“ആദത്തിൻറെ പാപവും പതനവും മുൻകൂട്ടി ദർശിക്കപ്പെട്ടവയാണ്” മരിയ തുടരുന്നു: ഈ പാപത്തിൽ ഉൾപ്പെടാതെ സൃഷ്ടിക്കപ്പെട്ടതു പരിശുദ്ധ കന്യകാമറിയം മാത്രമാണ്. മനുഷ്യൻറെ സ്വാതന്ത്ര്യ ത്തിൽ ഇടപെടാതെ തന്നെയാണ് എല്ലാം ദൈവം തീരുമാനിച്ചത്. അതാണ് അവിടുത്തെ സ്വഭാവം. മനുഷ്യരോട് അവിടുന്നു യാതൊരു അന്യായവും ചെയ്തില്ല. അവരുടെ സ്വന്തം ഇഷ്ടപ്രകാരം തിന്മ ചെയ്യാം അല്ലെങ്കിൽ പ്രകാശത്തിൻറെ അനുഗ്രഹം പ്രാപിച്ചു തിന്മയിൽ നിന്നും അകന്നു നില്ക്കാം.
“ആരുടെയും അവകാശങ്ങൾ ദൈവം ലംഘിച്ചില്ല. ആരെയും കൈവെടിഞ്ഞുമില്ല. ആവശ്യമായവ എല്ലാവർക്കും, യഥാസമയം നല്കുകയും ചെയ്തു. മനുഷ്യരുടെ ഹൃദയങ്ങളിൽ അവിടുത്തെ നിയമം ആലേഖനം ചെയ്തിരിക്കുന്നു. അതിനാൽ, സൃഷ്ടവും അത്യുന്നത ദൈവവുമായി അവിടുത്തെ അംഗീകരിക്കുകയും, മനസ്സിലാക്കുകയും, സ്നേഹിക്കുകയും ചെയ്യാതിരുന്നാൽ ഒരുവനും ക്ഷമിക്കപ്പെടുകയില്ല.”
“ഈ രഹസ്യങ്ങൾ മനസ്സിലാക്കപ്പെട്ടതിനാൽ ദൈവം സ്വയം ആവിഷ്‌കരിച്ചതിൻറെ, മഹത്ത്വീകരിച്ചതിൻറെ അത്യുന്നതമായ കാരണങ്ങൾ ഗ്രഹിക്കാൻ എനിക്കു സാധിച്ചു. സകലത്തിന്റെയും സൃഷ്ടാവും രക്ഷകനുമായ സർവ്വേശ്വരനെ എത്രയധികം നാം സ്തുതിക്കേണ്ടതാണ് ! എന്നും ഞാൻ ഗ്രഹിച്ചു. എന്നാൽ തങ്ങൾക്കു ലഭിച്ചിരിക്കുന്നതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങൾക്കു തിരിച്ചു ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുന്നതിൽ മാനവർ വളരെയധികം ഉദാസീനത കാണിക്കുന്നു.”
“ഇപ്രകാരം നമ്മുടെ സ്വാർത്ഥത, മന്ദത, മറവി, നന്ദിഹീനത ആദിയവയാൽ അത്യുന്നത സിംഹാസനത്തിനു മുമ്പിൽ നാം സ്വയം അയോഗ്യരാക്കിയിരിക്കുന്നു. ഇതു തികച്ചും ഹീനമാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഇത്തരം ഹീനമായ തെറ്റുകളിൽ വീഴരുതെന്ന് അവിടുന്ന് എന്നോടുപദേശിച്ചു. അവിടുത്തേക്കു നിരന്തരം കൃതജ്ഞതയുടെ ബലിയർപ്പിക്കാനും ഒരു പുതിയ സ്തോത്രഗീതം ആലപിക്കാനും സകല സൃഷ്ടികൾക്കും വേണ്ടി അവിടുത്തെ മഹത്ത്വപ്പെടുത്താനും അവിടുന്ന് എന്നോടു ആജ്ഞാപിച്ചു.