ജീവിതം ധന്യമാകാൻ

Fr Joseph Vattakalam
2 Min Read
എങ്ങനെയാണു, എപ്പോഴാണ് മനുഷ്യജീവിതം സുന്ദരമാകുന്നത്, സൗഭാഗ്യമാകുന്നത്, അനുഗ്രഹീതമാകുന്നത്, സഫലമാകുന്നത്? ഈ ചോദ്യങ്ങൾക്കു ശരിയായ ഉത്തരം നൽകുന്നവരാണ് വിശുദ്ധർ.
ലോകമോഹങ്ങൾ, സ്വന്തബന്ധങ്ങൾ  തുടങ്ങിയവ കൈവെടിഞ്ഞു എങ്ങനെ മുന്നേറാം, ഐഹികജീവിതം  ഒരു വിപ്രവാസമാണ്, നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണു എന്ന് പറഞ്ഞു തന്നവരാണവർ. സദാ ദൈവഹിതം  നിറവേറ്റുന്നതാണ് ആത്മീയതയുടെ അന്തസത്തയെന്നും സ്വാർത്ഥം ത്യജിക്കലാണ് ബാലയർപ്പണത്തിന്റെ യഥാർത്ഥ ഉൾപൊരുളെന്നും അർത്ഥശങ്കക്കിടയില്ലാത്തവിധം അവർ നമ്മെ പഠിപ്പിക്കുന്നു. എങ്ങനെ നമ്മുടെ പരിശുദ്ധ അമ്മയുടെ കരംപിടിച്ചു ആത്മീയാഭിവൃദ്ധി കൈവരിക്കാമെന്നും അവർ നമുക്ക്  പറഞ്ഞുതരുന്നു.
എങ്ങനെ സധൈര്യം, ശൂന്യവത്ക്കരണത്തിലൂടെ, കുരിശിനെ സമാശ്ലേഷിക്കാമെന്നു, എങ്ങനെ സഹനത്തെ അനുഗ്രഹം, രക്ഷാകരം ആക്കിത്തീർക്കാമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. എങ്ങനെ പ്രേഷിതതീക്ഷണതയിൽ ജ്വലിക്കുന്നവരായി ആത്മാക്കളെ സ്വർഗത്തിനായി നേടിയെടുക്കാമെന്നും അവർ നിർദ്ദേശിച്ചുതരും. “പാപത്തെക്കാൾ നല്ലതു മരണം.’ പുണ്യസമ്പാദനത്തിനായി ആഗ്രഹിക്കുക, പരിശ്രമിക്കുക, പ്രാർത്ഥിക്കുക എന്നും അവർ ഉത്ബോധിപ്പിക്കും. ഒരുവൻ ഈശോയെ സ്വന്തമാക്കുമ്പോൾ അവനു അനുഭവപ്പെടുന്ന മാധുര്യം ഈശോ സ്വന്തമായി തീർന്നവർക്കു കൈവരുന്ന ആനന്ദം ഇവയും അവർ വെളിപ്പെടുത്തിത്തരും.
രക്തസാക്ഷിത്വത്തിന് ആവശ്യമായ ആത്മധൈര്യം പകർന്നു തന്നു, ക്രൂശിതനായ ഈശോയോടു ഐക്യപ്പെട്ടു, കൃപാവരസമ്പന്നതയിൽ വന്കാര്യങ്ങൾ നിർവഹിച്ചു, ആത്മീയതയുടെ മിസ്റ്റിക്കൽ അനുഭവത്തിൽ വ്യാപാരിച്ചു വിശുദ്ധൻ നമ്മെ അതിശയിപ്പിക്കുന്നു. ലോകത്തെയും ജഡത്തെയും എങ്ങനെ കീഴടക്കാമെന്നും നമ്മുടെ മരണത്തെ എങ്ങനെ ആഘോഷമാക്കാമെന്നും ഇരുണ്ട രാത്രികളെ എങ്ങനെ തരണം ചെയ്യാമെന്നും അവർ നമുക്ക്  വെളിപ്പെടുത്തുന്നു.
സ്വർഗ്ഗത്തിന്റെ നിത്യാനന്ദതയിൽ അവരോടൊപ്പമായി സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേക്ക് നന്മകൾ വാർഷിക്കാൻ ഏവരെയും അവർ മാടിവിളിക്കുന്നു. തങ്ങളുടെ വിജ്ഞാന വിശുദ്ധികൾ പകർന്നു തന്നു വിശുദ്ധർ നമ്മെ അനുഗ്രഹിക്കുന്നു.
എപ്പോഴും ദൈവഹിതം അന്വേഷിച്ചു സ്വയം ബലിവസ്തുക്കളായി (ഒപ്പം ബലിയർപ്പകരും) ജീവിതം അനുനിമിഷം ‘സ്നേഹ-സഹന’ ബലിയാക്കി ഈ ലോകജീവിതം ധന്യമാക്കാൻ വിശുദ്ധാത്മാക്കൾ നമുക്ക്  വേണ്ട പ്രചോദനം നൽകുന്നു. ഇങ്ങനെയുള്ളവരെയാണ് ഈ കാലഘട്ടത്തിൽ ഈശോയ്ക്കു വേണ്ടത്. എക്കാലവും അത് അങ്ങനെയായിരുന്നുതാനും. ആത്മീയാനുഭവങ്ങളാണ്  വിശുദ്ധരുടെ കൈമുതൽ. തിന്മയുടെ ശക്തികളോട് ധീരധീരം പോരാടി വിജയശ്രീലാളിതനായവരാണ് അവർ.  ആത്മീയസമരത്തിന്റെ വിജയമന്ത്രങ്ങൾ അവർ നമക്ക് പറഞ്ഞുതരുന്നു. അവർ ജീവിതം കുരിശിനോട് ചേർത്ത് ബലിയാക്കി മാറ്റിയവരും മാറ്റുന്നവരുമാണ്. ഈശോയെ സ്വന്തമാക്കിയവരും ഈശോ സ്വന്തമാക്കിയവരുമാണ് അവർ. അവർ ഭൂമിയിലായിരിക്കെ സ്വർഗത്തിലേക്ക് തീർത്ഥാടനം നടത്തി സ്വർഗസൗഭാഗ്യം അനുഭവിച്ചു. ഇന്നു ജീവിക്കുന്ന വിശുദ്ധരുണ്ടെങ്കിൽ അവരും അങ്ങനെ തന്നെയായിരിക്കും.
Share This Article
error: Content is protected !!