എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്. തികച്ചും സ്വാഭാവികമായ ഒരു അനുഭവമാണിത്. എന്നാൽ ഏറെ എഴുതപ്പെട്ടതും എഴുതപ്പെടുന്നതും പ്രസംഗ -ഭക്തികാര്യങ്ങളിൽ പഠന പ്രഭാഷണം- പ്രബോധനം വിഷയങ്ങളാ വുന്നത് രണ്ടാമത്തെ മാതൃത്വ( പരിശുദ്ധ അമ്മ)മാണ്.
പണ്ട് നാളുകളിൽ ഭൂമിയിലെ അമ്മയുടെ പ്രഥമ കടമകളിൽ പ്രഥമപ്രധാനമായ ഒന്ന് തന്റെ കുഞ്ഞിനെ പരിശുദ്ധ അമ്മയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുക( അമ്മയ്ക്ക് അടിമ വയ്ക്കുക )എന്നതായിരുന്നു.
ഈശോയെ ഗർഭപാത്രത്തിൽ പേറുന്നതിനുമുമ്പ് പരിശുദ്ധ കന്യകാ മാതാവ് അവിടുത്തെ തന്റെ ഹൃദയത്തിൽ പേറിയിരുന്നു.! പല വൈദികരുടെയും അമ്മമാരെ കുറിച്ചും ഇങ്ങനെ പറയാനാവും. സുഭാഷിതങ്ങളിൽ പറയുന്നതുപോലെ, “മകനിനിയും ഉരുവപ്പെട്ടു വരുന്നതേയുള്ളൂവെങ്കിലും ഞാൻ ഗർഭം ധരിച്ചിരിക്കുന്നത് ഒരു പുരോഹിതനെ ആണെന്ന് ഞാൻ അറിയുന്നു” എന്ന് പറയാൻ ഭൂരിഭാഗം അമ്മമാരും മനസ്സിൽ കരുതി ഇരിക്കുന്നതു കാണാം. കഴിഞ്ഞ കാലങ്ങളിലെ അമ്മമാരിൽ ഏറെയും തന്റെ മക്കളിൽ ഒരാൾ വൈദികൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നവരാണ്.
പരിശുദ്ധ മറിയം ദൈവമാതാവ് ആകുവാൻ ഒരു പുരുഷന്റെ സ്നേഹം, ഭൗമികമായ സ്നേഹം പരിത്യജിച്ചു. ഒരു പുരോഹിതനും ആദ്യം ഒരു സ്ത്രീയുടെ ഭൗമികമായ സ്നേഹം സംത്യജിക്കുന്നു. പരിശുദ്ധ അമ്മ ഒരിക്കലും പുരുഷന്റെ സ്നേഹം അറിഞ്ഞിരുന്നില്ല. അമ്മയുടെ വിശ്വവിഖ്യാതമായ പ്രഖ്യാപനം സുവിദിതം. ” ഇതെങ്ങനെ സംഭവിക്കും. ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ” ( ലൂക്ക 1 :34).
സമാനമായി വൈദികൻ സ്ത്രീയെ അറിയുന്നില്ല. സ്നേഹം ഒരേ സമയം ഭാവ ദാർഢ്യവും ഭാവ നിഷേധവും ( വികാര ദാർഢ്യവും വികാര നിഷേധവും) ആണ്. യഥാർത്ഥ സ്നേഹം എപ്പോഴും സ്വാഭാവികമായും പരിധികൾ തീർക്കുന്നു. വിവാഹിതനായ പുരുഷൻ ഒരു സ്ത്രീയുടെ കാര്യത്തിൽ ഒഴികെ മറ്റെല്ലാ സ്ത്രീകളുടെയും കാര്യത്തിൽ പരിധികൾ സൂക്ഷിക്കുന്നു; സൂക്ഷിക്കണം. കുടുംബത്തിന്റെ പരിശുദ്ധിക്കും പരിപാവനതക്കും കെട്ടുറപ്പിനും ഇത് അത്യന്താപേക്ഷിതമാണ്.
സകല സ്ത്രീകളോടും പരിധികൾ സൂക്ഷിക്കുന്നവനാണ്; സൂക്ഷിക്കേണ്ടവനാണ് പുരോഹിതൻ. തന്റെ അഭിഷേകത്തിൽ അവൻ പരിപൂർണ്ണ വിധേയത്വത്തോടെ, സർവ്വ സ്വതന്ത്രമായി, ദൈവം ശുശ്രൂഷയ്ക്കായി, സ്വയം സമർപ്പിക്കുകയാണ്. ഈ സമർപ്പണ പ്രക്രിയയിൽ വൈദികൻ പരിശുദ്ധ അമ്മയോട് സാധർമ്യം വഹിക്കുന്നു.
ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മാതാവ് ദൈവപുത്രന്റെ അമ്മയാകാൻ വിശ്വാസത്തിൽ സസന്തോഷം ഇച്ഛിച്ചു. ദൈവഹിതത്തിനു സ്വയം സമർപ്പിച്ചു. ഇമ്മാനുവലിനെ ഉദരത്തിൽ സംവഹിക്കാനുള്ള കൃപ പ്രാപിക്കുകയും ചെയ്തു. അമ്മയെപ്പോലെ പുരോഹിതനും ഈശോയെ സ്വന്തമാക്കാൻ ഇച്ഛിച്ചു. ഇതോടൊപ്പം ഒരു തിരിച്ചറിവ് അവനെ പിന്തുടരുകയും ചെയ്യുന്നു. അതായത് ഈശോയോടു ഉൾ ചേരുമ്പോൾ, താൻ എത്രമാത്രം തിരു സവിധേ സ്വതന്ത്രനാകുന്നുവെന്ന്.