പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിക്കപ്പെട്ട അത്ഭുതകരമായ ഈ സംഭവത്തിന് സീനായ് മലയിൽ വച്ച് സർവ്വശക്തനായ ദൈവം അവിടുത്തെ നിയമം നൽകിയ രീതിയുമായി സാദൃശ്യമുണ്ട്. അതുകൊണ്ടു തന്നെ ഇത് ജപമാലയുടെ മൂല്യവും പ്രാധാന്യവും സ്പഷ്ടമാക്കുന്നു.
പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി പരിശുദ്ധ കന്യകാമറിയവും അതുപോലെതന്നെ സ്വന്തം അനുഭവവും പഠിപ്പിച്ചതനുസരിച്ച്, തന്റെ ശേഷിച്ച ജീവിതകാലം മുഴുവൻ വിശുദ്ധ ഡൊമിനിക് ജപമാലയെക്കുറിച്ച് പ്രഘോഷിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയർന്ന ജീവിത നിലവാരത്തിൽ കഴിയുന്നവരോടും പണ്ഡിതർക്കു മുമ്പിലും നിരക്ഷരർക്കു മുമ്പിലും കത്തോലിക്കരോടും പാഷണ്ഡികളോടും സ്വന്തം മാതൃകയിലൂടെയും സുവിശേഷ പ്രഘോഷണത്തിലൂടെയും അദ്ദേഹം ജപമാല പ്രഘോഷണം നടത്തി.
ഓരോ പ്രസംഗത്തിനുവേണ്ടിയും പിന്നെ പ്രസംഗം കഴിഞ്ഞ് ഉടനെ മാതാവുമായുള്ള പതിവ് കൂടിക്കാഴ്ചയ്ക്കുവേണ്ടിയുമുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് പരിശുദ്ധ ജപമാലയായിരുന്നു. ഒരു ദിവസം വിശുദ്ധ ഡൊമിനികിനു പാരീസിലെ നോത്രദാമിൽ പ്രസംഗിക്കണം. അന്ന് വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാളാണ്. ഉരിയാർന്ന അൾത്താരയ്ക്കു പിന്നിലുള്ള ഒരു കൊച്ചു കപ്പേളയിലിരുന്ന് പതിവുപോലെ ജപമാല ചൊല്ലിക്കൊണ്ട് ഒരു പ്രാർത്ഥനാപൂർവ്വം പ്രസംഗം തയ്യാറാക്കുകയാണ് അദ്ദേഹം. ആ സമയത്ത് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തോട് പറഞ്ഞു: “ഡൊമിനിക്, നീ ഒരുക്കിയിട്ടുള്ള പ്രസംഗം വളരെ നല്ലതാണെങ്കിലും ഇതാ ഞാൻ നിനക്കുവേണ്ടി കൂടുതൽ നല്ല ഒരു പ്രസംഗത്തെ കൊണ്ടുവന്നിരിക്കുകയാണ്.”
മാതാവ് വച്ചുനീട്ടിയ പുസ്തകം കൈയ്യിലെടുത്ത് ഡൊമിനിക് ശ്രദ്ധാപൂർവ്വം അത് വായിച്ചു. ആ പ്രസംഗത്തെക്കുറിച്ച് ധ്യാനിച്ച് ഗ്രഹിച്ച അദ്ദേഹം പരിശുദ്ധ മാതാവിന് നന്ദി പറഞ്ഞു. സമയമായപ്പോൾ അദ്ദേഹം പ്രസംഗവേദിയിലേക്കു ചെന്ന്. അന്ന് വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാൾദിനമായിരുന്നല്ലോ. എങ്കിലും വിശുദ്ധ യോഹന്നാൻ സ്വർഗ്ഗരാജ്ഞിയുടെ രക്ഷകർത്താവാകുവാൻ തക്കവിധം യോഗ്യനായി ഗണിക്കപ്പെട്ടു എന്നതല്ലാതെ മറ്റു യാതൊന്നും ആ വിശുദ്ധനെക്കുറിച്ച് വിശുദ്ധ ഡൊമിനിക് പരാമർശിക്കുകയുണ്ടായില്ല.
അസാധാരണവും മോടിപിടിപ്പിച്ചതുമായ പ്രസംഗങ്ങൾ കേട്ടുശീലിച്ചിരുന്ന ദൈവശാസ്ത്രപണ്ഡിതരും മറ്റു വിശിഷ്ട വ്യക്തികളും ഉൾപ്പെട്ടതായിരുന്നു അവിടെ കൂടിയിരുന്ന ശ്രോതാക്കളുടെ സമൂഹം. എന്നാൽ ലോകത്തിന്റെ കണ്ണുകളിൽ വിജ്ഞാനം നിറഞ്ഞ പാണ്ഡിത്യം നിറഞ്ഞ ഒരു പ്രസംഗം പറയുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, പരിശുദ്ധാത്മാവിന്റെ ലാളിത്യത്തിലും അവിടുത്തെ ശക്തിയോടെയുമായിരിക്കും താൻ സംസാരിക്കുക എന്നും അദ്ദേഹം അവരോടു പറഞ്ഞു.
അങ്ങനെ അദ്ദേഹം പരിശുദ്ധ ജപമാലയെക്കുറിച്ച് പ്രഘോഷിക്കുവാൻ തുടങ്ങി. കുട്ടികളുടെ ഒരു സമൂഹത്തോടെന്നവണ്ണം, ‘നന്മനിറഞ്ഞ മറിയമേ‘ എന്ന പ്രാർത്ഥന പദാനുപദം അവർക്കു വിശദീകരിച്ചു കൊടുത്തു. മാതാവ് നൽകിയ പുസ്തകത്തിലുണ്ടായിരുന്ന വളരെ ലളിതമായ ഉദാഹരണങ്ങൾ മാത്രമാണ് വിശുദ്ധ ഡിമിനിക് ഉപയോഗിച്ചത് .
ഒരുദിവസം ഫാദർ ഡൊമിനിക് ഒരു ദർശനത്തിൽ തന്നോട് ഇപ്രകാരം പറഞ്ഞുവെന്നു വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷേ എഴുതുന്നു: “എന്റെ മകനെ, പ്രസംഗിക്കുന്നത് നല്ലതാണ്, എന്നാൽ ഇക്കാര്യത്തിൽ ആത്മാക്കളുടെ രക്ഷയെക്കാളുപരി ബഹുജനസ്തുതി തേടി പോകുന്നതിന്റെ ഒരു അപകടം എപ്പോഴും പതിയിരുപ്പുണ്ട്. പാരീസിൽവച്ച് എനിക്കെന്താണ് സംഭവിച്ചതെന്ന് ശ്രദ്ധിച്ച് കേൾക്കുക. അതിലൂടെ ഇത്തരത്തിലുള്ള അബദ്ധത്തിനെതിരെ നിനക്കും ജാഗ്രത പുലർത്താനാകും: പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിക്കപ്പെട്ട ആ വലിയ ദൈവാലയത്തിൽ ഞാൻ പ്രസംഗിക്കാനിരിക്കുകയായിരുന്നു. അത്യുജ്ജലമായ ഒരു പ്രസംഗം നടത്തുന്നതിനെപ്രതി ഞാൻ ആകുലചിത്തനായി. അത് എന്റെ അഹങ്കാരം മൂലമായിരുന്നില്ല; മറിച്ച്, ആ ശ്രോതാക്കളുടെ സമൂഹത്തിന്റെ ബൗദ്ധിക ഔന്നത്യത്തെക്കുറിച്ചുള്ള ചിന്ത നിമിത്തമായിരുന്നു ആ ഉത്കണ്ഠ .
“പ്രസംഗിക്കുന്നതിനു ഒരു മണിക്കൂർ മുമ്പ് ഞാൻ പതിവായി ചെയ്യാറുള്ളതുപോലെ ധ്യാനാത്മകമായി ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഞാൻ ആത്മീയനിർവൃതിയുടെ ഒരു അവസ്ഥയിലേക്ക് വഴുതി വീണു. എന്റെ പ്രിയങ്കരിയായ സ്നേഹിത ദൈവമാതാവ് ഒരു പുസ്തകം കൈയ്യിൽ പിടിച്ചുകൊണ്ട് എന്റെ നേരെ നടന്നുവരുന്നത് ഞാൻ കണ്ടു.
മാതാവ് പറഞ്ഞു: “ഡൊമിനിക്, ഇന്നത്തേക്കായി നീ തയ്യാറാക്കിയിരിക്കുന്ന പ്രസംഗം തീർച്ചയായും വളരെ നല്ലതായിരിക്കാം അത് എത്ര നല്ലതായിരുന്നാലും ശരി, ഇതാ അതിനേക്കാൾ വളരെ കൂടുതൽ നല്ല ഒന്ന് ഞാൻ നിനക്കായി കൊണ്ടുവന്നിരിക്കുന്നു.”
“തീർച്ചയായും എനിക്ക് അതിരറ്റ ആനന്ദം തോന്നി. ഞാൻ ആ പുസ്തകമെടുത്ത് അതിലെ ഓരോ വാക്കും വായിച്ചു. മാതാവ് പറഞ്ഞിരുന്നതുപോലെതന്നെ എന്റെ പ്രസംഗത്തിൽ പറയുവാനുള്ള കൃത്യമായും ശരിയായ കാര്യങ്ങൾ ഞാൻ അതിൽ കണ്ടു. പൂർണ്ണ ഹൃദയത്തോടെ ഞാൻ പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞു.
“പ്രസംഗം തുടങ്ങുവാനുള്ള സമയമായി. പാരീസ് സർവ്വകലാശാലയിൽ നിന്നും നിരവധി ആളുകളും അതുപോലെ തന്നെ ഒട്ടനവധി വിശിഷ്ട വ്യക്തികളും എത്തിയിരുന്നതായി ഞാൻ കണ്ടു. നല്ല ദൈവം എന്നിലൂടെ ചെയ്തുകൊണ്ടിരുന്ന വലിയ കാര്യങ്ങൾ അവരെല്ലാവരും കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളവരായിരുന്നു. ഞാൻ പ്രസംഗ പീഠത്തിലേക്കു ചെന്ന്.
അന്ന് വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാളായിരുന്നു. സ്വർഗ്ഗരാജ്ഞിയുടെ രക്ഷാകർത്താവാകുവാൻ തക്കവണ്ണം യോഗ്യനായി ഗണിക്കപ്പെട്ടു എന്ന് മാത്രമാണ് ഞാൻ ആ വിശുദ്ധനെക്കുറിച്ച് പറഞ്ഞത്. പിന്നെ ഞാൻ ശ്രോതാക്കളുടെ ആ സമൂഹത്തെ അഭിസംബോധന ചെയ്തു: “വിശിഷ്ട വ്യക്തികളെ, ശ്രേഷ്ഠരായ സർവകലാശാല പണ്ഡിതരേ; നിങ്ങളുടെ സൗന്ദര്യശാസ്ത്രാഭിരുചിക്ക് അനുയോജ്യമായ വിജ്ഞാനം നിറഞ്ഞ പ്രസംഗങ്ങൾ കേട്ടുശീലിച്ചവരാണ് നിങ്ങൾ. എന്നാൽ ഞാനിപ്പോൾ നിങ്ങളോടു മാനുഷിക വിജ്ഞാനത്തിന്റെ പാണ്ഡിത്യഭാഷയിൽ സംസാരിക്കുവാൻ ആഗ്രഹിക്കുന്നില്ല. നേരെമറിച്ച് ദൈവത്തിന്റെ ആത്മാവിനെയും അവിടുത്തെ മഹത്വത്തെയും നിങ്ങൾക്ക് കാണിച്ചുതരാനാണ് ഇഷ്ടപ്പെടുന്നത്.”
തുടർന്ന്, അനുദിന ജീവിതത്തിൽനിന്നുള്ള ലളിതമായ ഉപമകളും ഉദാഹരങ്ങളും ഉപയോഗിച്ചുകൊണ്ട് , വിശുദ്ധ ഡൊമിനിക് മാലാഖയുടെ അഭിവാദനം സ്വീകരിച്ചു.
പാപം തുടച്ചു മാറ്റുന്നതിനും പാപികളെയും പാഷണ്ഡികളെയും മനസാന്തരപ്പെടുത്തുന്നതിനും വേണ്ടി ജപമാലയെക്കുറിച്ച് കൂടുതൽ കൂടുതൽ പ്രഘോഷിക്കുവാൻ വിശുദ്ധ ഡൊമിനിക്കിനോട് അഭ്യർത്ഥിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിക്കുവാനുംവേണ്ടി കർത്താവും പരിശുദ്ധ മാതാവും ഫാദർ ഡൊമിനികിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും വാഴ്ത്തപ്പെട്ട അലൻ പല തവണയും പരാമർശിച്ചിട്ടുണ്ട്.
വിശുദ്ധ ഡൊമിനികിനു താൻ പ്രത്യക്ഷപ്പെട്ടതിനുശേഷം തന്റെ പരിശുദ്ധ പുത്രനും പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞുവെന്ന് മാതാവ് തനിക്ക് വെളിപ്പെടുത്തിയതായി വാഴ്ത്തപ്പെട്ട അലൻ പറഞ്ഞു: “ഡൊമിനിക്, നീ നിന്റെ സ്വന്തം വിജ്ഞാനത്തിൽ ആശ്രയിക്കുന്നില്ലെന്ന് കാണുമ്പോൾ മനുഷ്യരുടെ ശൂന്യവുമായ സ്തുതി തേടുന്നതിനേക്കാളുപരി ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി വലിയ എളിമയോടെ നീ പ്രവർത്തിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോനുന്നു.
“എന്നാൽ ഒരു രോഗിക്ക് ശക്തിയേറിയ മരുന്ന് നല്കുന്നതിനുമുമ്പ് ആ മരുന്ന് ആ വ്യക്തിയിൽ യഥാർത്ഥത്തിൽ ഫലവത്താകേണ്ടതിനായി അയാൾ ശരിയായ ഒരു മാനസിക സ്ഥിതിയിലേക്ക് ഒരുക്കപ്പെടേണ്ടതുണ്ട്” എന്ന കാര്യം ഗ്രഹിക്കാതെ പല വൈദികരും ആരംഭത്തിൽത്തന്നെ പാപംളേച്ഛതകൾക്കെതിരെ ഘോരഘോരം പ്രസംഗിക്കാനാണ് ആഗ്രഹിക്കുന്നത്.
“ഇതുകൊണ്ടുതന്നെ വൈദികർ മറ്റെന്തും ചെയ്യുന്നതിനു മുൻപ് മനുഷ്യഹൃദയങ്ങളിൽ ഒരു പ്രാർത്ഥനസ്നേഹം, വിശേഷിച്ച് എന്റെ മാലാഖയുടെ കീർത്തനത്തോടുള്ള സ്നേഹം കൊളുത്താൻ പരിശ്രമിക്കണം. അവരെല്ലാവരും അത് ചൊല്ലിക്കൊണ്ട് ആരംഭിക്കുകയും അതിൽ യഥാർത്ഥത്തിൽ സ്ഥിരതയോടെ നിൽക്കുകയും ചെയ്താൽ ദൈവം അവിടുത്തെ കരുണയിൽ തന്റെ കൃപ അവർക്കു നൽകുന്നത് നിരസിക്കാനിടയില്ല. അതുകൊണ്ട് നീ എന്റെ ജപമാല പ്രഘോഷിക്കണമെന്നു ഞൻ ആഗ്രഹിക്കുന്നു“.
മറ്റൊരിടത്ത് വാഴ്ത്തപ്പെട്ട അലൻ പറയുന്നു: “പ്രസംഗത്തിന് മുൻപ് ദൈവത്തിന്റെ കൃപ യാചിച്ചുകൊണ്ടു എല്ലാ വൈദികരും വിശ്വാസികളോടൊത്ത് ‘ഒരു നന്മ നിറഞ്ഞ മറിയമേ‘ ചൊല്ലാറുണ്ട്. പരിശുദ്ധ മാതാവിൽ നിന്നും വിശുദ്ധ ഡൊമിനികിനു ലഭിച്ച ഒരു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അവർ ഇത് ചെയ്യുന്നത്.” ഒരു ദിവസം മാതാവ് പറഞ്ഞു: “എന്റെ മകനെ, നിന്റെ പ്രസംഗങ്ങൾ നീ പ്രതീക്ഷിക്കുന്നത്ര ഫലങ്ങൾ ഉളവാക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നതിൽ നീ അദ്ഭുതപ്പെടേണ്ട. ഒരിക്കലും മഴ പെയ്തിട്ടില്ലാത്ത ഒരു തുണ്ടുനിലത്ത് കൃഷിചെയ്യുവാനാണ്. നീ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. സർവശക്തനായ ദൈവം ഭൂമുഖത്തെ നവീകരിക്കാൻ പദ്ധതിയിട്ടപ്പോൾ സ്വർഗ്ഗത്തിൽ നിന്നും മഴ അയച്ചുകൊണ്ടാണ് അവിടുന്ന് ആരംഭിച്ചത്.” ഇതായിരുന്നു മാലാഖയുടെ അഭിവാദനം. ഇപ്രകാരമാണ് ദൈവം ലോകത്തെ പരിവർത്തനപ്പെടുത്തിയത്.
‘അതുകൊണ്ട് നീ പ്രസംഗിക്കുമ്പോൾ എന്റെ ജപമാല ചൊല്ലുവാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക. അപ്പോൾ നിന്റെ വാക്കുകൾ ആത്മാക്കൾക്കുവേണ്ടി ഏറെ ഫലമാണിയും.’
വിശുദ്ധ ഡൊമിനിക് ഒട്ടും താമസിയാതെ ഈ ഉപദേശം അനുസരിച്ചു. അപ്പോൾ മുതൽ അദ്ദേഹം തന്റെ പ്രസംഗങ്ങളിലൂടെ വലിയ സ്വാധീനം ചെലുത്തി.’
ഈ അവസാന ഉദ്ധരണി ഇറ്റാലിയൻ ഭാഷയിൽ എഴുതപ്പെട്ടു. “പരിശുദ്ധ ജപമാലയുടെ അദ്ഭുതങ്ങളുടെ പുസ്തകത്തിൽ നിന്നുള്ളതാണ്. ജസ്റ്റിന്റെ കൃതികളിലും ഇത് കാണപ്പെടുന്നുണ്ട്.
വൈദികർ വിശുദ്ധ ഡൊമിനികിന്റെ മാതൃക പിൻഗമിക്കുകയും പരിശുദ്ധ ജപമാലയോടുള്ള ഭക്തി പ്രഘോഷിക്കുകയും ചെയ്തിടത്തോളം കാലം ക്രിസ്തീയ ലോകത്തും പരിശുദ്ധ ജപമാലയ്ക്ക് സമർപ്പിക്കപ്പെട്ട സന്യാസ സഭകളിലും ദൈവഭക്തിയും തീക്ഷ്ണതയും അഭിവൃദ്ധിപ്പെട്ടു. പക്ഷെ മനുഷ്യർ സ്വർഗ്ഗത്തിൽനിന്നുള്ള ഈ സമ്മാനത്തെ അവഗണിക്കാൻ തുടങ്ങിയതുമുതൽ എല്ലാത്തരത്തിലുമുള്ള പാപവും ക്രമക്കേടും പരക്കെ വ്യാപിക്കുകയും ചെയ്തു.
വി. ലൂയിസ് ഡി മോണ്ട്ഫോർട്ട്