ഏകദൈവമായ പരമ പരിശുദ്ധ ത്രിത്വമേ ഞങ്ങളോട് കരുണയായിരിക്കേണമേ!
” വിശുദ്ധ യൗസേപ്പിതാവ് തിരു കുടുംബത്തിന്റെ ശിരസ്സും സ്വർഗീയ ത്രിത്വത്തിന്റെ വളരെയടുത്ത് സാമ്യമുള്ള ഭൗമിക ത്രിത്വത്തിലെ പിതാവുമാണ് “.വിശുദ്ധ പീറ്റർ ജൂലിയൻ
പരിശുദ്ധ ത്രിത്വം അനന്യമായ ഒരു കുടുംബമാണ്;നിത്യ തിരുകുടുംബം. ആ കുടുംബത്തിൽ ഞാനും നിങ്ങളും അംഗങ്ങളാകണമെന്ന് ആ മഹത്വമുള്ള കുടുംബാംഗങ്ങൾ മൂന്നുപേരും (പിതാവ്,പുത്രൻ,പരിശുദ്ധാത്മാവ്) ആഗ്രഹിക്കുന്നു. ഇതു സാധ്യമാക്കാനാണ് സ്വർഗീയ ത്രിത്വത്തിന്റെ പ്രതിരൂപമായി ഈശോയും മറിയവും യൗസേപ്പും ഉൾക്കൊള്ളുന്ന ഭൗമികത്രിത്വം രൂപപ്പെട്ടത്. ഒരു വിധത്തിൽ ഈ ഭൗമികത്രിത്വമാണ് പ്രഥമ സഭ. ഈ കുടുംബത്തിലെ അംഗത്വം (തിരു കുടുംബത്തിന് നിന്നെ സമർപ്പിച്ചാൽ)സ്വർഗ്ഗത്തിലുള്ള ദൈവത്തിന്റെ നിത്യമായ കുടുംബത്തിലെ അംഗത്വം സ്വീകരിക്കാൻ നിന്നെ ഒരുക്കും.
ഭൗമിക തിരുകുടുംബത്തിന്റെ പിതാവ് വിശുദ്ധ യൗസേപ്പാണ്. അനേകം വിശുദ്ധർ ഈ ‘ഭൗമിക ത്രിത്വത്തെ’ സ്വർഗ്ഗത്തിലെ ത്രിത്വവുമായി താരതമ്യം ചെയ്തിട്ടുണ്ട് . തീർച്ചയായും ഈ താരതമ്യത്തിന് പല പരിമിതികളും ഉണ്ട്. അമലോത്ഭവ ആണെങ്കിലും മറിയം ദൈവിക വ്യക്തിയല്ല; അതുപോലെ യൗസേപ്പിതാവും. പക്ഷേ അവരുടെ കുടുംബം ദൈവത്തിന്റെ ത്രിത്വ കുടുംബത്തെപ്പറ്റി നമ്മെ പഠിപ്പിക്കുന്നു. ഈ വിഷയത്തിൽ വലിയ ഉൾക്കാഴ്ച നൽകിയിട്ടുള്ള വ്യക്തിയാണ് വി. ഫ്രാൻസിസ് സാലെസ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പരമപരിശുദ്ധവും ആരാധ്യവുമായ പരിശുദ്ധ ത്രിത്വത്തെ പ്രതിനിധീകരിക്കുന്ന ഭൗമിക കുടുംബത്തിന്റെ വഴികാട്ടിയായി നിത്യപിതാവ് നിയോഗിച്ച യൗസേപ്പിതാവിനെ എല്ലാവിധ ദാനങ്ങളാലും കൃപകളാലും അവിടുന്ന് അലങ്കരിച്ചു എന്നകാര്യത്തിൽ തെല്ലും സംശയത്തിനു വകയില്ല. നസ്രത്തിലെ ത്രിത്വം സ്വർഗ്ഗത്തിലെ ത്രിത്വത്തെ പ്രതിനിധീകരിക്കുന്നു. സ്വർഗ്ഗീയ ത്രിത്വവും നസ്രത്തിലെ ത്രിത്വവും നമ്മെ ദത്തെടുക്കുന്നു . അങ്ങനെ നമ്മൾ ഇരു കുടുംബങ്ങളിലെയും അംഗങ്ങളായിത്തീരുന്നു. ഈ ആത്മീയ ദത്തെടുക്കൽ സംഭവിക്കുന്നത് മാമോദിസയിലൂടെയാണ്. മിശിഹായുടെ മൗതികശരീരമായ സഭയിലെ അംഗമാവുക വഴി ഭൗമിക തിരുകുടുംബത്തിലെ അംഗങ്ങളുമായി നാം ഈ അംഗത്വം സ്വർഗ്ഗീയ തിരുകുടുംബത്തിലെ അംഗമാകാൻ നമ്മെ ഒരുക്കുന്നു.
സ്വർഗ്ഗത്തിലെ അംഗത്വം ലഭിക്കാൻ നീ യൗസേപ്പിതാവിന്റെ ശിശു ആകണം. ഇപ്രകാരം തന്റെ ശിശുക്കളായവരെ സ്വർഗ്ഗ പിതാവിന്റെ യഥാർത്ഥ ശിശുക്കളാവാൻ അദ്ദേഹം സഹായിക്കും. എപ്രകാരം സ്നേഹിക്കണം, പ്രാർത്ഥിക്കണം, ജോലി ചെയ്യണം, പരിത്യാഗം അനുഷ്ഠിക്കണം എന്ന് അദ്ദേഹം പഠിപ്പിക്കും. പുണ്യങ്ങളുടെ പാതയിലൂടെ മാത്രമേ സ്വർഗ്ഗത്തിലെത്താനാവൂ. ഇക്കാര്യത്തിൽ പിതൃസഹജമായ മാതൃക അദ്ദേഹം നൽകും. സ്വർഗ്ഗത്തിലേക്കുള്ള ത്രിത്വ കൂട്ടായ്മയിലേക്ക് പ്രവേശനം അപ്പോൾ എളുപ്പമാകും. യൗസേപ്പിതാവ് നമ്മുടെ പിതാവ്, പരിശുദ്ധഅമ്മ കന്യകമറിയം നമ്മുടെ അമ്മ, ഈശോ സഹോദരൻ! അനുഗ്രഹ പ്രദവും ആനന്ദതൃന്ദിലവുമായ സ്വർഗീയാനുഭവം!. ഓ! നസ്രത്തിലെ തിരുകുടുംബത്തിലെ അംഗങ്ങൾ നാം! അവരോടൊപ്പം ആയിരിക്കുന്നവർക്ക് അതിനാൽത്തന്നെ സ്വർഗീയ ത്രിത്വ കുടുംബത്തിൽ അംഗത്വം ഉറപ്പ്.
” എനിക്ക് ആകെയുള്ള സമ്പാദ്യം വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയാണ്.അതാണെന്നെ നയിക്കുന്നത് അതുതന്നെയാണ് എനിക്ക് പൂർണ ആത്മവിശ്വാസം പകരുന്നതും ” വി. ആൻഡ്രേ ബസറ്റ്.
വിശുദ്ധ യൗസേപ്പിതാവ് വീരനായകനും അനന്യമായ വിശുദ്ധിയുടെ ഉടമയുമാണ്. വി. ബസറ്റ് വ്യക്തമാക്കുന്നു :
” നിങ്ങൾ യൗസേപ്പിതാവിനെ വിളിച്ചപേക്ഷിക്കുമ്പോൾ അധികം സംസാരിക്കേണ്ട ആവശ്യമില്ല. സ്വർഗ്ഗ പിതാവിനെപ്പോലെ നിങ്ങൾക്ക് എന്താണാവശ്യമെന്ന് അദ്ദേഹത്തിനറിയാം”.
പ്രതിഷ്ഠ
ദൈവ പിതാവിന്റെ സ്ഥാനപതിയായ വിശുദ്ധ യൗസേപ്പിതാവേ, എന്നെത്തന്നെ ഞാൻ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു . അങ്ങയെ എന്റെ സുനിശ്ചിത മധ്യസ്ഥനായി സ്വീകരിച്ച് ഏറ്റുപറയുന്നു. അങ്ങു സഞ്ചരിച്ച അതേ പാതയിലൂടെ സഞ്ചരിച്ച് സ്വർഗ്ഗത്തിലെ ത്രിത്വ കുടുംബത്തിൽ എനിക്കും അംഗത്വം നേടിത്തരണമേ! അങ്ങയെപ്പോലെ അനുനിമിഷം ദൈവതിരുമനസ്സിനു പൂർണ്ണ വിധേയത്വത്തിൽ ജീവിക്കാൻ എന്നെ അനുവദിക്കണമേ !
എന്റെ ആത്മീയ മാതാവും ഈശോയിലേക്ക് ഉള്ള സുഗമവും എളുപ്പമായ മാർഗ്ഗവുമായ പരിശുദ്ധ അമ്മയോട് എന്നെ ചേർത്തുപിടിക്കണമേ! അമ്മയോടൊപ്പം അങ്ങ് എന്നെ ഈശോയോട് അടുപ്പിക്കണമേ! സ്നേഹവാനായ പിതാവേ, എന്നിൽ നിന്ന് അകന്നു പോകരുതേ! ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.