ഈ ദിവ്യനാഥ, ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും
(1) എന്തുകൊണ്ടെന്നാൽ, നേരിട്ടല്ല, സ്നേഹംതന്നെയായ ഈ മാതാവു വഴിയാണ്, നീ ഇനിമേൽ ഈശോയെ സമീപിക്കുക.
(2) അവളുടെ ഇഷ്ടംപോലെ വിനിയോഗിക്കുവാൻ നിന്റെ എല്ലാ യോഗ്യതകളും കൃപാവരങ്ങളും പരിഹാരകൃത്യങ്ങളും എല്ലാം അവൾക്കു നീ സമർപ്പിച്ചിരിക്കുകയാണ്. ആകയാൽ അവൾ തന്റെ സുകൃതങ്ങൾ നിനക്കു നല്കുകയും തന്റെ യോഗ്യതകൾ നിന്നെ അണിയിക്കുകയും ചെയ്യും. അപ്പോൾ നിനക്ക് ധൈര്യപൂർവ്വം പറയുവാൻ കഴിയും: “ഇതാ കർത്താവിന്റെ ദാസിയായ മറിയം, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ (ലൂക്കാ. 1:38) എന്ന്.
(3) ഉദാരമതികളോട് ഉദാരയായ, പോരാ, ഏറ്റവും ഉദാരമതിയെക്കാൾ ഉദാരയായ അവൾ, ആത്മശരീരങ്ങളെ പരിപൂർണ്ണ മായി അവൾക്കു സമർപ്പിച്ച നിനക്ക്, അവൾ തന്നെത്തന്നെ വിസ്മയ കരമായും യഥാർത്ഥമായും നല്കും. അപ്പോൾ നിനക്കു സധൈര്യം അവളോടു പറയാം: പരിശുദ്ധകന്യകയേ ഞാൻ നിന്റേതാകുന്നു; എന്നെ രക്ഷിക്കുക (സങ്കീ. 118:94) അഥവാ, ഞാൻ മുമ്പു പ്രസ്താവിച്ചതുപോലെ’, വി. യോഹന്നാനോടുകൂടി നിനക്കു പറയാം: “ദിവ്യാംബികേ. ഞാൻ നിന്നെ എന്റേതായി സ്വീകരിച്ചിരിക്കുന്നു. അല്ലെങ്കിൽ, വി ബൊനവഞ്ചറിനോടുകൂടി ഉദീരണം ചെയ്യാം. “രക്ഷകയായ എന്റെ സ്നേഹനാഥേ അങ്ങിൽ എനിക്കു നല്ല പ്രത്യാശയുണ്ട്. ഞാൻ ഭയപ്പെടില്ല. കാരണം, കർത്താവിൽ എന്റെ പ്രശംസയും ശക്തിയും നീയാകുന്നു. ഞാൻ മുഴുവൻ നിന്റേതാണ്; എന്റേതെല്ലാം നിന്റേതാകുന്നു. “മഹത്ത്വപൂർണ്ണയായ കന്യകേ, എല്ലാ സൃഷ്ടികളിലും ധന്യേ! നിന്റെ സ്നേഹം മരണത്തെപ്പോലെ ശക്തമാകയാൽ ഒരു മുദ്രപോലെ നിന്നെ ഞാൻ എന്റെ ഹൃദയത്തിൽ സ്ഥാപിക്കട്ടെ’ എന്നു മറ്റൊരിടത്ത് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.
രാജപ്രവാചകന്റെ അനുഭൂതിയോടെ നിനക്കു ദൈവത്തോട് ഏറ്റുപറയാം; “കർത്താവേ, എന്റെ ഹൃദയം അഹങ്കരിക്കു ന്നില്ല; എന്റെ നയനങ്ങളിൽ നിഗളമില്ല; എന്റെ കഴിവിൽക്കവിഞ്ഞ വൻകാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാൻ വ്യാപൃതനാകുന്നില്ല. മാതാവിന്റെ മടിയിൽ ശാന്തനായിക്കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാൻ എന്നെത്തന്നെ ശാന്തനാക്കി, ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്.”(സങ്കീ. 131:1-2) സ്വയം അവിശ്വസിക്കുന്നതിന്റെ തോതനുസരിച്ചാണ് നിനക്കു മറിയത്തിലുള്ള പ്രത്യാശ വർദ്ധിക്കുന്നത്. നിന്നിലുള്ള നന്മയത്രയും വിശ്വാസപൂർവ്വം നീ അവളെ ഭരമേല്പ്പിച്ചതാണ്. അവൾക്ക് സൂക്ഷിക്കാനും സ്വന്തമാക്കാനും. നിന്റെ നിധി ആയ മറിയത്തിലുള്ള ആശയം ഇപ്പോൾ നിന്നിൽ വർദ്ധിക്കുന്നതിനാൽ നിന്നിൽത്തന്നെയുള്ള ആശയം ഇല്ലാതാകുന്നു.
ദൈവം തനിക്ക് ഏറ്റവും വിലയുറ്റതായതെല്ലാം നിക്ഷേപിച്ച ഭണ്ഡാ ഗാരം തന്റെതുമാണെന്ന് പറയാൻ സാധിക്കുന്ന ആത്മാവിന് എത്രവലിയ പ്രത്യാശയും ആശ്വാസവുമാണ് അനുഭവപ്പെടുക. ഒരു പുണ്യവതി പറയുന്നു: “അവളാണ് കർത്താവിന്റെ ഭണ്ഡാഗാരം എന്ന്.