ഈ ഭക്തി വിശ്വസ്തതയോടെ ഒരു മാസം അഭ്യസിച്ചാൽ ക്ലേശകരമായ മറ്റേതു ഭക്തിയും വളരെക്കൊല്ലങ്ങൾ അഭ്യസിക്കുന്നതിലുമധികം നീ ഈശോയെ മഹത്ത്വപ്പെടുത്തും. ഇതിനുള്ള തെളിവുകൾ
1. ഈ ഭക്തിയനുസരിച്ചു മറിയം വഴി എല്ലാ പ്രവൃത്തികളും ചെയ്യുമ്പോൾ, നിന്റെ നല്ല നിയോഗങ്ങൾ പോലും നീ വിസ്മരിക്കുന്നു; മറിയത്തിന്റെ അജ്ഞാതമായ നിയോഗങ്ങൾക്കു നിന്നെത്തന്നെ സമർപ്പിക്കുന്നു. അപ്പോൾ അവളുടെ ഉത്കൃഷ്ട നിയോഗങ്ങളിൽ ഭാഗഭാക്കാവുകയാണു നീ. ഏറ്റവും നിസ്സാരമായ പ്രവൃത്തികൾ കൊണ്ട് നൂലും നൂൽക്കലോ ഒരൊറ്റ തുന്നലോ കൊണ്ട്, ഇരുമ്പടുപ്പിൽ ക്രൂരതരമായ രക്തസാക്ഷിത്വം വരിച്ച വി. ലോറൻസിനെയും വീരകൃത്യങ്ങൾ ചെയ്ത എല്ലാ വിശുദ്ധരെയുംകാൾ അധികം ദൈവത്തെ മഹത്ത്വപ്പെടുത്തുവാൻ മറിയത്തിനു കഴിഞ്ഞു. തന്മൂലം ഐഹികജീവിതത്തിലെ ചുരുങ്ങിയ കാലംകൊണ്ട് അവാച്യമായ കൃപാവരങ്ങളുടെയും യോഗ്യതകളുടെയും ഒരു വലിയ ശേഖരത്തിന് അവൾ ഉടമയായി. അവയെ എണ്ണിത്തിട്ടപ്പെടുത്തുക എന്നതിനെക്കാൾ ആകാശത്തിലെ നക്ഷത്രങ്ങളെയോ, സമുദ്രത്തിലെ വെള്ളത്തുള്ളികളെയോ, കടൽത്തീരത്തെ മണൽത്തരികളെയോ എണ്ണുകയാണ് എളുപ്പം. അങ്ങനെ എല്ലാ മാലാഖമാരും വിശുദ്ധരും നല്കിയതും ഇനി നല്കാനിരിക്കുന്നതുമായ മഹത്ത്വത്തെക്കാൾ അധികം മഹത്ത്വം അവൾ ദൈവത്തിനു നല്കി.
ഓ, മറിയത്തിന്റെ അത്ഭുതാവഹമായ ശക്തിയെ പരിപൂർണ്ണമായി നിന്നിൽ വിലയം പ്രാപിക്കുവാനാഗ്രഹിക്കുന്ന ആത്മാക്കളിൽ കൃപാവരത്തിന്റെ അത്ഭുതങ്ങൾ പ്രവർത്തിക്കാതിരിക്കുക അങ്ങേക്ക് അസാധ്യം!
ഈ ഭക്തി അഭ്യസിക്കുന്നവൻ തന്റെ വിചാരങ്ങളെയും പ്രവൃത്തിക്കളയും നിസ്സാരമായാണ് എണ്ണുക. ഈശോയെ സമീപിക്കുവാനോ അവിടുത്തോടു സംസാരിക്കുവാനോ മറിയത്തിന്റെ യോഗ്യതകളെ മാത്രമേ അവൻ ആശ്രയിക്കുന്നു. അവയിലേ, അവൻ സന്തോഷം കണ്ടെത്തുന്നുള്ളൂ. അങ്ങനെ, സ്വേച്ഛാനുസാരം പ്രവർത്തി ക്കുകയും തിരിച്ചറിയുവാൻ പറ്റാത്തവിധത്തിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും ചെയ്യുന്ന മറ്റുള്ളവരെക്കാളധികം എളിമ അവൻ സമ്പാദിക്കുന്നു. തന്നിമിത്തം അവനാണു ദൈവത്തെ കൂടുതൽ മഹത്ത്വപ്പെ ടുത്തുന്നത്. കാരണം, ഹൃദയത്തിൽ എളിമയുള്ളവർക്കും ചെറിയവർക്കും താഴ്ചയുള്ളവർക്കും മാത്രമേ ദൈവത്തെ പരിപൂർണ്ണമായി മഹത്ത്വപ്പെടുത്തുവാൻ കഴിയൂ.
അവാച്യമായ സ്നേഹവായ്പോടെ ദിവ്യനാഥ നമ്മുടെ പ്രവൃത്തികളാകുന്ന കാഴ്ചവസ്തുക്കളെ തന്റെ വിമലകരങ്ങളിൽ സ്വീകരിച്ചു അനുപമമായ അഴകും ശോഭയും അവയ്ക്കു നല്കുന്നു. അവൾതന്നെ അവ ഈശോയ്ക്ക് സമർപ്പിക്കുകയും ചെയ്യുന്നു. അവൾ സമർപ്പിച്ചാൽ, കുറ്റങ്ങൾ ചെയ്ത നമ്മുടെ കരങ്ങൾകൊണ്ട് അവ സമർപ്പിക്കുന്നതിനെക്കാൾ അധികം മഹത്ത്വം ദൈവത്തിനു ലഭിക്കും. സംശയമില്ല.
അവസാനമായി, നിനക്കുവേണ്ടി മറിയം ഒന്നാമതായി ദൈവത്തെ ധ്യാനിച്ചെങ്കിൽ മാത്രമേ നിനക്കു മറിയത്തെ ധ്യാനിക്കാനാകൂ. മറിയം നിനക്കൊപ്പം ദൈവത്തെ വാഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്യാതെ നീ ഒരിക്കലും മറിയത്തെ വാഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്യില്ല. മറിയം ദൈവത്തോടു പരിപൂർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ അവളെ ദൈവത്തിന്റെ ബന്ധുവെന്ന് ധൈര്യപൂർവ്വം വിളിക്കാം. അവൾ ഉണ്ടായിരിക്കുന്നത് ദൈവത്തിനുവേണ്ടി മാത്രം. അവൾ ദൈവത്തിന്റെ പ്രതിധ്വനിയാണ്. ദൈവം എന്നല്ലാതെ അവൾ ഒന്നും പറയുന്നില്ല, ആവർത്തിക്കുന്നില്ല. നീ “മറിയം” എന്നു പറഞ്ഞാൽ അവൾ “ദൈവം”എന്നുപറയും. മറിയം വിശ്വസിച്ചതുകൊണ്ട്, വി. എലിസബത്ത് അവളെ അനുഗൃഹീത എന്നു വിളിച്ചു. അപ്പോൾ ദൈവത്തിന്റെ യഥാർത്ഥ പ്രതിധ്വനിയായ മറിയം പാടി: “എന്റെ ആത്മാവ് കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു” എന്ന് (ലൂക്കാ 1:46).
അന്ന് മറിയം ചെയ്തത് ഇന്നും അവൾ അനുദിനം വീണ്ടും ആവർത്തിക്കുന്നു. നാം അവളെ സ്തുതിക്കുകയോ, സ്നേഹിക്കുകയോ, ബഹുമാനിക്കുകയോ, എന്തെങ്കിലും അവൾക്ക് നല്കുകയോ ചെയ്യുമ്പോൾ മറിയം വഴിയും മറിയത്തിലൂടെയും ദൈവമാണ് സ്തുതിക്കപ്പെടുക, സ്നേഹിക്കപ്പെടുക, ബഹുമാനിക്കപ്പെടുക, അവിടുത്ത ക്കാണ് നാം എല്ലാം നല്കുക.