌ നിങ്ങള്‍ക്ക്‌ ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.

അവര്‍ പണം വാങ്ങി, നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത്‌ ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.

മത്തായി 28 : 11-15.

ഈശോയുടെ ഉത്ഥാനത്തിന്റെ ആധികാരിക സാക്ഷിയുടെ പ്രചാരണം കൂടി പരിശോധിക്കാം മഗ്ദലനമറിയത്തെ കൊണ്ട് യോഹന്നാൻ ഒന്നാമതായി അവതരിപ്പിക്കുന്നു ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.

അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ.

യോഹന്നാന്‍ 20 : 1-2

മിശിഹായുടെ ഉത്ഥാന വാർത്ത ആദ്യം അറിയിക്കപ്പെടുന്നത് പത്രോസിനും മറ്റു ശിഷ്യർക്കുമാണ്. പിന്നീടാണ് മഗ്ദലന ഉത്ഥിനായ തന്റെ തിരുനാഥനെ തിരിച്ചറിയുന്നത്. ഈ തിരിച്ചറിയൽ കഴിഞ്ഞ ഉടനെ ഈശോ തന്നെ അവളെ ഈ വാർത്ത തന്റെ ശിഷ്യരെ അറിയിക്കാൻ പറഞ്ഞു വിടുന്നു

യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക.

യോഹന്നാന്‍ 20 : 17.

ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് പൗലോസ് പറയുന്നതും പത്രോസിനും മറ്റു ശിഷ്യർക്കും ആണ്.അവന്‍ കേപ്പായ്‌ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്‌ഷനായി.

1 കോറിന്തോസ്‌ 15 : 5.

ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം 12 ശിഷ്യന്മാരാണ് ഈശോമിശിഹായുടെ ഉത്ഥാനത്തിന് ആധികാരികമായി സാക്ഷ്യം വഹിക്കുന്നവർ എന്നതാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആധികാരികതയിലാണ് അതിന്റെ ശ്ലൈഹീകതയിലാണ്. ഈശോയോട് കൂടി ആദ്യന്തം ജീവിച്ച് അവിടുത്തെ അനുഭവിച്ചറിഞ്ഞവരാണ് ശ്ലീഹന്മാർ. അവർക്കാണ് ക്രിസ്തു പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടു തന്റെ ഉത്ഥാനം സ്ഥിരീകരിച്ചത്. ഉത്ഥിനായ ഈശോയെ അനുഭവിച്ചറിഞ്ഞവരാണവർ. ഈ അനുഭവം തന്നെയാണ് അവരുടെ ആധികാരികതയുടെ അടിസ്ഥാനവും. ശിഷ്യന്മാരിൽ എന്നതുപോലെ നമ്മിലും ജീവിക്കാനും നമ്മെ ജീവിപ്പിക്കാനും ഈശോയ്ക്ക് കഴിയും. അങ്ങനെ അവിടുന്ന് നമ്മിൽ ജീവിക്കുവാൻ നാം അവിടുത്തെ അറിയണം, അനുഭവിക്കണം. അവിടുന്ന് നമ്മിൽ ജീവിക്കുവാൻ നാം അവിടുത്തെ അനുവദിക്കുമ്പോൾ പൗലോസിനെ പോലെ നമുക്കും ആത്മാർത്ഥമായി പറയാൻ കഴിയും” ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, മിശിഹായാണ് എന്നിൽ ജീവിക്കുന്നത്”(ഗലാ.2:20).

Share This Article
error: Content is protected !!