ഏറ്റവും നിർമ്മലനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
മറിയത്തിന്റെ കന്യകാത്വത്തിന്റെ സംരക്ഷകനും, അതിലുപരി ഏറ്റം നല്ല സുഹൃത്തുമാകാൻ നിത്യ പിതാവിനാൽ നിശ്ചയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന ചാരിത്രശുദ്ധി എന്ന പുണ്യം എത്ര മഹനീയമെന്ന് ആർക്കു ഗ്രഹിക്കാൻ കഴിയും? വി. ഫ്രാൻസിസ് സാലെസ്.
ഏറ്റം വിശുദ്ധനായവനാണ് വിശുദ്ധ യൗസേപ്പിതാവ്. നീതിമാൻ, വിവേകി, ധീരൻ, അനുസരണയുള്ള വൻ, വിശ്വസ്തൻ തുടങ്ങിയ വിശേഷണങ്ങളും അദ്ദേഹത്തിന് നൽകപ്പെട്ടിരിക്കുന്നു. എല്ലാ പുണ്യങ്ങളിലും അതിരറ്റ ശോഭയിൽ തിളങ്ങി വിളങ്ങിയവനാണ് അദ്ദേഹം.
” നിന്റെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിന്റെ ഹൃദയവും “( ലൂക്കാ.12: 14). യൗസേപ്പിതാവ് മൂന്ന് നിക്ഷേപങ്ങളുടെ ഉടമയാണ്. ഈശോയും മറിയവും പിന്നെ നീയും. ഈ മൂന്ന് നിക്ഷേപങ്ങളാണ് അദ്ദേഹത്തിന്റെ ഹൃദയത്തെ കീഴടക്കിയിരിക്കുന്നത്!. അപ്പന് അനുയോജ്യനായ മകനോ മകളോ ആയി വേണ്ടേ നീ ജീവിക്കാൻ?. സ്നേഹനിധിയായ ഒരു അപ്പന്റെ ഹൃദയം. ആ ഹൃദയത്തിലേക്ക് നിനക്ക് പ്രവേശനമുണ്ട്. നിർമ്മല ഹൃദയത്തിൽ പ്രവേശിക്കുന്നത് നിർമ്മലനായി വേണമല്ലോ.ഈ അപ്പനെ നീ സ്നേഹിക്കണം, ആദരിക്കണം. മറ്റേതൊരു പിതാവിനേക്കാൾ ശക്തവും സൗമ്യവുമാണ് യൗസേപ്പിതാവിന്റെ ഹൃദയം. ഒരു പിതാവിന്റെയും രാജാവിന്റെയും പോരാളിയുടെയും നിർമ്മലവും സൗമ്യമായ ഒരു മനുഷ്യഹൃദയം അദ്ദേഹത്തിനുണ്ട്.
ശുദ്ധതയ്ക്ക് വേണ്ടിയുള്ള യുദ്ധത്തിൽ എല്ലാവരും യൗസേപ്പിതാവിന്റെ പക്കൽ അണയണം. ജഡികാസക്തികളാൽ അലട്ടപ്പെടാതിരിക്കാൻ ഈ പരിശുദ്ധനായ പിതാവിന്റെ സഹായം സദാ തേടുക. പ്രതിസന്ധികളിൽ ഈ നിന്റെ ആത്മീയ പിതാവിന്റെ അടുത്തേക്ക് ഓടുക. ആ കരങ്ങളിൽ മുറുകെ പിടിക്കുക. ശുദ്ധതയിൽ വളർത്താനും ദൈവ സ്നേഹത്തിലേക്കും പരസ്നേഹത്തിലേക്കും നയിക്കുവാനും അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ പിതൃത്വത്തിന്റെ അങ്കിക്കുള്ളിൽ ആയിരുന്നു അടരാടി ആത്മശരീര വിശുദ്ധിയിൽ ബലം പ്രാപിക്കയും വിജയം കൈവരിക്കുകയും ചെയ്യാം. ഈശോ, മറിയം, യൗസേപ്പേ എന്റെ സഹായത്തിന് എത്തണമേ എന്ന് പ്രാർത്ഥിക്കുക. വിജയം സുനിശ്ചിതം.
യൗസേപ്പിതാവ് മറിയത്തെ സ്നേഹിച്ചതുപോലെ ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താക്കന്മാരെ ആണ് ഇന്ന് ലോകത്തിന് ആവശ്യം. വിശുദ്ധരായ കുഞ്ഞുങ്ങൾ പിറന്നു കുടുംബത്തിനു മുതൽക്കൂട്ടാവും. യൗസേപ്പിതാവിനെ എല്ലാവരും അനുകരിച്ചാൽ അത് ഈ ഭൂമിയിൽ വിശുദ്ധിയുടെ ഒരു വിപ്ലവം തന്നെ ഉളവാക്കും. ഭർത്താക്കൻമാർ ഭാര്യമാരെ ദൈവാലയങ്ങൾ ആയി കണ്ട് ആദരിച്ച് അംഗീകരിച്ചാൽ കുടുംബങ്ങൾ നവീകരിക്കപ്പെടുമെ ന്നതിന് 100% ഉറപ്പ്. പരിശുദ്ധ അമ്മയോടൊപ്പം യൗസേപ്പിതാവ് ദൈവത്തിന്റെ ആനന്ദമായിരുന്നു ;മാലാഖമാർ നൽകുന്ന അതേ ആനന്ദം.കാരണം വ്യക്തം. ഇരുവരുടെയും ജീവിതത്തിൽ എല്ലാം വിശുദ്ധം! നിഷ്കളങ്കം! എല്ലാം മനോഹരം!
പ്രതിഷ്ഠ
പരിശുദ്ധഅമ്മയുടെ കന്യകാത്വത്തിന്റെ കാവൽക്കാരനും ഉറ്റസുഹൃത്തും നിത്യബ്രഹ്മചാരിയും ഏറ്റം വിശുദ്ധനും ദൈവഹിതം നിറവേറ്റുക ശീലമാക്കിയവനും ധീരനും വിശ്വസ്തനും വിനീതനുമായ വിശുദ്ധ യൗസേപ്പിതാവേ, ഞാൻ സവിനയം എന്നെ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. മൂന്ന് നിധികളുടെ ഉടമ ആണല്ലോ അങ്ങ്. മാതാവും ഈശോയും പിന്നെ ഞാനും.” നിന്റെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിന്റെ ഹൃദയവും “( ലൂക്കാ.12: 14). പിതാവേ എന്നോടൊപ്പമായിരുന്നു എന്നെ ഈശോയ്ക്കും മാതാവിനും അങ്ങേയ്ക്കും എപ്പോഴും പ്രിയങ്കരനായിരുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ! എന്നെ സഹായിക്കണമേ! എന്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെ നിർമ്മലമാക്കണമേ! പിതാവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു. ആദരിക്കുന്നു. എന്നും ഈശോയുടെ ധീര പടയാളിയായിരിക്കാൻ എനിക്ക് ശക്തിയും ധൈര്യവും പകർന്നു തരേണമേ! തിന്മയുടെ മായാവലയത്തിൽപ്പെട്ടു പോകാതിരിക്കാൻ എന്നെ അങ്ങ് പൊതിഞ്ഞു പിടിക്കണമേ! അങ്ങയുടെ പിതൃത്വത്തിന്റെ അങ്കിക്കുള്ളിൽ കാത്തുകൊള്ളുകയും ചെയ്യണമേ, ആമേൻ!
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.