ദൈവസ്നേഹത്തിന്റെ മഹാപ്രവാഹമാണ് പരിശുദ്ധ കുർബാന. ഒരു ദൈവം തന്റെ ജനത്തിന് തന്നെത്തന്നെ മുറിച്ചു വിളമ്പി അവർക്കു “ജീവനും സമൃദ്ധമായ ജീവനും” സമ്മാനിക്കുന്ന അനന്യസംഭവമാണത്. സർവ്വശക്തനായ, സർവ്വജ്ഞാനിയായ സർവ്വേശ്വരന് മാത്രമേ, ഇങ്ങനെയൊരു യാഥാർഥ്യത്തെ കുറിച്ച് ചിന്തിക്കാനാവൂ. പരസ്പര പൂരകങ്ങളായ രണ്ടു “ഒഴുക്കുക“ളാണ് ഇവിടെ ഉടലെടുക്കുക– രണ്ടു സ്നേഹപ്രവാഹങ്ങൾ. ഒന്ന് ആഴങ്ങളിലേക്ക് ഉന്നതങ്ങളിൽനിന്നു, മറ്റേത് ആഴങ്ങളിൽനിന്നു ഉന്നതങ്ങളിലേക്ക്. ദൈവത്തിന്റെ ജീവനും സ്നേഹവും ‘വിശ്വസിക്കുന്ന ഹൃദയങ്ങളിലേക്ക്‘ കുത്തനെ ഒഴുകിവരുന്നു. മറിച്ചും. ഈ പ്രവാഹങ്ങളുടെ സമരസപ്പെടലാണ് ക്രൈസ്തവ ആധ്യാത്മികതയുടെ അന്തഃസത്ത. ഈ ദ്വന്ദ്വ സംഗമത്തോട് കിടപിടിക്കുന്നതൊന്നും മനുഷ്യാനുഭവത്തിൽ ഇല്ല തന്നെ.
ഒരു വശത്തു സ്നേഹസ്വരൂപനായ ദൈവം വിനീതരിൽ വിനീതനായി സ്വയം ശൂന്യനായി പാപിയെ രക്ഷിക്കാൻ രോഗിയെ സുഖപ്പെടുത്താൻ– അന്ധന് കാഴ്ച, ബധിരനു കേൾവി, തളർന്ന മനസ്സുകൾക്ക് ശക്തി, തകർന്ന മനസ്സുകൾക്ക് പുനരുദ്ധാരണം, അധ്വാനിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും ആശ്വാസം, അതാണ് വിജ്ഞാനം, പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവും– ആകാൻ സമൂഹങ്ങളിലേക്കും പൊതുവായി മാനവ ഹൃദയങ്ങളിലേക്കും പ്രത്യേകമായും എഴുന്നള്ളിവരുന്നതാണ് താഴോട്ടുള്ള ഗമനം. താദൃശമാനവഹൃദയങ്ങൾ സ്നേഹത്തോടെ ദൈവസ്നേഹം ആഞ്ഞുപുൽകുന്നതാണ് മുകളിലോട്ടുള്ള ഒഴുക്ക് .
ഇവിടെ നമ്മുക്കു വ്യക്തമാവുന്ന കാര്യം , അനുപമസ്നേഹം, സമാനതകളില്ലാത്ത ത്യാഗം, അനന്യവും അത്ഭുതാവഹവുമായ കരുതൽ, മധുരോദാരമായ പരിരക്ഷ, ഇവയൊക്കെ ഈ പ്രേമപ്രക്രിയയ്ക്കു പിന്നിലുണ്ട്. ഒരു ക്രൈസ്തവന് പരിശുദ്ധ ത്രിത്വത്തിനു നൽകാവുന്ന പരമാരാധനയാണ് , അനവദ്യ സുന്ദരസ്നേഹമാണ്, ഉജ്ജ്വല കൃതജ്ഞതാപ്രകാശനമാണ്, സർവ്വോത്കൃഷ്ട സ്തുതിപ്പാണ് പാപപരിഹാര ബലിയാണ് അവന്റെ അതിവിശുദ്ധത്രിത്വകൂട്ടായ്മയാണ് പരിശുദ്ധ കുർബാന. ഒപ്പം പരിശുദ്ധ ത്രിത്വത്തിനു എന്നോടും നിങ്ങളോടുമുള്ള അനന്തമായ, അതുല്യമായ അനിതരസാധാരണമായ, അത്യഗാധമായ, നിത്യമായ സ്നേഹത്തിന്റെ സുമോഹന സമ്മാനവും.
ദൈവത്തിന്റെ സ്നേഹം ‘കാച്ചിക്കുറുക്കി‘ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിലാക്കിയിരിക്കുന്നതാണ് പരിശുദ്ധ കുർബാന. ഇതിനോട് കിടപിടിക്കുന്നതൊന്നും പ്രപഞ്ചത്തിലെങ്ങും ഇല്ല. സ്വർഗ്ഗത്തിലും ഇല്ല തന്നെ. ഇത്ര അതുല്യവും അഗ്രാഹ്യവും അനന്തവും സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവും ആയി മറ്റൊന്നില്ല. സർവ്വശ്രേഷ്ഠമായ ഈ ആരാധനാ, സ്തുതിപ്പ്, കൃതജ്ഞത, പാപപരിഹാരം , അനുഗ്രഹസ്രോതസ്സ് നമ്മെ അടിമുടി ഗ്രസിക്കുന്നുണ്ടോ? പാലാരൂപതയിൽപ്പെട്ട ( അന്ന് ചങ്ങനാശ്ശേരി) ഒരു പുരാതന കുടുംബമാണ് തലച്ചിറ. നിരവധി വൈദികർക്ക് ജന്മം കൊടുത്ത ഈ കുടുംബത്തിലെ ഒരു മകൻ ചങ്ങനാശ്ശേരി മൈനർ സെമിനാരിയിലും ആലുവയിലെ മേജർ സെമിനാരിയിലും പഠിച്ച്, സെമിനാരിയിൽ വച്ചുതന്നെ പട്ടം സ്വീകരിച്ച്, സെമിനാരി ചാപ്പലിൽ പുത്തൻ കുർബാനയും ചൊല്ലി. പുത്തൻ കുർബാന ചൊല്ലാൻ സ്വന്തം ഇടവകയിലേക്കു യാത്രചെയ്യുമ്പോൾ വാഹനാപകടത്തിൽ ആ നല്ല വൈദികൻ തൽക്ഷണം മരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷയ്ക്ക് ശേഷം ഭാഗ്യസ്മരണാർഹനായ കാളാശ്ശേരി പിതാവ് അദ്ദേഹത്തിന്റെ ഡയറി പരിശോധിച്ചപ്പോൾ അതിൽ അവസാനമായി എഴുതിയിരിക്കുന്നത്, “എന്റെ ദൈവമേ, ഒരു കുർബാന ചൊല്ലിക്കഴിഞ്ഞു മരിക്കാനും ഞാൻ സന്നദ്ധനാണ്” എന്നാണു. പരിശുദ്ധകുർബാനയുടെ അമൂല്യത മനസ്സിലാക്കിയ വൈദികൻ! അച്ചന്റെ വിശിഷ്ടമായ ഓർമ്മയ്ക്ക് മുമ്പിൽ പ്രണാമം!
പാപത്തിലേക്കു വീണ്ടും വീണ്ടും വീഴുമ്പോൾ ദൈവത്തിലേക്ക് നോക്കി മുന്നേറുക. പരമപരിശുദ്ധ കുർബാനയുടെ, കാൽവരിയിലെ കല്പപാദപത്തിൽ സഭ ഉൾപ്പെടുത്തുന്ന വിവിധ ഭാഗങ്ങളെക്കുറിച്ച് നാം നടത്തുവാൻ പോകുന്ന സംക്ഷിപ്തമായ വിശകലനത്തിന് ആമുഖം മാത്രമാണ് ഈ വാക്കുകൾ.