അവിരാമം നിരന്തരം തുടരുന്ന ബലിയാണ് ‘ജീവനുള്ള’ താകുന്നത്. പുരോഹിതൻ അൾത്താരയിൽ അർപ്പിക്കുന്ന ബലിയുടെ ചൈതന്യം ദിവസമത്രയും അന്തരാത്മാവിൽ ശരീരത്തിലും അവന് പേറുവാൻ കഴിയുമ്പോഴാണ് ബലിയുടെ നൈരന്തര്യം യാഥാർത്ഥ്യമാക്കുക. അതായത്, അവന്റെ ഇതര കൂദാശകളുടെ പരി കർമ്മത്തിലും രോഗശാന്തി ശുശ്രൂഷയിലും സാന്ത്വന ശുശ്രൂഷകളിലും മൃതസംസ്കാര ശുശ്രൂഷകളിലും വിശ്വാസ പ്രഘോഷണത്തിനായുള്ള സമാഹരണ ശുശ്രൂഷകളിലും…….. എല്ലാ മിശിഹായോടൊപ്പം വിശുദ്ധിയുടെ പീഠത്തിൽ നിർവ്വഹിക്കുമ്പോൾ പ്രസ്തുത നൈരന്തര്യം പ്രായോഗികമാകും. അഭിഷേകവേളയിൽ വൈദികനിൽ ഉദിപ്തമായ അഭിഷേകനിറവ് അനുനിമിഷം അനുഷ്ഠിക്കുന്ന ശുശ്രൂഷകളിൽ വിശിഷ്യ പരിശുദ്ധ കുർബാനയിൽ കൂടുതൽ തീഷ്ണതയോടെ പ്രകാശിതം ആവുക എന്നതാണ് ഇവിടെ വിവക്ഷ. മറ്റു വാക്കുകളിൽ പറഞ്ഞാൽ ചെയ്യുന്ന ശുശ്രൂഷകൾ എല്ലാം പരിശുദ്ധാത്മാ വിഷയത്തിൽ പ്രസദാവരവസ്ഥയിൽ അനുഷ്ഠിക്കുക എന്നർത്ഥം. ഈശോയുടെ സുവിശേഷ പ്രബോധനം ഇവിടെ പ്രസക്തവും പ്രസ്താവ്യവുമാവുന്നു. ” മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ടു നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുതേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”(മത്താ 5:16).
നൽകപ്പെട്ട നൽവരങ്ങൾക്കും കൃപ കൾക്കും നന്ദി പറഞ്ഞുകൊണ്ടും സ്നേഹപ്രകരണങ്ങൾ ചൊല്ലിയും പരിശുദ്ധ ത്രിത്വവുമായി ഐക്യപ്പെട്ടു ഐക്യപ്പെട്ടു ജീവിക്കുന്ന പുരോഹിതൻ ബലി ജീവിതം തുടരുകയാണ്. ദൈവജനം ദൈവത്തിന് സ്വീകാര്യവും പരിശുദ്ധാത്മാവിനാൽ പവിത്രികൃതവും ആവാൻ തക്കവിധം അവിടുത്തെ സുവിശേഷത്തിന് പുരോഹിതശുശ്രൂഷ ചെയ്യുക.
പുരോഹിതനും തന്റെ കൂട്ടായ്മയും ചെയ്യുന്ന നന്മകൾ ആണ് ഫലത്തിൽ അവന്റെ തുടർ ബലി. ഉരുകിയ മനസ്സ് നുറുങ്ങിയ ഹൃദയം( അനുതാപം, സഹനം തുടങ്ങിയവയുടെ ഉടമയായ) എപ്പോഴും കർത്താവിന് അർപ്പിക്കാവുന്ന സ്വീകാര്യമായ ബലിയാണ്(സങ്കീ 51:17).
സ്വയം ശൂന്യനാകുന്ന, അനുസരണ വിധേയനാകുന്ന പുരോഹിതൻ തന്നെ വിളിച്ച ദൈവത്തിന് നൽകുന്ന ആരാധനയും ബലിയുമാണെന്നതും അവന് ആശ്വാസ ജനകമായ, പ്രത്യാശ പ്രദാനം ചെയ്യുന്ന സത്യമാണ്.
പരമാവധി ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും ആദരവോടും എരിവോടും ( ഏറെ തീഷ്ണതയോടെ) ആയിരിക്കണം ബലിയർപ്പണം. ഇതിൽ സംഭവിക്കുന്ന അപാകതകൾ അവഗണിക്കപ്പെടാവുന്നവയല്ല. ( സീറോ മലബാർ കുർബാനയിൽ “ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും” എന്ന് പല ആവർത്തി നിർദ്ദേശിക്കപ്പെടുകയും അതിനായി പുരോഹിതൻ തന്നെ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. അലസനായ വൈദികൻ ൻ എത്രയും വേഗം ” ചൊല്ലി തീർക്കാൻ” ശ്രമിക്കുന്നു. അദ്ദേഹത്തോട് ചേർന്ന് ബലിയർപ്പിക്കുന്നവരും ഇതേ പന്ഥാവിൽ ആവാൻ, യഥാർത്ഥ ബലിയർപ്പകനായ കർത്താവിനു നിസ്സഹായനായി കരയാനെ കഴിയൂ. കാരണം അവിടുന്ന് കരുണായണെന്നതു തന്നെ.