മുട്ടത്തുപാടത്തു ഔസേഫിന്റെയും മാറിയത്തിന്റെയും നാലാമത്തെ സന്താനമായി 1910 ഓഗസ്റ്റ് പത്തൊമ്പതാം തീയതി അന്നക്കുട്ടി കുടമാളൂരിൽ ജനിച്ചു. അന്നകുട്ടിക്കു മുന്ന് മാസം പ്രായമുള്ളപ്പോൾ ‘അമ്മ മരണമടഞ്ഞു. മാതൃസഹോദരി അന്നമ്മ കുഞ്ഞിന്റെ ചുമതല ഏറ്റെടുത്തു. ‘എന്റെ കുഞ്ഞിന് ഒരു കുറവും വരരുത്, ആരും അവളെപ്പറ്റി ഒരു കുറ്റവും പറഞ്ഞുകൂടാ. എവിടെച്ചെന്നാലും ഒരുത്തരും അവളെ മാറ്റിനിർത്തരുത്’ ഇതായിരുന്നു അന്നമ്മയുടെ ചിന്താഗതി.
13 വയസായപ്പോഴേക്കും സുന്ദരിയും ശാലീനയുമായ അന്നക്കുട്ടിക്ക് വിവാഹാലോചനകൾ വന്നുതുടങ്ങി. പ്രതാപവും പ്രശസ്തിയുമുള്ള ഒരു കുടുംബക്കാർക്കു വളർത്തമ്മ വാക്ക് കൊടുക്കുകയും ചെയ്തു.
വി. കൊച്ചുത്രേസിയയെപോലെ യേശുവിനു ജീവിതാർപ്പണം ചെയുന്നതിനായിരുന്നു അന്നക്കുട്ടിയുടെ ആഗ്രഹം. കൊയ്ത്തു കഴിഞ്ഞ മുറ്റത്തു കൂട്ടിയിട്ട തീ കൊടുത്തിരുന്ന പതിരിൽ ഇറങ്ങി ശരീരം പൊള്ളിച്ചു. 90 ദിവസത്തിനു ശേഷമാണു മുറിവുകൾ ഉണങ്ങിയത്. സാഹസികമായ ഈ അഗ്നിപ്രവേശത്തെപ്പറ്റി അവൾതന്നെ പറയുന്നത് ‘എന്റെ ദേഹത്തു എന്തെങ്കിലും വൈരൂപ്യം സംഭവിച്ചാൽ എന്നെ ആർക്കും വേണ്ടെന്നു പറയുമല്ലോ’ എന്നാണ്.
1928 ഓഗസ്റ്റ് രണ്ടാം തീയതി അന്നക്കുട്ടി ഭരണങ്ങാനം ക്ലാരമഠത്തിൽ ചേരുകയും അൽഫോൻസാ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
‘ആരോഗ്യക്കുറവ് നിമിത്തം കുഞ്ഞു വീട്ടിലേക്കു പൊക്കോ. നിനക്ക് സന്ന്യാസത്തിലേക്ക് വിളിയില്ല’ എന്ന് ഉപദേശിച്ചു സന്ന്യാസം ഉപേക്ഷിക്കാൻ ചില പ്രേരണകൾ നടന്നിരുന്നു. എങ്കിലും അൽഫോൻസാ തന്റെ തീവ്രമായ ആഗ്രഹത്തിൽ ഉറച്ചുനിന്നു. നിരവധിയായ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നു 1936 ഓഗസ്റ്റ് പന്ത്രെണ്ടാം തീയതി നിത്യവൃത്തി വാഗ്ദാനം നടത്തി.
അവൾ അനുഭവിച്ച വേദനയെപ്പറ്റി അവൾ പറയുന്നത് ‘ഞാൻ കർത്താവിനു ഒരു ദഹനബലി അർപ്പിച്ചു. അത് വളരെ പതുക്കെ ദാഹിച്ചുകൊണ്ടിരിക്കുന്നു’ എന്നാണ്. നിരന്തരവും കഠിനവുമായ ശാരീരിക സഹനത്തിനു പുറമെ മാനസിക വേദനകളും നിരവധിയായിരുന്നു. ഇവയെല്ലാം ‘ഈശോയുടെ തിരുഹൃദയ മുറിവിൽ ഓരോ പുഷ്പ്പമായി’ അവൾ കാഴ്ചവച്ചിരുന്നു.
ജീവിതയാത്ര പൂർത്തിയാകാറായപ്പോൾ ഉഗ്രമായ പാരവശ്യം അവളെ വലയം ചെയ്തു. 1946 ജൂലൈ ഇരുപത്തെട്ടാം തീയതി തീവ്രമായ വേദന അനുഭവപ്പെടുകയും ‘ഈശോ മറിയം ഔസേപ്പേ’ എന്നുരുവിട്ടുകൊണ്ടു തന്റെ സഹനബലി പൂർത്തിയാക്കുകയും ചെയ്തു.