കുടുംബങ്ങളിൽ ആരാലും അറിയപ്പെടാതെ നടക്കുന്ന ഹീറോയിസത്തെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. കുടുംബത്തിൽ രോഗികളായി കഴിയുന്നവരെ ശുശ്രൂഷിക്കുന്നവരാണ് ശരിക്കുള്ള താരങ്ങൾ എന്നു പാപ്പാ കൂട്ടിച്ചേർത്തു.
കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച് രാത്രിയുറക്കം നഷ്ടപ്പെട്ട് അടുത്ത ദിവസം ജോലിക്കെത്തുന്നവരെ പാപ്പാ വാഴ്ത്തി. ആർദ്രതയോടെയും ധീരതയുടെയും ചെയ്യുന്ന ഈ ധീരകൃത്യം അഭിനന്ദനാർഹമാണെന്ന് പാപ്പാ വ്യക്തമാക്കി. കുടുംബങ്ങൾക്കായി സമർപ്പിതമായിരിക്കുന്ന വേദോപദേശത്തിൻറെ ഏറ്റവും പുതിയ പ്രഭാഷണമാണ് മാർപാപ്പ നടത്തിയത്.
കുടുംബത്തിൻറെ ബലഹീനത കൂടുതലായി അനുഭവപ്പെടുന്നത് കുടുംബത്തിൽ കുട്ടികളും പ്രായമായവരും രോഗികളാകുമ്പോഴാണ്. കുടുംബാംഗങ്ങളിലെ രോഗിയാകുമ്പോൾ നമുക്കു കൂടുതൽ ദുഃഖം അനുഭവപ്പെടും. ലോകത്തിൻറെ പലഭാഗങ്ങളിലും ആവശ്യത്തിന് ആശുപത്രികളില്ല അത്തരം സന്ദർഭങ്ങളിൽ കുടുംബം തന്നെയാണ് ഏറ്റവും സമീപസ്ഥമായ ആശുപത്രിയെന്നു പാപ്പാ പറഞ്ഞു.
രോഗികളെ കണ്ടും പരിചരിച്ചും വളരാൻ നാം കുഞ്ഞുങ്ങളെ അനുവദിക്കണം. മറ്റുള്ളവരുടെ സഹനങ്ങളുടെ നേർക്ക് നിസംഗത കുഞ്ഞുങ്ങളിൽ വളരാൻ അനുവദിക്കരുത്. മറിച്ച് മനുഷ്യാവസ്ഥ ശരിക്കു മനസ്സിലാക്കി അപരനെ സഹായിക്കാനുള്ള മനസ്സ് അവർക്ക് ലഭ്യമാക്കണം എന്നും പാപ്പാ കൂട്ടിച്ചേർത്തു.