കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേ ദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ കൊണ്ടാടുന്നു. 1814 ൽ വിപ്രവാസത്തിൽനിന്നു സ്വാതന്ത്രനായപ്പോൾ ഏഴാം പിയൂസ് മാർപാപ്പ സ്ഥാപിച്ചതാണ് ഈ തിരുനാൾ. അതിനു മുൻപ് മേരിദാസരുടെ സഭയ്ക്ക് ഈ തിരുനാൾ കൊണ്ടാടാൻ അനുമതി നൽകിയിരുന്നു.
ദൈവമാതാവിന്റെ ശുദ്ധീകരണ ദിവസം ഉണ്ണീശോയെ ശെമയോന്റെ കരങ്ങളിൽ കാഴ്ചവച്ചപ്പോൾ അദ്ദേഹം ഈ കുഞ്ഞിനെ കൈലെടുത്തുകൊണ്ടു ‘ഈ ശിശു അനേകരുടെ ഉന്നമനത്തിനും അനേകരുടെ അധഃപതനത്തിനുമായി നിയുക്തനായിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് മാറിയത്തോടു പറഞ്ഞു: “ഒരു വാൾ നിന്റെ ഹൃദയത്തെ ഭേദിക്കും.” ഈ പ്രവചനമാണ് ഒന്നാമത്തെ വ്യാകുലതയായി എണ്ണിയിരിക്കുന്നതു. ഹേറോദോസിന്റെ വാളിൽനിന്ന് രക്ഷപെടാൻ ഈജിപ്തിലേക്കുള്ള പലായനം രണ്ടാമത്തെ വ്യാകുലതയും 12 വയസ്സുള്ളപ്പോൾ ഈശോയെ ദേവാലയത്തിൽ കാണാതായത് മൂന്നാമത്തെ വ്യാകുലതയുമായി.
ഈശോ ഗാഗുൽത്തായിലേക്കു കുരിശു വഹിച്ചുകൊണ്ടുപോകുന്ന കാഴ്ച മറിയത്തിന്റെ നാലാമത്തെ വ്യാകുലതയും ഗാഗുൽത്തായിൽ കുരിശിൻ ചുവട്ടിൽ നിൽക്കുന്നത് അഞ്ചാമത്തെ വ്യാകുലതയും ഈശോയുടെ മൃതശരീരം മടിയിൽ കിടത്തിയത് ആറാമത്തെ വ്യാകുലതയും നമ്മുടെ കർത്താവിന്റെ സംസ്കാരം ഏഴാമത്തെ വ്യാകുലതയുമായി. ഇങ്ങനെ പ്രധാനപ്പെട്ട 7 വ്യാകുലതകൾ ദൈവമാതൃഭക്തർ കൈവിരലെണ്ണി ധ്യാനിക്കുന്നെങ്കിലും ബെത്ലെഹെമിലെ കാലിത്തൊഴുത്തും നസ്രത്തും പരസ്യ ജീവിത രംഗങ്ങളും എന്തുമാത്രം വ്യാകുലതകൾക്കു കാരണമായിട്ടുണ്ടെന്നു ആർക്കു വർണ്ണിക്കാൻ കഴിയും.അതിനാൽ രക്തസാക്ഷികളുടെ രാജ്ഞി, എന്ന് സന്യായം മറിയത്തെ സംബോധന ചെയ്യുന്നു.