വിരോധാഭാസമോ!

ആര്ഭാടത്തിനും ആഡംബരത്തിനും ഒരു ചെറിയ പരിധിവരെ മറ്റുള്ളവരെ ആകർഷിക്കാൻ കഴിഞ്ഞേക്കും. ദാരിദ്ര്യവും ലാളിത്യവും മറ്റുള്ളവരെ വളരെയധികം ആകർഷിക്കും. ദാരിദ്ര്യത്തെ പ്രണയിച്ച ഫ്രാൻസിസ് പിതാവിന്റെ സ്വാധീനം മാനവഹൃദയങ്ങളിൽ എത്രയധികമെന്നത് സുവിദിതമാണ്.

കോടിശ്വരനായ ഫെവറോൺ പ്രഭുവിന്റെ പുത്രിയായിരുന്നു ക്ലാര. ഒരുനാൾ അവൾ ഫ്രാൻസിസ് പിതാവിനെ സമീപിച്ചു പറഞ്ഞു: സമ്പൂർണ ദാരിദ്ര്യം വരിച്ചു ഈശോനാഥാനെ അനുഗമിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. സധൈര്യം, സുശക്തം അവൾ പ്രഖ്യാപിച്ചു. കോടിശ്വരനായ ഫറവോനെ പ്രഭുവിന്റെ മകൾക്കു, തന്റെ ഭൗതിക സ്വത്തു മുഴുവൻ പരിത്യജിക്കാൻ സാധിക്കും. പരുക്കൻ വസ്ത്രം ധരിക്കാനും ബെൽറ്റിന് പകരം കയർ അരയിൽകെട്ടി ജീവിക്കാനും കഴിയും. നഗ്നപാദുകയായി നടക്കുക അവൾക്കു അനായാസമായിരിക്കും. വീടുകൾ കയറിയിറങ്ങി ഭിക്ഷ യാചിക്കുക, കുഷ്ടരോഗികളെ ശുശ്രൂക്ഷിക്കുക ഇവയൊക്കെ എനിക്ക് എളുപ്പമാണ്. എനിക്ക് ഈശോയെ മാത്രം മതി. സർവ്വസംഗപരിത്യാഗത്തിൽ, പരിപൂർണ ദാരിദ്ര്യത്തിൽ, ഈശോയുടെ സുവിശേഷാനുസൃതം, നിത്യകന്യകയായി എനിക്ക് ജീവിക്കണം.

ഒരു വലിയ വെല്ലുവിളിയെ വരിക്കുകയായി ക്ലാര. സുചിന്തമായ, ‘ദൈവനിവേശിതമായ’ അവളുടെ തീരുമാനം ഫ്രാൻസിസ് പിതാവ് അംഗീകരിച്ചു. കല്ലുപാകിയ തറയിൽ വൈക്കോൽ വിരിച്ചാണ് ക്ലാരയും സഹ സഹോദരിമാരും വിശ്രമിച്ചിരുന്നത്. ഉണങ്ങിയ മുന്തിരിക്കമ്പുകൾ തറയിൽ വിരിച്ചും ഒരു തടിക്കഷണം തലയിണയായി ഉപയോഗിച്ചും ഉറങ്ങുക അവർക്കു അനായാസവും സന്തോഷകരവുമായിരുന്നു. ‘ദാരിദ്ര്യ സഹോദരിമാരുടെ അയോഗ്യ ദാസി’ എന്നുമാണ് അവൾ സ്വയം വിശേഷിപ്പിച്ചിരുന്നത്.

അവൾ പ്രഖ്യാപിക്കുന്നു: ലോകമേ, നിന്റെ മാസ്മതികത വിശുദ്ധരെ തെല്ലും ഉന്മത്തരാക്കില്ല. നിന്റെ പ്രൗഢിയുടെ പ്രലോഭനങ്ങൾക്ക് മുൻപിൽ അവർ മുട്ടുമടക്കില്ല. സ്വർഗീയ വിഭവങ്ങൾ ആസ്വദിക്കാൻ ലൗകിക വിഭവങ്ങളെ അവർ ഉച്ചിഷ്ടം പോലെ കരുതി ഉപേക്ഷിക്കുന്നു.