നമ്മുടെ കർത്താവിന്റെ കാഴ്ചവെപ്പ്

Fr Joseph Vattakalam
1 Min Read

ഫെബ്രുവരി: 2

ക്രിസ്മസ് കഴിഞ്ഞു  ഇന്ന് നാല്പതാം ദിവസമാണ്. മോശയുടെ നിയമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂൽ പുത്രന്റെ കാഴ്ച്ചവെപ്പിനുമായി കന്യകാമറിയം ജെറുസലേം ദൈവാലയത്തിലെത്തുന്നു. ഒരു സ്ത്രീ ഒരാൺകുട്ടിയെ പ്രസവിച്ചാൽ നാല്പതാം ദിവസം ശുദ്ധീകരണത്തിനായി അവൾ ഒരു വയസ്സുള്ള ഒരു കുഞ്ഞാടിനെ ഹോമബലിക്കും ഒരു പ്രാവിൻ കുഞ്ഞിനെയോ ചങ്ങാലിയെയോ പരിഹാരബലിക്കുംവേണ്ടി സമാഗമകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു പുരോഹിതനെ ഏൽപ്പിക്കണമെന്നും ആട്ടിൻകുട്ടിയെ സമർപ്പിക്കാൻ കഴിവില്ലെങ്കിൽ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ചങ്ങാലിയേയോ കാഴ്ചവയ്ക്കണമെന്നുമായിരുന്നു മോശയുടെ നിയമം (ലേവ്യ. 12 :6 ). കടിഞ്ഞൂൽ പുത്രനെ കർത്താവിനു പ്രതിഷ്ഠിച്ച് ഒരു സംഖ്യാ വീണ്ടെടുപ്പ് വിലയായിക്കൊടുക്കണം.

  മോശയുടെ നിയമം പരിപൂർണ്ണമായും മറിയവും യൗസേപ്പും അനുസരിച്ചു. ദരിദ്രരുടെ കാഴ്ചയാണ് അവർ നൽകിയത്. അഞ്ചു ഷെക്കൽ കൊടുത്തു കുട്ടിയെ വീണ്ടെടുത്തു. യഹോവ ആവശ്യപ്പെടുന്നതുവരെ മറിയം മകനെ വളർത്താനുള്ള നിർദ്ദേശത്തോടെ കുട്ടിയെ പുരോഹിതൻ അമ്മയുടെ കൈയ്യിൽ തന്നെ ഏല്പിച്ചു.

  ശുദ്ധീകരണം നടത്തിയ പുരോഹിതൻ വൃദ്ധനായ ശെമയോനാണ്. അദ്ദേഹം പരിശുദ്ധാത്മാവിന്റെ പ്രകാശത്താൽ ഗ്രഹിച്ചിരുന്നു, രക്ഷകനെ കണ്ടിട്ടേ താൻ മരിക്കുകയുള്ളൂവെന്ന്. തന്നിമിത്തം തന്റെ ആശയും പ്രത്യശായുമായ ശിശുവിനെ കൈയിലെടുത്തപ്പോൾ ശെമയോന്റെ ആനന്ദം അതിന്റെ ഉച്ചിയിലെത്തി. അദ്ദേഹം ഇങ്ങനെ ദൈവത്തെ സ്തുതിച്ചു:”കർത്താവേ, അങ്ങേ തിരുവചനമനുസരിച്ച് അങ്ങേ ദാസനെ സമാധാനത്തോടെ വിട്ടയക്കണമേ. എന്തെന്നാൽ എല്ലാ ജനങ്ങളുടെയും മുമ്പാകെ അങ്ങൊരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കൊണ്ടുതന്നെ ഞാൻ കണ്ടു കഴിഞ്ഞു. അത് വിജാതീയർക്ക് വെളിപ്പെടാനുള്ള പ്രകാശവും അങ്ങേ ജനമായ ഇസ്രയേലിന്റെ മഹത്വവുമാണ്” (ലൂക്കാ. 2 :29 -32 ). ശിമയോൻ അവരെ ആശീർവദിച്ചശേഷം മാറിയത്തോടു പറഞ്ഞു: “ഇതാ ഈ ശിശു ഇസ്രായേലിൽ അനേകരുടെ അധഃപതനത്തിനും അനേകരുടെ ഉന്നമനത്തിനും നിയുക്തമായിരിക്കുന്നു. അനേകർക്ക്‌ എതിർപ്പിനുള്ള അടയാളമായിരിക്കും. അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. ഒരു വാൾ നിന്റെ ഹൃദയത്തെ പിളർക്കുകയും ചെയ്യും” (ലൂക്കാ.2 : 34 -35 ).

വിചിന്തനം: പരിശുദ്ധ കന്യകാമറിയത്തിന്റെ അനുസരണയും എളിമയും നമുക്ക് അനുകരിക്കാം

Share This Article
error: Content is protected !!