തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
സത്യസന്ധനും ബുദ്ധിമാനുമായ തൊഴിലാളിയെ സാത്താൻ അകാരണമായി വെറുക്കുന്നു. ഏദൻതോട്ടത്തിൽത്ത ന്നെ പരിപാടി അവൻ തുടങ്ങി. ആദത്തെയും ഹവ്വയെയും അവൻ വഞ്ചനയിലൂടെയും നുണയിലൂടെയും വഞ്ചിച്ചു, തറപറ്റിച്ചു. ഒപ്പം മാനവരാശിയെ മുഴുവനും. വർഷങ്ങളോളം വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം ഈശോയും അധ്വാനിച്ചു. ഈശോയുടെ രക്ഷാകര പ്രവർത്തനങ്ങൾക്കുള്ള ഒരുക്കമായിരുന്നു അത്. തന്റെ മനുഷ്യാവതാരത്തിലൂടെയും മനുഷ്യപ്രവർത്തിയെ ഈശോ പവിത്രമാക്കി. അങ്ങനെ അധ്വാനിക്കുന്ന മനുഷ്യനെ മാഹാത്മ്യമുള്ളവനാക്കി. ദൈവമായ ഈശോ സ്വയം എളിമപ്പെട്ട് യൗസേപ്പിതാവിനോടൊപ്പം ജോലിചെയ്തു. അപ്പനിൽ നിന്നു പരിശീലനം നേടിയാണ് അവിടുന്ന് പണി ആരംഭിച്ചത്.
തൊഴിലാളികൾക്ക് എല്ലാം മാതൃകയാണ് യൗസേപ്പിതാവ്. കഠിനാധ്വാനത്തിന്റെ മാതൃകയായിരുന്നു അദ്ദേഹം. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമാണ് കഠിനാധ്വാനം. ഇപ്രകാരം അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും അത്താണിയാണ് നമ്മുടെ കർത്താവ്. അവിടുന്ന് അവരെ ധാരാളമായി ആശ്വസിപ്പിക്കും. മത്തായി 11: 28 -30.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
എങ്ങനെ ഒരു കൂർമബുദ്ധിയുള്ള തൊഴിലാളിയാകണമെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കും. ഈശോ തന്റെ പരസ്യ ശുശ്രുഷ ആരംഭിക്കുന്നതിനുമുമ്പ് അനേക വർഷം അനുദിനം ജോലി ചെയ്തു. ജോലി ആദരണീയവും ദൈവത്തിന് പ്രീതികരവും ആണെന്ന് നമ്മെ പഠിപ്പിക്കാനാണ് അവിടുന്ന് അപ്രകാരം ചെയ്തത്. ഒപ്പം ജോലിയെ വിശുദ്ധീകരിക്കാനും. യൗസേപ്പിതാവിന്റെ സ്നേഹനിർഭരമായ മാതൃകയിൽ നിന്നാണ് തന്റെ ജീവിതത്തിൽ ജോലിക്കുള്ള സ്ഥാനം ഈശോ കണ്ടെത്തിയത് എന്നുവേണം കരുതാൻ.
ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുന്ന പുരോഹിതന്മാർ, മെത്രാന്മാർ, സന്യസ്തർ, തുടങ്ങിയവർക്ക് അതിശ്രേഷ്ഠനായ ഒരു മാതൃക തൊഴിലാളിയാണ് യൗസേപ്പിതാവ്. ദൈവത്തിന്റെ പൂന്തോട്ടത്തിൽ ജാഗരൂകതയോടെയും വിശ്വസ്തതയോടെയും പ്രവർത്തിക്കുക ഭാരമുള്ളതും വിഷമമേറിയതുമാണ്. തിന്മയെ ചെറുത്തുനിൽക്കാൻ സഭയ്ക്കും സഭാതനയർക്കും ശക്തമായ സംരക്ഷണമാണു വിശുദ്ധ യൗസേപ്പിതാവ് നൽകുന്നത്. പിശാചുക്കളുടെ ഭീതി കാരണമേ എന്ന് കത്തോലിക്കാ സഭ യൗസേപ്പിതാവിനെ വിശേഷിപ്പിക്കുന്നതും, അങ്ങനെ വിളിച്ച് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നതും തിന്മയോട് പടവെട്ടാനും അതിനെ പരാജയപ്പെടുത്താനുമാണ്. തൊഴിലാളികളുടെ അവകാശ പ്രശ്നങ്ങളിലും അവർ വിശുദ്ധ യൗസേപ്പിതാവിന്റെ സഹായം വിളിച്ചപേക്ഷിക്കുന്നുണ്ട്. പന്ത്രണ്ടാം പീയൂസ് മാർപാപ്പ തൊഴിലാളിയായ യൗസേപ്പിതാവിന്റെ തിരുനാൾ ആരാധനക്രമത്തിൽ ഉൾപ്പെടുത്തി. അദ്ദേഹം ഇങ്ങനെ എഴുതി: “എല്ലാവർഷവും മെയ് ഒന്നാം തീയതി തൊഴിലാളിയായ യൗസേപ്പിതാവിന്റെ തിരുനാൾ സ്ഥാപിക്കാനുള്ള നമ്മുടെ തീരുമാനം നിങ്ങളെ അറിയിക്കാൻ എനിക്ക് അതിയായ സന്തോഷമുണ്ട്”..
നസ്രത്തിലെ എളിയ തൊഴിലാളി അധ്വാനിക്കുന്ന മനുഷ്യനെ ദൈവത്തിന്റെയും സഭയുടെയും മുന്നിൽ സമർപ്പിക്കുന്ന വിശുദ്ധൻ മാത്രമല്ല,നിന്നെയും നിന്റെ കുടുംബത്തിന്റെയും ദയാലുവായ സംരക്ഷകൻ കൂടിയാണ്. സത്യത്തിൽ യൗസേപ്പിതാവ് അന്ധകാരത്തിൽ പ്രകാശം ആണ്. കുടുംബത്തിന്റെ ശത്രുക്കളുടെ ദുഷ്ടത അദ്ദേഹം വെളിച്ചത്തു കൊണ്ടുവരുന്നു. വ്യക്തികളുടെയും കുടുംബങ്ങളുടെയും മനസ്സിൽ നിന്നും ദൈവത്തെ നിഷ്കാസനം ചെയ്യുന്നതും മനുഷ്യ മാഹാത്മ്യം ഇകഴ്ത്തി കളയുന്നതുമായാ തെറ്റായ നിലപാടുകളിലെ അന്ധകാരത്തെ വിശുദ്ധ യൗസേപ്പിതാവ് പ്രകാശത്തിലേക്ക് കൊണ്ടു വരുന്നു.പിശാചുക്കളുടെ പരിഭ്രമമാണദ്ദേഹം.
അധ്വാനത്തിന്റെ നിയമം മഹോന്നതൻ മാനവരാശിക്ക് കൽപ്പിച്ചരുളിയതാണ്. യൗസേപ്പിതാവിന്റെ മാതൃകയാലും മധ്യസ്ഥതയാലും ഈ കല്പന ശിരസാവഹിക്കാനും യൗസേപ്പിതാവ് നമ്മെ സഹായിക്കും.
പ്രതിഷ്ഠ
ഈശോയെ അധ്വാനപാതയിൽ പരിശീലിപ്പിച്ച, തൊഴിലാളികളുടെ സമുന്നത മാതൃകയായ, കഠിനാധ്വാനത്തിന്റെ പര്യായമായ യൗസേപ്പിതാവേ, ഞാൻ എന്നെത്തന്നെ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. തിന്മയെ ചെറുത്തുനിൽക്കാൻ എന്നെ പഠിപ്പിക്കണമേ! അങ്ങയെപ്പോലെ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ! അന്ധകാര ശക്തികളുടെ സ്വാധീനവലയത്തിൽപ്പെട്ടുപോകാതിരിക്കാൻ എനിക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ! ജോലിയിൽ ആത്മാർത്ഥതയും സത്യസന്ധതയും നീതിബോധവും വിശ്വസ്തതയും അഭ്യസിച്ച് അഖിലേശനെ മഹത്വപ്പെടുത്താനുള്ള കൃപയ്ക്കായി അങ്ങ് കനിവാർന്നു പ്രാർത്ഥിക്കണമേ! പിശാചുക്കളുടെ പരിഭ്രമമേ, പാപാന്ധകാര്യത്തിൽ നിന്നു എല്ലാ നന്മകളുടെയും പ്രകാശത്തിലേക്ക് കടന്നു വരാൻ എന്നെ പരിശീലിപ്പിക്കണമേ ” ആമേൻ.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.