(തുടർച്ച…)
അടിത്തറ ബലവത്താണ്
മൊത്തത്തിൽ ഉണ്ടായിട്ടുള്ള മാറ്റത്തിൽ പവിത്രമായതു പലതും നഷ്ട്ടപെട്ടു. അത് തിരിച്ചുപിടിക്കാൻ കുടുംബങ്ങൾക്ക് കഴിഞ്ഞാൽ ദൈവവിളിയിൽ വലിയ മാറ്റം ഉണ്ടാകും. കേരള സമൂഹം സമർപ്പിതരുടെ സേവനമനുഭവിച്ചവരാണ്. എന്നാൽ പൊതുജന സ്വീകാര്യതയുടെയും അംഗീകാരത്തിന്റെയും ഓളത്തിൽപെടാതെ വിനീതമായി നിലനിൽക്കാനാണ് സമർപ്പിത സമൂഹങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുള്ളത്. രാത്രികളിലും പകലുകളിലും ഒരുപോലെ സമർപ്പിതർ അധ്വാനിക്കുന്നുണ്ട്. ധ്യാനവും പ്രാർത്ഥനയും പഠനവും പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ നല്ല അധ്വാനം വേണം. ഉണ്ടും ഉറങ്ങിയും കഴിയുന്നതല്ല ഈ ജീവിതം. വിനോദങ്ങളും ഉല്ലാസങ്ങളും സമൂഹത്തിന്റെ ഉണർവിനും ജീവനും ആവശ്യമാണ്. ഒരേ അപ്പത്തിൽനിന്നും ഭക്ഷിച്ചും സ്നേഹം പങ്കുവെച്ചും ഒരുമിച്ചു കരുണ പകരുന്നതിന്റെ ആനന്ദമനുഭവിച്ചും ആന്തരിക സ്വാതന്ത്ര്യത്തിൽ വളരുന്ന വ്യക്തികളാണ് സമർപ്പിതർ. പരിധിയില്ലാതെ സ്നേഹിക്കുവാനും സ്നേഹിക്കപെടുവാനും ഉത്തേജിപ്പിക്കുകയും പ്രകാശിപ്പിക്കുകയുമാണ് അവർ ശുശ്രൂഷകളിലൂടെ. ശുശ്രൂഷകളിൽ സഹനമുണ്ട്. ശൂന്യവൽക്കരണമുണ്ട്. അതെല്ലാം കരുണാമൂർത്തിയായ യേശുവിനോടു അനുരൂപപെടുവാനുള്ള അവസരങ്ങളാണ് എന്ന അവബോധം ശുശ്രൂഷകൾ രക്ഷാകരമാക്കി മാറ്റുവാൻ സമർപ്പിതരെ പ്രചോദിപ്പിക്കുന്നു.
രണ്ടായിരം വർഷമായി സമർപ്പിതജീവിതം ശക്തമായ അടിത്തറയിൽ നിൽക്കുന്നു. സമർപ്പിതരുടെ സംഭാവനകൾ ഒന്നും പുരാവസ്തുവല്ല. ഒന്നും കുഴിച്ചെടുക്കേണ്ട കാര്യവുമില്ല. അത് നമ്മുടെ സംസ്കാരത്തിലും ജീവിതത്തിലും സജീവമായുണ്ട്. നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിൽപോലും അത് ലയിച്ചുചേർന്നിരിക്കുന്നു.