വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി റോമക്കാർക്കു വെറുപ്പായിരുന്നു. അവരുടെ സമ്പത്തു കവർച്ചനിധിയായിട്ടാണ് യഹൂദർ കരുതിയിരുന്നത്. ചുങ്കക്കാരെല്ലാം വിജാതീയരായിരുന്നുവെന്നുള്ള ടെർടൂളിന്റെ അഭിപ്രായം തെറ്റാണ്. മത്തായി ശ്ലീഹ യഹൂദനായിരുന്നു. ജെനസ്രേത് തടാകത്തിൽകൂടിയും തിബേരിസ് സമുദ്രത്തിൽകൂടിയും വരുന്ന സാമാനങ്ങളുടെയും ജലയാത്രക്കാരുടെയും ചുങ്കമാണ് മത്തായി പിരിച്ചിരുന്നത്.
ഈശോ ഒരു തളർവാതരോഗിയെ സുഖപ്പെടുത്തി ശേഷം ജെനസ്രേത് തടാകത്തിന്റെ തീരത്തുകൂടി നടക്കുമ്പോഴാണ് ചുങ്കക്കാരൻ ലെവിയെ അപ്പസ്തോലനായ വിളിച്ചത്. ലേവി ധനികനും വിവേകിയുമായിരുന്നു. സമ്പത്തിനു പകരം ദാരിദ്ര്യത്തെ വെൽകണമോ എന്ന ചോദ്യം അദ്ദേഹത്തിന്റെ ഹൃദയത്തിൽ പൊന്തിവന്നിട്ടുണ്ടായിരിക്കണം. ബാഹ്യമായി വിളിച്ചവൻ ആന്തരികമായ കൃപാവരംകൊണ്ടു മനസിനെ ഇളക്കി. പ്രഥമ ആഹവാനത്തിൽ തന്നെ ലേവി മനസുതിരിഞ്ഞു. ആഹ്ലാദഭരിതനായി ചുങ്കക്കാരെയെല്ലാം വിളിച്ചു ക്രിസ്തുവുനും അപ്പോസ്തോലന്മാർക്കും ഒരു വിരുന്നു കൊടുത്തു. ഫാരിസ്യർക്കു അത് ഉതപായെങ്കിലും ഈശോ വിരുന്നു സ്വീകരിച്ചു. തോണിയും വള്ളവും ഉപേക്ഷിച്ചു അപ്പോസ്തോലന്മാരായി തീർന്നവർ പിന്നീടും മീൻ പിടിക്കാൻ പോയിട്ടുണ്ട്. എന്നാൽ ലേവി പിന്നീട് ചുങ്കം പിരിക്കാൻ പോയിട്ടില്ല. ലേവി എന്ന പേരുമാറ്റി മത്തായി എന്ന പേര് ഈശോ നല്കിയതായിരിക്കാം.
കർത്താവിന്റെ മരണശേഷം ആദ്യം സുവിശേഷം എഴുതിയത് മത്തായിയാണ്. ‘അങ്ങാണോ വരാനിരിക്കുന്നവൻ അതോ വേറൊരാളെ കാത്തിരിക്കാനാണമോ’ എന്ന സ്നാപക യോഹന്നാന്റെ ചോദ്യത്തിനുള്ള ഉത്തരംപോലെ തോന്നും മത്തായിയുടെ സുവിശേഷം. സ്വാദേശികൾക്കായി സുവിശേഷം രചിക്കാനുദ്ദേശിച്ചു മത്തായി സ്വേദേശിയരുടെ ഭാഷയിൽ, അതായതു അരമയിക്ക് ഭാഷയിൽ സുവിശഷം രചിച്ചുവെന്നാണ് പൊതുവായ അഭിപ്രായം. ഹെരോദ് അഗ്രിപ്പയുടെ മതമർദ്ദനം ആരംഭിച്ച നാല്പത്തിരണ്ടാം ആണ്ടിനും ജെറുസലേം സുന്നഹദോസ് നടന്ന അമ്പതാം ആണ്ടിനും മദ്ധ്യേ ആയിരിക്കണം വി. മത്തായി സുവിശേഷം രചിച്ചത്. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ അത് ഗ്രീക്കിലേക്കു തർജിമ ചെയ്യപെട്ടുവെന്നു പറയപ്പെടുന്നു. അരമയിക്ക് മൂലം നഷ്ടപ്പെട്ടുപോയി. പ്രചാരത്തിലുള്ള സുറിയാനി സുവിശേഷം ഗ്രീക്കിൽനിന്നു വിവർത്തനം ചെയ്തതാണ്.
ദൈവത്തിന്റെ സിംഹാസനം ഒരു മനുഷ്യൻ, ഒരു സിംഹം, ഒരു കാള, ഒരു കഴുകൻ എന്നിങ്ങനെ നാലു ജീവികൾ താങ്ങിനിൽക്കുന്നതായ ഒരു കാഴ്ച എസക്കിയേൽ പ്രവാചകൻ വിവരിച്ചിട്ടുണ്ട് (1 : 10). അവ നാലു സുവിഷേഷകരുടെ പ്രതീകങ്ങളായി കരുതപ്പെടുന്നു. ക്രിസ്തുവിന്റെ പ്രതീകം മനുഷ്യനാണ്. സുവിശേഷകനായ മത്തായി പലസ്തീനിയയിലും എത്തിയോപ്പിയയിലും പാര്ത്യയിലും പേർസ്യയിലും സുവിശേഷം പ്രസംഗിക്കുകയും അവസാനം രക്തസാക്ഷിയായി മരിക്കുകയും ചെയ്തു.