1. പ്രാർത്ഥന
കാർമ്മികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് റൂഹാക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്നു മിശിഹായുടെ ശരീരരക്തങ്ങളിന്മേൽ ”അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവ്വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ” എന്നു പ്രാർത്ഥിക്കുന്നു. അർപ്പകരുടെ ”കടങ്ങളുടെ പൊറുക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടുമോന്നിച്ചു സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ” എന്നും കാർമ്മികൻ പ്രാർത്ഥിക്കുന്നു.
രണ്ടാം ഭാഗത്ത് കാർമ്മികൻ ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ പ്രതി അവിടുത്തെ പ്രകീർത്തിക്കുന്നു; ഒപ്പം അവിടുത്തേക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന്, അദ്ദേഹം സജീവവും പരിശുദ്ധവും ജീവദായകവുമായ ദൈവത്തിന്റെ തിരുനാമത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലും വിശിഷ്യാ, പരിശുദ്ധ കത്തോലിക്ക സഭയിലും ശാനിതിയും സമാധാനവും പുലർത്തണമെന്നും സഭയെയും രാഷ്ട്രത്തെയും ഐക്യത്തിൽ സംരക്ഷിക്കണമെന്നും യുദ്ധങ്ങൾ ഒഴിവാക്കണമെന്നും യുദ്ധപ്രിയരായി ഭിന്നിച്ചു നിൽക്കുന്ന ജനതകളെ ചിതറിക്കണമെന്നും വിനയത്തിലും ദൈവഭയത്തിലും സമാധനപൂർവ്വകവും ശാന്തവുമായ ജീവിതം നയിക്കാൻ താനുൾപ്പെടുന്ന ആരാധനസമൂഹത്തിനു സാധിക്കട്ടെയെന്നും സ്വർഗ്ഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹായുടെ പുരോഹിതൻ പ്രാർത്ഥിക്കുന്നി.
തദനന്തരം, തന്റെ കാരുണ്യത്തിനൊത്തവിധം ദൈവത്തിനു തന്നോടു കരുണ തോന്നണമേയെന്നും അവിടുത്തെ കാരുണ്യതിരേകത്തിനുസൃതമായി തന്റെ പാപങ്ങൾ മായിച്ചുകളയണമേയെന്നും കാർമ്മികൻ, അത്യന്തം എളിമയോടെ, ദൈവത്തോടു പ്രാർത്ഥിക്കുന്നു.
2. റൂഹാക്ഷണ പ്രാർത്ഥനയുടെ ലക്ഷ്യങ്ങൾ
വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മക്ഷണം ലക്ഷ്യമാക്കുന്നതു താഴെപ്പറയുന്ന കാര്യങ്ങളാണ്.
1. ബലിവസ്തുക്കളെ ആശീർവ്വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യുക
2. ഇപ്രകാരം പവിത്രീകരിക്കപ്പെട്ട തിരുശ്ശരീരരക്തങ്ങൾ അർപ്പകരുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാക്കിത്തീർക്കുക.
3. മരിച്ചവരുടെ ഉയിർപ്പിലുള്ള പ്രത്യാശ ഏവരിലും വളർത്തുക
4. സ്വർഗ്ഗത്തിൽ വിശുദ്ധരോടൊന്നിച്ചു പുതുജീവന് അർപ്പകരെ അർഹരാക്കുക
പവിത്രീരിക്കുക എന്നതു പരിശുദ്ധാത്മാവിന്റെ ധർമ്മമാണ്. റൂഹാക്ഷണ പ്രാർത്ഥനയോടെ പൂർത്തിയാകുന്നു. ഈശോ വിശുദ്ധകുർബാന സ്ഥാപിച്ച് നമ്മുടെ രക്ഷയ്ക്കു വേണ്ടിയാണ്. ഈ രക്ഷ പാപത്തിൽ നിന്നുള്ള രക്ഷയാണ്. അതുകൊണ്ടുതന്നെ വിശുദ്ധകുർബാനയിൽ സജീവമായും
അർത്ഥപൂർണ്ണമായും പങ്കെടുത്താൽ അതുവഴിയും നമുക്കു പാപമോചനം ലഭിക്കും.
അനുരജ്ഞന കാറോസൂസായിലെ ശുശ്രൂഷിയുടെ ആഹ്വാനം പാപമോചനത്തോടു ബന്ധപ്പെടുത്തിവേണം നാം മനസ്സിലാക്കാൻ. ”അനുതാപത്തിൽ നിന്നുളവാകുന്ന ശരണത്തോടെ അപരാധങ്ങിൽ നിന്നു പിന്തിരിഞ്ഞുകൊണ്ടും പാപങ്ങളെക്കുറിച്ചു പശ്ചാപത്തപിച്ചുകൊണ്ടും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടും നമുക്കു സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.” ഇതിനു മറുപടിയായി സമൂഹം ചൊല്ലുന്ന പ്രാർത്ഥനയും പാപമോചനത്തിനുള്ളതാണ്. ”കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.” മേൽപ്പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാത്ത ആർക്കും പാപമോചനം ലഭിക്കുകയില്ല.
3. സുഗന്ധപൂരിതരാക്കണമേ
ആഘോഷമായ കുർബാനകളിൽ ധൂപം ആശീർവ്വദിച്ചു കൊണ്ട് കാർമ്മികൻ, വലിയ അനുതാപത്തേടെ, തന്റെ കടങ്ങളുടെ പാപങ്ങളും ക്ഷമിക്കണമെന്നും ദൈവത്തിന്റെ കാരുണ്യം കാത്തുനിൽക്കുന്ന ജനത്തെ സുഗന്ധപൂരിതരാക്കണമേ (വിശുദ്ധീകരിക്കണമേ) ന്നും ബലിപീഠത്തെയും പാപമോചകമായ തിരുശ്ശരീരരക്തങ്ങളെയും സുഗന്ധപൂരിതമാക്കണമെന്നും കർത്താവായ ദൈവത്തോട് അത്യന്തം വിനയത്തോടെ പുരോഹിതൻ പ്രാർത്ഥിക്കുന്നു.
അടുത്ത പ്രാർത്ഥനയിൽ കാർമ്മികൻ, ഈശോയുടെ തിരുശ്ശരീരരക്തങ്ങൾ സ്വീകരിക്കാനുള്ള തന്റെയും ജനത്തിന്റെയും തികഞ്ഞ അയോഗ്യത ഏറ്റുപറയുകയും ദൈവത്തിന്റെ അനന്തകരുണയിൽ പരിപൂർണ്ണമായി ആശ്രയിച്ചുകൊണ്ടു സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളെ സമീപിക്കുന്നുവെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹം നമ്മുടെ അയോഗ്യതയെ യോഗ്യതയാക്കി മാറ്റുന്നു.
ഈശോമിശിഹായോടുള്ള പ്രാർത്ഥനയാണ് അടുത്തത്. ”നിന്റെ തിരുനാമത്തിനു സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ” എന്നു തുടങ്ങുന്ന പ്രാർത്ഥനയിൽ തുടർന്നു പ്രഖ്യാപിക്കുന്നതു മഹാസത്യങ്ങളാണ്. ”സജീവവും ജീവദായകവുമായ ഈ അപ്പം സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയതും ലോകത്തിനു മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇതു ഭക്ഷിക്കുന്നവൻ മരിക്കുകയില്ല. പ്രത്യുത, പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.”