നമ്മുടെ ഓരോ ചുവടും, സ്കൂളിലേക്ക്, ജോലിസ്ഥലത്തേക്ക്, ദേവാലയത്തിലേക്ക്, പ്രാർത്ഥനകൂട്ടായ്മയിലേക്കു, വീട്ടിലേക്കു, തെറ്റിലേക്ക് എല്ലാം ആത്യന്തികമായി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നതു നിത്യതയിലേക്കാണ്. നിത്യതയിലേക്കാണ് നാം അനുനിമിഷം നാം നടന്നടുക്കുന്നത് . ഓരോ ചുവടുവയ്പ്പും നിത്യതയിലേക്കുള്ള അകലം കുറച്ചുകൊണ്ടിരിക്കുന്നു. അനുദിനജീവിതത്തിന്റെ ഈ ചുവടുവയ്പ്പുകളല്ലാതെ സ്വർഗ്ഗത്തിലെത്താൻ മറ്റൊരു മാർഗവുമില്ല.
നമ്മുടെ ഒരു ചുവടുവയ്പ്പും വിശുദ്ധിയിലേക്ക് നയിക്കുമോ അതോ നാശത്തിലേക്കു നയിക്കുമോ എന്നത് തീരുമാനിക്കുന്നത്, തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. അവ നമ്മെ ഒന്നുങ്കിൽ സ്വർഗത്തിലേക്ക് അടുപ്പിക്കും. അല്ലെങ്കിൽ നരകത്തിലേക്ക് അടുപ്പിക്കും. അതുകൊണ്ടു നമ്മുടെ ഓരോ നിമിഷവും വിശുദ്ധീകരിക്കാൻ നാം അക്ഷീണം യത്നിക്കാം.
വി. അൽഫോൻസ് ലിഗോരി പറയുന്നത് ശ്രദ്ധിക്കുക “നാം ഈ ലോകത്തിലായിരിക്കുന്നതു പുണ്യപൂര്ണത നേടിയെടുക്കാനാണ്. വിശ്രമത്തിനുള്ള ഇടമല്ല ഈ ഭൂമി. മറിച്ചു അധ്വാനത്തിന്റെയും സഹനത്തിന്റെയും ഇടമാണ്. നാം യോഗ്യതകൾ സമ്പാദിക്കേണ്ടത് വിശ്രമവും ഊണും ഉറക്കവും വഴിയല്ല; നിരന്തരമായ കഠിനാധ്വാനവും നിരന്തരമായ പ്രയത്നവും വഴിയാണ്. സഹനം മനുഷ്യന്റെ ജന്മാവകാശമാണ്.
ഇതേക്കുറിച്ചു വി. ‘അമ്മ ത്രേസ്യയ്ക്കു പറയാനുള്ളത് ഇതാണ് :ഓരോ മണിക്കൂറും അവസാന മണിക്കൂറാണ് എന്നറിഞ്ഞാൽ അധ്വാനിക്കുന്നതുപോലെ, ആത്മാർത്ഥമായി ഇപ്പോൾ അധ്വാനിക്കുക.” വി. ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പ തന്റെ വിശുദ്ധിയിലേക്കുള്ള വിജയരഹസ്യം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “എനിക്ക് വിശ്രമം സ്വർഗത്തിലാണ്. ഞാൻ കഠിനാധ്വാനം ചെയ്യണ്ട നാളുകളാണ്. ഒരു നിമിഷം പോലും പാഴാകാതിരിക്കാൻ ഞാൻ അശ്രാന്തപരിശ്രമം നടത്തുന്നു.