ഒരു പുരോഹിതൻ ജീവിക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും പഠിപ്പിക്കുന്നതും ഒന്നും തന്റെ നാമത്തിൽ അല്ല, വ്യക്തിപരമായ നിലയിലും അല്ല; ഈശോയുടെ നാമത്തിലും അവിടുന്ന് വഴിയുമത്രേ. ഓരോ വൈദികനും അവിടുത്തെ ശാഖയാണ്; ഈശോയോ മുന്തിരിച്ചെടിയും. ( യോഹ 15: 1 -10). മുന്തിരിച്ചെടിക്കും ശാഖകൾക്കും ഒരേ ജീവൻ ആണല്ലോ ഉള്ളത്. ഒരേ വളവും ഊർജ്ജവുമാണ് അവർ സ്വീകരിക്കുന്നതും. ഒരേ ഫലം രണ്ടും പുറപ്പെടുവിക്കുന്നു. ഒരേ കർമവും ധർമവുമാണ് രണ്ടിനും. സത്താപരമായി അവ ഒന്ന് തന്നെയാണ്.
ഈശോയിലുള്ള സംയോജനം പരിപൂർണ്ണമാവുമ്പോൾ പുരോഹിതനും പൗലോസിനോടൊപ്പം പറയാൻ കഴിയും: “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിതൻ ആയിരിക്കുന്നു. ഇനിമേൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്തദൈവ പുത്രനിൽ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്”.
അവനിൽനിന്നു പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന വിധം അവന്റെ വ്യക്തിത്വം ക്രിസ്തുവിന്റെ ചൈതന്യത്തിൽ വിലയം പ്രാപിക്കുക വഴിയാണ്. പുരോഹിതന്റെ പ്രവൃത്തികൾ പുറപ്പെടുവിക്കേണ്ട ഫലത്തിലും അവയിൽനിന്ന് ഉയിർകൊള്ളേണ്ട അനുഭവത്തിലും ഒരുപോലെ മശിഹായെ പൂർണാർത്ഥത്തിൽ ആശ്രയമായി, ഏക സ്രോതസ്സായി, ശക്തികേന്ദ്രമായി, ജീവനായി, ശക്തിയായി, അവലംബിക്കുക അത്യാവശ്യമാണ്.
പുരോഹിതൻ ബലഹീനനായ മനുഷ്യനാണ്. അവന്റെ ബലഹീനത തന്നെ ശക്തി. ഈശോയുമായി ഐക്യപ്പെടുന്നതിന് ബലഹീനത തടസ്സമാവില്ല. അവന്റെ ആത്മീയതയുടെ സ്രോതസ്സ് സർവ്വശക്തനും സർവ്വാധിപനും സ്നേഹവും കരുണാസാഗരവും, ദൈവവും മനുഷ്യനും ആയ മിശിഹായല്ലേ?