ഒരു മനുഷ്യന്മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.
നിയമം നല്കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല.
ആദത്തിന്റെ പാപത്തിനു സ ദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്.
എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു!
ഒരുവന്റെ പാപത്തില്‍ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിന്റെ ഫലമായുണ്ടായ വിധി ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.
ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!
റോമാ 5 : 12-17
ഈശോയും ആദവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ് പൗലോസ് ഈ വചനഭാഗത്ത് നടത്തുക. അവസാനം വരെ ഈ താരതമ്യം തുടരുകയും ചെയ്യുന്നു. ആദം വഴി മരണവും (കൃപയുടെ നഷ്ടം) ഈശോ വഴി ജീവനും (കൃപ) കൈവന്നു. ആദം ഭൗമികനാണ്; ഈശോയോ (രണ്ടാംആദം) സ്വർഗ്ഗത്തിൽ നിന്നു വന്നവനും(1കൊറീ 15:47). പാപവിധേയമായി തീർന്ന മനുഷ്യകുലത്തിനു കൃപ, തന്റെ പെസഹാ രഹസ്യത്തിലൂടെ ഈശോ നേടിയെടുത്ത രക്ഷയും ദൈവീക ജീവനും പ്രസാദവരവുമാണ്.ഈശോയുടെ ഉത്ഥാനാന്തരമുള്ള കാലം കൃപയുടെ കാലഘട്ടമാണ്. കാരണം അവിടുത്തെ സഹന മരണോത്ഥാനങ്ങളിലൂടെ വിശ്വസിക്കുന്നവർക്കെല്ലാം സൗജന്യ രക്ഷ കൈ വന്നിരിക്കുന്നു (റോമാ 3:24;25;5:6:11).
സകല മനുഷ്യരെയും ബാധിക്കും വിധം അത്ര ഗുരുതരമായിരുന്നു ആദത്തിന്റെ പാപം. മനുഷ്യമക്കളുടെ എല്ലാം പിതാവാണ്. അതുകൊണ്ടുതന്നെ അത് പരമ്പരാഗതമായി അത് കൈമാറപ്പെടുന്നു. ഈശോ സമ്പാദിച്ചു തന്ന മോചനത്തിലൂടെ അല്ലാതെ ഇതിന് ഒഴികഴിവില്ല. മനുഷ്യ പ്രകൃതി മുഴുവൻ ദുഷിച്ചു പോകത്തക്ക വിധം അത്ര ഗുരുതരമായിരുന്നു ആദിമ മനുഷ്യന്റെ പാപം.
കനി ഭക്ഷിച്ച് ;ആദം മരിച്ചു (ആത്മീയ മൃത്യു ). മനുഷ്യവർഗ്ഗത്തിന്മേൽ വന്നു ഭവിച്ച മഹാദുരന്തമാണ് ഉത്ഭവപാപം (ഉല്പത്തി 3:14-16). ജന്മനാ മനുഷ്യൻ പാപിയായി. അവനിലെ ദൈവീക സാന്നിധ്യം അവനെ നഷ്ടപ്പെട്ടു.; ഒപ്പം ദൈവപുത്രസ്ഥാനവും പറുദീസായും. ആദ്യം മുതലേ പാപം ലോകത്തിലുണ്ട് . ഈശോ നേടിയെടുത്ത കൃപയിലൂടെ മാത്രമേ മനുഷ്യനു പാപക്ഷമ കിട്ടുകയുള്ളൂ. നിയമം അനുസരിച്ചത് കൊണ്ട് ആർക്കും പാപക്ഷമ കിട്ടുകയില്ല. നിയമത്തിന് അടുക്കും ചിട്ടയും ഒക്കെ ഉളവാക്കാനേ കഴിയൂ. അനുതപിച്ചു പാപം ഏറ്റുപറഞ്ഞാൽ (കുമ്പസാരിച്ച് )മാത്രമേ പാപമോചനം ലഭിക്കൂ.
വരാനിരുന്നവന്റെ (ഈശോയുടെ )ഒരു പ്രതിരൂപം മാത്രമാണ് ആദം എന്ന് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: ആദത്തിന്റെ അനുസരണ സമാന്തരമായി ‘നീതി’,’കൃപ’ ഇവ ശ്ലീഹാ ഉപയോഗിക്കുന്നു. ഈശോയുടെ (“ഒരു മനുഷ്യന്റെ”) സ്വയം ദാനം മൂലമാണ് പാപിയായ മനുഷ്യൻ നീതിരിക്കപ്പെട്ടത്; കൃപയ്ക്ക് അവകാശിയായത്. ആദം മാനവരാശിയെ പാപത്തിലേക്ക് നയിച്ചു ; ഈശോ അതിനെ നീതികരണത്തിലേക്കും.