തിരുസഭയുടെ സംരക്ഷകനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
സഭയ്ക്ക് യൗസേപ്പിതാവിന്റെ സംരക്ഷണം അത്യന്താപേക്ഷിതമാണ് . എന്നത്തേക്കാളും കൂടുതൽ ഇന്ന് സഭയ്ക്ക് അവശ്യാവശ്യകമാണ്. തിരുസഭയ്ക്ക് വെളിയിൽ നിന്നും സാത്താനും ലോകവും അവളെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു. സഭയ്ക്കുള്ളിൽ നിന്നു തന്നെയും പല മേഖലകളിൽ നിന്നും സഭാ മാതാവ് ക്രൂശിക്കപ്പെടുന്നു! ചില ഉന്നതമായ സ്ഥാനങ്ങളിൽ പോലും സാത്താൻ നുഴഞ്ഞു കയറിയിരിക്കുന്നു! ഇക്കാര്യത്തിൽ ഒരേ ഒരു പരിഹാരമേയുള്ളൂ. ആത്മാർത്ഥമായി അനുതപിച്ചു; തെറ്റ് ഏറ്റു പറഞ്ഞു മടങ്ങി വരുക. ഗോതമ്പും കളയും നെല്ലും പതിരും ഒരുമിച്ച് വളർന്നു വരുന്നു. സഭ സത്തയിൽ തന്നെ വിശുദ്ധയാണ് ( ഏകം,സാർവ്വത്രികം, അപ്പോസ്തോലികം, വിശുദ്ധം). എന്നാൽ, വിശുദ്ധി ഇല്ലാത്ത നിരവധി അംഗങ്ങൾ അതിലുണ്ട്. അവർ സഭയുടെ പരിശുദ്ധിക്ക് മങ്ങലേൽപ്പിക്കുന്നു. ദൈവത്തിന്റെ നീയോഗിത സമയത്ത് നെല്ലും പതിരും വേർതിരിക്കപ്പെടും ( മത്തായി 25 അന്ത്യവിധി ). വിശുദ്ധ യൗസേപ്പിതാവിനോടു ചേർന്നിരിക്കുക എന്നതാണ് നമ്മുടെ കടമ. സാർവത്രിക സഭയുടെ പ്രത്യേക സംരക്ഷകനാണദ്ദേഹം.
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ പഠിപ്പിക്കുന്നു :” നമ്മുടെ ജീവിതത്തിലുള്ള ദൈവിക പദ്ധതിയോട്, എളിമയുള്ള സഹപ്രവർത്തകരെപ്പോലെ, വിശ്വസ്തരായിരിക്കാൻ, അനുഗ്രഹീതയായ പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്തോടൊപ്പം ഏറ്റവും ശക്തിയേറിയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവും നമുക്ക് ആവശ്യമാണ്.
യൗസേപ്പിതാവ് സഭയെ സംരക്ഷിക്കും. നാം ജീവിക്കുന്ന ഈ കാലഘട്ടം അപമാനവും ആശയക്കുഴപ്പങ്ങളും ഭിന്നതയും അശുദ്ധിയും ആർഭാടവും അഹങ്കാരവും അസൂയയുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിശ്വസ്തരും തീക്ഷ്ണമതികളും പ്രത്യാശയുള്ളവരുമായിരിക്കുക ഒട്ടും എളുപ്പമല്ല. എങ്കിലും നമുക്ക് പ്രത്യാശയ്ക്ക് വകയുണ്ട്. കാരണം, അനുതപിച്ചു തന്നെ സമീപിക്കുന്നവരെ, അവിടുത്തോട് നിലവിളിച്ച് പ്രാർത്ഥിക്കുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ല. യൗസേപ്പിതാവ് നമ്മളെ ഒരിക്കലും ഉപേക്ഷിക്കയുമില്ല. സഭയിൽ സംഭവിക്കുന്നതൊക്കെ അദ്ദേഹം നന്നായി അറിയുന്നുണ്ട്.
ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്നു രക്ഷിച്ചതു പോലെ പിതാവ് നമ്മെയും പൊതിഞ്ഞു പിടിക്കും. പക്ഷേ,നാം നമ്മുടെ തെറ്റുകൾ തിരുത്തണം. അത് അദ്ദേഹം അങ്ങേയറ്റം ആഗ്രഹിക്കുന്നു.
ഇന്നു സഭയിൽ അനേകം താളപ്പിഴകൾ അഥവാ അവ താളങ്ങൾ ഉണ്ട്. അവിടുത്തെ സമയമാകുമ്പോൾ സ്വർഗ്ഗീയ പിതാവ് പ്രവർത്തിക്കും. നമ്മൾ വീണ്ടും സഭയുടെ മഹത്വം കാണും. എല്ലാം ദൈവപരിപാലനയുടെ കരങ്ങളിലാണ് . ധൈര്യമായിരിക്കുക.
മെക്സിക്കോയിലെ സഭയെ മത മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ, തീതുപ്പുന്ന സ്ക്വാഡുകൾക്കു മുൻപിൽ, ഒരു കൈയിൽ ക്രൂശിതരൂപവും മറു കൈയിൽ ജപമാലയും ഹൃദയത്തിൽ വിശുദ്ധ യൗസേപ്പിതാവിനെയും പേറിക്കൊണ്ട് രക്തസാക്ഷി മകുടം ചൂടിയ വാഴ്ത്തപ്പെട്ട മിഗ്വേൽ പ്രോ പ്രസ്താവിക്കുന്നു :” ഉയർത്തെഴുന്നേൽക്കുന്ന സഭയുടെ ശോഭ ഇപ്പോൾതന്നെ പ്രകടമായി കൊണ്ടിരിക്കുന്നു. എന്തെന്നാൽ സഭയുടെ പീഡനത്തിന്റെ മൂകത അതിന്റെ മൂർദ്ധന്യാവസ്ഥയിലാണ്”.
ഈശോയെയും പരിശുദ്ധ അമ്മയെയും യൗസേപ്പിതാവിനെയും മുറുകെ പിടിക്കാം. അവർ നമ്മോടൊപ്പമുണ്ട്, ഉറപ്പ്. ദൈവപരിപാലനയിൽ പൂർണമായി ശരണപ്പെടാം.
ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, ഞങ്ങളിൽ കനിയേണമേ.
പ്രതിഷ്ഠ
ഞാൻ……………….. എന്ന ദൈവപൈതൽ വിശുദ്ധ യൗസേപ്പിതാവിനെ എന്റെ ആത്മീയ പിതാവായി സ്വീകരിക്കുന്നു. അങ്ങയെ അറിയാനും സ്നേഹിക്കാനും അങ്ങേയ്ക്ക് പരിപൂർണമായി സമർപ്പിക്കാനും അങ്ങയുടെ പക്കലേക്ക് എന്നെ അടുപ്പിച്ചത് ഈശോയുടെ മാതാവുമാണെന്ന് എനിക്കുറപ്പുണ്ട്. സ്നേഹാദരവുകളോടെ ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് മുഴുവനായി സമർപ്പിക്കുന്നു. അങ്ങ് എപ്പോഴും എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓ, മഹാ നീതിമാനായ യൗസേപ്പിതാവേ, എന്നെ അങ്ങയുടെ ആത്മീയ ശിശുവായി സ്വീകരിക്കണമേ! അങ്ങയുടെ പിതൃസംരക്ഷണ വലയത്തിൽ നിന്ന് ഒന്നും ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ അമ്മയ്ക്ക്, എന്റെ ആത്മീയ മാതാവിന് അങ്ങ് എല്ലാമെല്ലാമായിരുന്നു. അമ്മയോട് നിത്യം വിശ്വസ്തനായിരുന്നതിനാൽ അങ്ങേയ്ക്ക് നന്ദി . അമ്മയെ ഇത്രയധികം കരുതി സ്നേഹിച്ചതിനും അമ്മയുടെ ശുശ്രൂഷയ്ക്ക് അങ്ങയുടെ ജീവിതം പൂർണ്ണമായും സമർപ്പിച്ചതിനും അങ്ങേയ്ക്ക് നന്ദി. എന്റെ ദിവ്യ രക്ഷകന്റെ ജീവൻ രക്ഷിച്ചതിനും അങ്ങേയ്ക്ക് നന്ദി. കുരിശിൽ തന്റെ രക്തം എനിക്കായി ചൊരിഞ്ഞതിനും നന്ദി. സ്വർഗ്ഗത്തിലെ എന്റെ നിത്യജീവിതത്തെ കുറിച്ച് എനിക്ക് പ്രത്യാശ തന്നതിനും പ്രത്യേകം നന്ദി.
അങ്ങ് എന്നെ സദാ നയിക്കുമെന്നും സംരക്ഷിക്കുമെന്നും എനിക്ക് നന്നായി അറിയാം. പ്രാർത്ഥനയുടെയും പുണ്യത്തിന്റെയും വിശുദ്ധിയുടെ യും പാതയിൽ എന്നെ എപ്പോഴും നയിക്കേണമേ! എന്റെ പിതാവേ എനിക്ക് അങ്ങേ പോലെ ആകണം. എനിക്ക് വിശുദ്ധനും സ്നേഹനിർഭരനും വിനീതനും കരുണാർദ്രനുമാകണം. ഇനി ഞാൻ അങ്ങയുടേതാണ് ; അങ്ങ് എന്റെ തും. അങ്ങയെ ഒരിക്കലും വിസ്മരിക്കില്ല എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. അങ്ങ് എന്നെ മറക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ഉറപ്പ് എനിക്ക് നൽകുന്ന ആനന്ദം അതിരറ്റതാണ്. ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.