രാജാധിരാജൻ വിനീതനായി സ്വയം ശൂന്യനായി നമ്മെ തേടി അണയുന്നു. പാപിക്കും രോഗിക്കും സൗഖ്യമേകാൻ , അന്ധനും ബധിരനും മോചനമേകാൻ, തളർന്ന മനസ്സുകൾക്ക് നവോത്ഥാനം നൽകാൻ, ദിവ്യബലിയിൽ ഈശോ എഴുന്നുള്ളുന്നു. സ്നേഹം മാത്രം പകർന്നിടാൻ,ജീവൻ പോലും നൽകീടാൻ,തകർന്ന ഹൃദയങ്ങൾക്ക് ശാന്തിയായി അവിടുന്ന് വരുന്നു . മനുഷ്യൻ മുറിയുമ്പോൾ പരിശുദ്ധ കുർബാനയിലെ ഈശോ ആ മുറിപ്പാടിൽ സ്വന്തം മുഖം പതിപ്പിച്ച് സ്നേഹവും സൗഖ്യവും ശാന്തിയും പകരുന്നു. നാം മുറിഞ്ഞു, വിഭജിച്ചു പങ്കിടുക ആണെങ്കിൽ നാമും കുർബാന ആകും. അവിടുന്ന് തന്നെ തന്നെ നമുക്ക് പങ്കുവച്ചു തരുന്നു. നമ്മുടെ ജീവിതം അവിടുത്തേക്ക് സമർപ്പിച്ചാൽ അവിടുന്ന് ശാശ്വത ജീവൻ നമുക്ക് പകർന്നു തരും.
കുരിശിൽ ജീവൻ നമുക്കായി ഹോമിച്ചവൻ അൾത്താരാവേദിയിലും അനുദിന വീഥിയിലും നമ്മോടുകൂടെയുണ്ട്. ” അമ്മനു ഏൽ “. അവിടുന്ന് അൾത്താരയിൽ തന്റെ, താനാകുന്ന, സ്നേഹം രക്തവും മാംസവും ആയി രൂപാന്തരപ്പെടുത്തി നമുക്കായി വിളമ്പുന്നു. അനുദിന ജീവിതവീഥിയിൽ താങ്ങായ്, തണലായ് അവിടുന്ന് നമ്മോട് കൂടെ നടക്കുന്നു. ഭൂസ്വർഗങ്ങൾ കൈകോർക്കുന്ന മദ്ബഹായിൽ, മാലാഖമാർ സ്തുതിഗീതങ്ങൾ പാടുന്ന അൾത്താരയിൽ മിശിഹാ നാഥൻ പെസഹ കുഞ്ഞാട് ആകുന്നു. അൾത്താരയിൽ ഈശോയുടെ സ്നേഹബലിയിൽ നമ്മുടെ ജീവിതബലി കൂടി ചേർക്കാം. നമുക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ആണല്ലോ (യോഹ 10 :10) അവിടുന്നു സ്വജീവൻ സമർപ്പിക്കുന്നത്. നാം നമ്മെത്തന്നെ അവിടുത്തേക്ക് സമർപ്പിക്കണം. അനുദിനം അൾത്താരയിൽ യാഗമായി തീരണം. അവിടുത്തെ പ്രവർത്തികൾ നാം ചെയ്യണം. അവിടുത്തെ പാതയിൽ സഞ്ചരിക്കണം. ഈശ്വര ചിന്തയിൽ മനസ്സു ലയിക്കണം. വിശുദ്ധ കുർബാന അർപ്പിക്കുന്ന നമ്മുടെ ഹൃദയങ്ങൾ ജഗദീശനിൽ വിലയം കൊള്ളണം.