ഒരു റോമൻ സൈനികോദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യൻ നർബോണിലാണ് ജനിച്ചത്. സ്വഭാവതികമായി സൈനികസേവനം അദ്ദേഹത്തിന് അരോചകമായിരുന്നെങ്കിലും ക്രിസ്തീയവിശ്വാസത്തെപ്രതി അറസ്റ്റു ചെയ്യപ്പെടുന്നവരെ സഹായിക്കാൻ വേണ്ടി റോമിലേക്കുപോയി സൈന്യത്തിൽ ചേർന്ന്. 283 –ലായിരിക്കണം ഈ ധീരമായ കാൽവയ്പ്പ്.
അന്ന് ദ്വിജരായ മാർക്കസും മാർസെല്ലിനൂസും ക്രിസ്ത്യാനികളെന്ന കാരണത്താൽ കാരാഗൃത്താൽ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. ബന്ധുജനങ്ങളുടെ പ്രേരണയാൽ രക്തസാക്ഷിത്വം ഉപേക്ഷിച്ചു മതത്യാഗത്തിനു തയ്യാറിക്കിക്കൊണ്ടിരുന്ന ഈ ഇണപ്രാക്കളെ സെബാസ്റ്റ്യൻ ജയിലിൽ പോയി ധൈര്യപ്പെടുത്തി. ജയിലിൽ വച്ച് അദ്ദേഹം ചെയ്ത ഉപദേശം ജയിൽ വാസികളുടെ ഹൃദയത്തെ ഹഠാദാകർഷിച്ചു. നിക്കോസ്ട്രാറ്റസിന്റെ ഊമയായിരുന്ന ഭാര്യയെ അദ്ദേഹം സുഖപ്പെടുത്തി. 16 ജയിൽവാസികൾ മാനസാന്തരപ്പെട്ട്. മാർക്കസിന്റെയും മെർസെല്ലിനൂസിന്റെയും പിതാവ് ട്രിമിലിയാനൂസ് ജ്ഞാനസ്നാനം സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ വാതരോഗം സുഖപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഗ്രഹിക്കാനിടയായ റോമൻ ഗവർണ്ണർ ക്രോമേഷ്യസും മകൻ തിബോർത്തിയും മാനസാന്തരപ്പെട്ട്. സെബാസ്റ്റിൻറെ കരങ്ങളിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു.
285 –ൽ ഡയോക്ളീഷൻ റോമൻ ചക്രവർത്തിയായി. അദ്ദേഹം സെബാസ്റ്റിയൻ അംഗരക്ഷക സൈന്യത്തിലെ ഒരംഗമാക്കി. മൂന്നുവർഷം അങ്ങനെ കഴിഞ്ഞു. ക്രോമേഷ്യസും മകനും റോമയിൽനിന്നു പലായനം ചെയ്തുവെങ്കിലും അവരെയും സെബാസ്ത്യനെയും ടോർക്വറ്റസ് എന്ന ഒരു മത്ത്യാഗി ഒറ്റിക്കൊടുത്തു. തിബൂർത്തിയൂസിന്റെ തല വെട്ടിക്കളഞ്ഞു. ക്രോമേഷ്യസും വധിക്കപ്പെട്ടു. സെബാസ്റ്റ്യനോട് ജൂപിറ്റർ ദേവന് ധൂപം സമർപ്പിച്ചു ജീവൻ സംരക്ഷിക്കാൻ ചക്രവർത്തി നൽകിയ ഉപദേശം അദ്ദേഹം അവജ്ഞാപൂർവ്വം തിരസ്ക്കരിച്ചു. തീയിൽ ദഹിപ്പിക്കുമെന്നു ചക്രവർത്തി ഭീക്ഷണിപ്പെടുത്തിയപ്പോൾ സെബാസ്റ്റ്യൻ പറഞ്ഞത് ഈശോയോടുള്ള സ്നേഹത്തെപ്രതി തീക്കനിൽക്കൂടി നടക്കുന്നത് റോസാപ്പൂമെത്തയിൽകൂടെ നടക്കുന്നതുപോലെയത്രേ. സെബാസ്റ്റ്യനെ അമ്പെയ്തു കൊല്ലാൻ ചക്രവർത്തി ആജ്ഞാപിച്ചു.
ഘാതകരെ സെബാസ്റ്റ്യനെ ഒരു മരത്തിൽ വരിഞ്ഞുകെട്ടി അമ്പെയ്തു. മരിച്ചുവെന്ന് കരുതി ആരാച്ചാരന്മാർ സ്ഥലം വിട്ടപ്പോൾ ഐറീൻ എന്ന ഒരു ഭക്തസ്ത്രീ ചെന്ന് സെബാസ്റ്റ്യൻ ശുശ്രൂഷിച്ചു സുഖപ്പെടുത്തി. സെബാസ്റ്റ്യൻ മരിച്ചില്ലെന്നു കേട്ടപ്പോൾ ഇരുമ്പുവടികൊണ്ട് അദ്ദേഹത്തെ അടിച്ചുകൊല്ലാൻ ചക്രവർത്തി ഉത്തരവിട്ടു. അങ്ങനെ സെബാസ്റ്റ്യൻ രക്തസാക്ഷിത്വമകുടം ചൂടി.
സൈനിക സേവനം ഭക്തജീവിതത്തിനു അത്ര സഹായകമല്ല. എന്നിട്ടും സെബാസ്റ്റ്യൻ ഒരുത്തമ പ്രേഷിതനായി ക്രിസ്തുനാഥനെ സേവിച്ചു. അവിടുത്തെപ്രതി രക്തവും ചിന്തി. അദ്ദേഹത്തിന്റെ ചൈതന്യം നമുക്ക് പ്രചോദനമായിരിക്കേണ്ടതാണ്.
വിചിന്തനം: “മരണംവരെ നീ വിശ്വസ്തനായിരിക്കുക; എന്നാൽ ഞാൻ നിനക്ക് ജീവിതമകുടം നൽകാം” (വെളി. 2 :10 )