‘ഈ ഭൂമിയിൽ എന്നെക്കാളധികം മറ്റാരും എന്റെ ഈശോയെ സ്നേഹിച്ചുകൂടാ’ എന്ന് ശഠിക്കുകയും തന്റെ ‘കുറുക്കുവഴി’യിലൂടെ അത് സാധിച്ചെടുക്കുകയും ചെയ്ത ചെറുപുഷ്പ്പം തന്റെ ജീവിതത്തിൽ നിരവധി കർശന നിയന്ത്രണങ്ങൾ വരുത്തിയിരുന്നു. ‘എന്തിനും ഏതിനും ചാടി കയറി പറയുക’ ‘എടുത്തുചാടി മറുപടി പറയുക’ തുടങ്ങിയ പ്രവണതകളെ കൊച്ചുറാണി കർശനമായി നിയന്ത്രിച്ചു കീഴടക്കി. പകരം ആവോളം ഉപവി പ്രവർത്തികൾ ചെയ്തു ശീലിച്ചു. പുറംചാരി ഇരിക്കാതിരിക്കുക എന്ന പുണ്യപരിഹാര പ്രവർത്തി, ആരോരും അറിയാതെ, മരണംവരെ അവൾ അഭ്യസിച്ചു. കൊച്ചുകൊച്ചു ത്യാഗ പ്രവർത്തികൾ ഏറ്റം സ്നേഹതീക്ഷ്ണതയോടെ ചെയ്തു ആത്മാക്കളുടെ വിശുദ്ധീകരണത്തിനായി അവൾ കാഴ്ചവച്ചു. തങ്ങളുടെ ജീവിതത്തിലെ ഏറ്റം നിസ്സാരകാര്യങ്ങൾപോലും ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുക വിശുദ്ധജീവിതം നയിച്ചിരുന്നവരുടെ വലിയ സവിശേഷത ആയിരുന്നു. ഇവയുടെയെല്ലാം അതിസ്വാഭാവിക മൂല്യം അവർ നന്നായി ഗ്രഹിച്ചിരുന്നു.
ശരീരത്തെക്കാളും ലോകത്തേക്കാളും ആത്മാവിലേക്ക് ശ്രദ്ധതിരിക്കുക. ഹൃദയം പൂർണമായും ദൈവത്തിൽ ഉറപ്പിക്കുക. ഇവയൊക്കെ നേടാനാണ് ആത്മീയജീവിതപാതയിൽ ഇന്ദ്രിയനിഗ്രഹം പാലിക്കേണ്ടത്.