മിലൻ വിളംബരംവഴി ക്രിസ്തുമതത്തിനു ആരാധന സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മക്സെൻസുയിസുമായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് കുരിശിന്റെ അടയാളത്തിൽ ജയിക്കാമെന്നുള്ള കാഴ്ച ഉണ്ടായ ശേഷം അദ്ദേഹം ക്രിസ്ത്യാനികളോട് അത്യന്തം ആർദ്രത പ്രദർശിപ്പിച്ചുപോന്നു. ലാറ്ററർ കൊട്ടാരം മെൽക്കിയഡ്സ് പപ്പയ്ക്ക് ചക്രവർത്തി 313 ൽ വിട്ടുകൊടുത്തു.
മാനസാന്തരശേഷം ഹെലേന രാജ്ഞി ഭക്താഭ്യാസങ്ങളിലും ദാനധർമങ്ങളിലും അതുത്സുകയായി തീർന്നു. 326 ൽ ജറുസലേമിലെ ബിഷപ് മക്കാരിയുസ്സിന് ഗാഗുൽത്തായിൽ ഒരു ദേവാലയം പണിയുന്നതിന് കൽപ്പന കൊടുത്തു. അന്ന് രാജ്ഞിക്കു 75 വയസ്സായിരുന്നെങ്കിലും പള്ളിപണി നേരിൽ കാണാൻ രാജ്ഞി ജെറുസലേമിലേക്കു പോയി. യഥാർത്ഥ കുരിശു കണ്ടുപിടിക്കണമെന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു. ഗാഗുൽത്തായിൽ കുന്നുകൂടികിടന്നിരുന്ന ചപ്പും ചവറും മാറ്റുകയും വീനസിന്റെ പ്രതിമ നീക്കുകയും ചെയ്തപ്പോൾ മൂന്ന് കുരിശുകളും കണ്ടെത്തി. ഏതാണ് ഈശോയെ തറച്ച കുരിശെന്ന് മനസിലാക്കാൻ ഈ കുരിശുകൾ ഓരോന്നായി എടുത്തു ബിഷപ് മക്കാരിയൂസ് രോഗിണിയായ ഒരു സ്ത്രീയെ സ്പര്ശിച്ചുനോക്കി. യഥാർത്ഥ കുരിശു തൊട്ടപ്പോൾ സ്ത്രീയുടെ അസുഖം ഉടനെ മാറി. കുരിശു കണ്ടെത്തിയതിൽ ഹെലേന രാജ്ഞി അഭിമാനം കൊണ്ട്, അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. രാജ്ഞി മെത്രാന്മാരോടും പുരോഹിതരോടും വളരെ ബഹുമാനം പ്രദർശിപ്പിച്ചിരുന്നു. പ്രജകളുടെ വിശ്വാസം വർധിപ്പിക്കാൻ പുരോഹിതന്മാരോടുള്ള ബഹുമാനം പ്രയോജകീഭവിക്കുമെന്നു ബോധ്യമുണ്ടായിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തോട് ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഓരോ പള്ളി പണിയിച്ചു രാജ്ഞി റോമയിലേക്കു മടങ്ങി. താമസിയാതെ 328 ൽ രാജ്ഞി നിര്യാതയായി.