ചെറുപുഷ്പ്പം എന്ന് അറിയപ്പെടുന്ന മരിയ ഫ്രാൻസിസ് തെരേസ മാർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണിൽ ജനിച്ചു. പിതാവ് ലൂയി മാർട്ടിൻ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി ആയിരുന്നതുകൊണ്ട് മരിയ, പൗളി, ലിയോണി, സെലിൻ, തെരേസ എന്നീ അഞ്ചു കുട്ടികളും ഡാന്സിലും പ്രേമവ്യാപാരങ്ങളിലും മുഴുകി ലൗകായതികരരായി മാറാമായിരുന്നു. എന്നാൽ നാലുപേർ കർമലീത്താ സഭയിലും ലിയോണി വിസിറ്റേഷൻ സഭയിലും ചേരുകയാണ് ചെയ്തത്. തെരേസയ്ക്കു 4 വയസ്സുള്ളപ്പോൾ ‘അമ്മ മരിച്ചു. താമസിയാതെ മാർട്ടിൻ ലിസ്യൂവിലെക്കു മാറി താമസിച്ചു. 10 വയസ്സ് പൂർത്തിയായപ്പോൾ ത്രേസിയായിക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഒരു മാസത്തോളം ത്രേസ്യ രോഗിണിയായി കിടന്നു. 1883 മെയ് പതിമൂന്നാം തീയതി പെന്തക്കുസ്താ ദിവസം ത്രേസ്യയുടെ മുറിയിൽ ഇരുന്നിരുന്ന വിജയമാതാവിന്റെ രൂപം ത്രേസ്യയെ നോക്കി പുഞ്ചിരി തൂകി; അതോടെ ത്രേസ്യയുടെ ആലസ്യം നീങ്ങി. അന്ന് പ്രകടമായ ദൈവമാതൃസ്നേഹം അന്ത്യംവരെ ത്രേസ്യ ആസ്വദിച്ചു.
15 വയസ്സിൽ കർമലീത്താ മഠത്തിൽ ചേരാനുള്ള അനുവാദം വാങ്ങാൻ പിതാവിന്റെ കൂടെ റോമിൽ പോയി പതിമൂന്നാം ലിയോൺ മാർപാപ്പയോടു അഭ്യർത്ഥിച്ചു. ദൈവം തിരുമനസ്സാകുമെങ്കിൽ കാര്യം നടക്കുമെന്നായിരുന്നു സമർത്ഥനായ മാർപാപ്പയുടെ മറുപടിയെങ്കിലും കാര്യം നടന്നു. 1889 ജനുവരി പത്താം തീയതി സഭാവസ്ത്രം സ്വീകരിച്ചു; അടുത്ത വര്ഷം സെപ്തംബര് എട്ടാം തീയതി പ്രഥമ വൃഥാവാഗ്ദാനം ചെയ്തു. അപ്പോഴേയ്ക്കും പിതാവ് തളർവാത രോഗിയായി കായേൻ ആശുപത്രിയിൽ കിടപ്പായി. 1893 മുതൽ ഏതാനും കാലം നവ സന്യാസിനിഗുരുവായി ജോലി ചെയ്തിട്ടുണ്ടെങ്കിലും 24 വർഷത്തേക്ക് മാത്രം നീണ്ടുനിന്ന ആ ജീവിതത്തിന്റെ അവസാനഭാഗം ക്ഷയരോഗത്തിൽ കഴിഞ്ഞു. “ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു,” എന്ന് പറഞ്ഞു 1897 സെപ്തംബര് മുപ്പതാം തീയതി ചെറുപുഷ്പം അടർന്നുവീണു. സ്വർഗ്ഗത്തിൽനിന്നു ഞാൻ റോസാപ്പൂക്കൾ വാർഷിക്കുമെന്ന വിശുദ്ധയുടെ വാഗ്ദാനം ഇന്നും നിറവേറിക്കൊണ്ടിരിക്കുകയാണ്. ഒരാഗോള മിഷനറി ആകാൻ ആഗ്രഹിച്ച ത്രേസ്യയെ 1928 ൽ പതിനൊന്നാം പിയൂസ് മാർപാപ്പ വേദപ്രചാര മധ്യസ്ഥയായി പ്രഖ്യാപിച്ചപ്പോൾ അവളുടെ അഭീഷ്ടം നിറവേറി.
മരിക്കുന്നതിന് മുൻപ് തന്റെ ജ്യേഷ്ഠ സഹോദരിമാരുടെയും മഠാധിപയായ ഗോണ്സാഗമ്മയുടെയും ആജ്ഞാനുസരണം സ്വന്തം ജീവിത ചരിത്രമെഴുതി. ത്രേസ്യയുടെ ആധ്യാത്മിക ശിശുത്വവും സമ്പൂർണ ആത്മസമർപ്പണവും കുറുക്കവഴിയും ആ സുന്ദര ഗ്രന്ഥത്തിന്റെ താളുകളിൽ സുലളിതമായ ഫ്രഞ്ചുഭാഷയിൽ എഴുതിയിരിക്കുന്നു. ആ സ്വയംകൃത ചരിതവും വിശുദ്ധ എഴുതിയ കത്തുകളുടെ സമാഹാരമായ നവമാലിക സഖിയും ആധ്യാത്മിക ഗ്രന്ഥങ്ങളിൽ അതിശ്രേഷ്ട്ടമായ സ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്. 1925 മെയ് പതിനേഴിന് വിശുദ്ധയുടെ ചർമത്തിന്റെ ഇരുപത്തിയെട്ടാം വര്ഷം പതിനൊന്നാം പിയൂസ് മാർപാപ്പ ചെറുപുഷ്പത്തെ എടുത്തു ബലിപീഠത്തിൽ സ്ഥാപിച്ചു.