കന്യകമാരുടെ സംരക്ഷകനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
വിശുദ്ധ കൊച്ചുത്രേസ്യ രേഖപ്പെടുത്തിയിരിക്കുന്നു. ” എന്നെ എപ്പോഴും കാത്തു സംരക്ഷിക്കണമെന്ന് ഞാൻ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥിച്ചിരുന്നു. എന്റെ ശൈശവം മുതൽ അദ്ദേഹത്തോടുള്ള ഭക്തി എനിക്ക് അനുഗ്രഹീത മറിയത്തോടുള്ള സവിശേഷ ഭക്തിയുമായി കൂടിക്കലർന്നതാണ്. കന്യകമാരുടെ പിതാവും സംരക്ഷകനുമായവനേ എന്ന പ്രാർത്ഥനാ ഞാനെന്നും ചൊല്ലുമായിരുന്നു. ഞാൻ നന്നായി സംരക്ഷിക്കപ്പെട്ടതായി എല്ലാവിധ അപകടങ്ങളിൽ നിന്നും പൂർണമായി സുരക്ഷിതയാക്കപെട്ടതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് “.
സന്യാസ വ്രതങ്ങളിലൂടെ ഈശോയ്ക്ക് പൂർണമായും സമർപ്പിതരായ വ്യക്തികളോട് യൗസേപ്പിതാവിനു പ്രത്യേക പരിഗണനയാണ്. അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്നു എന്ന വസ്തുത നിലനിൽക്കെയാണ് ഈ പ്രത്യേക കരുതൽ. കന്യകയായ സന്യാസിനിക്കും ബ്രഹ്മചാരിയായ പുരോഹിതനും അറിയാം തങ്ങൾ ഈശോയെ ആത്മമണവാളനാക്കാൻ വിളിക്കപ്പെട്ടവരാണെന്ന്. ഇതിൽ അവരെ ഏറ്റവുമധികം സഹായിക്കുന്നത് ഈശോ തന്നെയാണ്. തൊട്ടടുത്തുള്ള പരിശുദ്ധ അമ്മ തന്നെയാണ്. അമ്മയുടെ തൊട്ടടുത്ത നിൽക്കുന്നത് നിത്യ നാസീർ വ്രതക്കാരനായ യൗസേപ്പിതാവും.
വിശുദ്ധ ഫൗസ്റ്റീനയ്ക്ക് യൗസേപ്പിതാവിനോട് അത്യഗാധമായ ഭക്തി ഉണ്ടായിരുന്നു. അവൾ എഴുതുന്നു: തന്നോട് അതിരറ്റ ഭക്തിയുള്ളവളാകാൻ യൗസേപ്പിതാവ് എന്നെ പ്രചോദിപ്പിച്ചു. എല്ലാദിവസവും സ്വർഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, ത്രിത്വ സ്തുതി ഈ മൂന്ന് പ്രാർത്ഥനകളും, എത്രയും ദയയുള്ള വിശുദ്ധ യൗസേപ്പിതാവേ എന്ന പ്രാർത്ഥന എന്നും ചൊല്ലണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. മഹത്തായ കരുണയോടെ അദ്ദേഹം എന്നെ വീക്ഷിക്കുകയും എന്റെ കരുണയുടെ സംരംഭത്തെ വളരെയധികം സഹായിക്കുമെന്ന് അറിയാൻ എനിക്ക് ഇടയാക്കുകയും ചെയ്തു. തന്റെ പ്രത്യേകമായ സംരക്ഷണവും സഹായവും അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തു. അദ്ദേഹം നിർദ്ദേശിച്ച പ്രാർത്ഥനകൾ ഞാൻ ദിവസവും ചൊല്ലുകയും എനിക്ക് പ്രത്യേക സംരക്ഷണം അനുഭവപ്പെടുകയും ചെയ്തു “.
കന്യാകത്വത്തിന്റെയും ശുദ്ധതയുടെയും കാവൽക്കാരനാ( കാവല്ക്കാരി യാകാൻ)കാൻ യൗസേപ്പിതാവ് നമ്മെ ഓരോരുത്തരെയും സഹായിക്കും. സ്നേഹനിർഭരമായ ഒരു ബന്ധം അദ്ദേഹവുമായി അനുദിനം സൂക്ഷിച്ചാൽ നിങ്ങളുടെ നിയോഗങ്ങളും ചിന്തകളും ബന്ധങ്ങളും ദൈവത്തിന് പ്രീതികരവും ശുദ്ധക്കെതിരായി വരുന്ന എല്ലാറ്റിൽ നിന്നും വിമോചിതർ ആയിരിക്കും. അദ്ദേഹത്തോടൊപ്പം നടക്കുന്നവർ സുരക്ഷിതരായിരിക്കും. ദൈവത്തിനു മുറിവേൽപ്പിക്കാൻ ഒരുവിധത്തിലും ഇടവരുത്തുകയും ഇല്ല. അന്ധകാരത്തിൽ നിന്ന് പ്രകാശത്തെ തിരിച്ചറിയാൻ കഴിവും ലഭിക്കും. ശുദ്ധതയുടെ സംരക്ഷകനും കാവല്ക്കാരനുമാണ് യൗസേപ്പിതാവ്. പ്രലോഭന നിമിഷങ്ങളിൽ സ്നേഹസമ്പന്നനായ ആ പിതാവിലേക്ക് തിരിയുക. നിങ്ങൾ നിഷ്കളങ്കതയിലും ശുദ്ധതയിലും വളരും. വിശുദ്ധരായി ജീവിക്കാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം എന്നും നേടുക.
” എന്റെ ഹൃദയത്തിന്റെ തീഷ്ണതയോടെ കൂടി ഞാൻ എന്നെത്തന്നെ ആർക്കു ഭരമേല്പിച്ചുവോ ആ മഹത്വവാനായ വിശുദ്ധ യൗസേപ്പിതാവ് നിന്റെ സംരക്ഷകനും അഭിഭാഷകനുമാണ്. എന്റെ ആത്മാവിന്റെ സ്നേഹനിധിയായ പിതാവും വാത്സല്യമുള്ള സംരക്ഷകനുമായവൻ എന്റെ ശരീരത്തെ രോഗാവസ്ഥ എന്ന ദുരവസ്ഥയിൽ നിന്ന് എന്നെ തിടുക്കത്തിൽ വിമോചിപ്പിച്ചു. എനിക്കുള്ള ആദരവും നിത്യ രക്ഷയും അപകടത്തിലാക്കുന്ന മറ്റൊരു മഹാവിപത്തിൽ നിന്നും അദ്ദേഹം എന്നെ വിമോചിപ്പിച്ചു.
പ്രതിഷ്ഠ
കന്യകമാരുടെയും ബ്രഹ്മചാരി കളുടെയും പിതാവും രക്ഷകനുമായവനേ, അവരോട് പ്രത്യേക പരിഗണനയുള്ളവനേ, ഞാൻ എന്നെത്തന്നെ അങ്ങയുടെ സവിശേഷ സംരക്ഷണത്തിന് പ്രതിഷ്ഠിക്കുന്നു. എന്റെ ആത്മമണവാളനായ ഈശോയെ ഒരിക്കലും വേദനിപ്പിക്കാതെ, അവിടുത്തോട് തികഞ്ഞ വിശ്വസ്തതയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്നെ സഹായിക്കണമേ! എപ്പോഴും ദൈവത്തിന് പ്രീതികരമായ ശുദ്ധത പാലിക്കാൻ സഹായകമായ കാര്യങ്ങൾക്ക് മാത്രം ചിന്തയിൽ പോലും ബോധപൂർവ്വം കാത്തുസൂക്ഷിക്കാൻ എന്നെ സഹായിക്കണമേ! അന്ധകാരത്തിൽ നിന്ന് പ്രകാശത്തെ തിരിച്ചറിയാൻ എന്നെ ശക്തിപ്പെടുത്തണമേ! എനിക്കുവേണ്ടി എന്നും എപ്പോഴും മാധ്യസ്ഥ്യം വഹിക്കണമേ. ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.