വിശുദ്ധിയുടെ വിജയവീഥിയിൽ മുന്നേറുന്നതിനു ദൈവസ്വരം ശ്രവിച്ചു, അത് പിൻചെല്ലണം. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ട് (ജെറ. 29:11). അവനെ അവിടുന്ന് സ്വന്തമാക്കുന്നത് പ്രത്യേക അനുഭവത്തിലൂടെ നടത്തിയാണ്. ചിലർക്ക് കുഞ്ഞുനാൾ തന്നെ അവിടുന്ന് പുണ്യപാതയിൽ പരിശീലനം നൽകുന്നു, ദൈവജ്ഞാനത്തിൽ വളർത്തുന്നു. മറ്റുചിലരെയോ, ലോകത്തിന്റെ മോഹങ്ങൾക്കും പാപസുഖങ്ങൾക്കും പോലും കുറച്ചു കാലത്തേയ്ക്ക് വിട്ടുകൊടുത്തതിന് ശേഷം, അവരുടെ മുറിവുകൾ വെച്ചുകെട്ടി, തൊട്ടുസുഖപ്പെടുത്തി വളർത്തുന്നു.
ഈശോ ഓരോ മനുഷ്യ വ്യക്തിയെയും വിളിക്കുന്നത് പ്രത്യേക ദൗത്യത്തിനായിട്ടാണ്. അതിനു ആവശ്യമായ പരിശീലനവും അവിടുന്ന് നൽകുന്നു. എല്ലാം അവിടുത്തെ അനന്തസ്നേഹത്തിൻ വെളിച്ചത്തിൽ നാം ഗ്രഹിക്കണം. അപ്പോൾ നാം അനുഗ്രഹീതരാകും.
ദൈവം ചിലരെ സ്വന്തമാക്കുന്നത് പരാജയങ്ങൾ അനുവദിച്ചും തകർച്ചയ്ക്ക് വിട്ടുകൊടുത്തുമാണ്. ചിലരെ ദാരിദ്ര്യത്തിന്റെ നൊമ്പരം അനുഭവിച്ചു വളരാന്‍ അനുവദിക്കുന്നു. മറ്റു ചിലരെ സമ്പത്തു ഉപേക്ഷിക്കാൻ അവിടുന്ന് പഠിപ്പിക്കുന്നു. തന്റെ ഇഷ്ട്ടമനുസരിച്ചാണ് ഈശോ വിളിക്കുന്നത്. ഇനിയും ചിലരെ അത്ഭുതകരമായ ദർശനങ്ങളും അനുഭവങ്ങളും നൽകി വിളിച്ചു വേർതിരിച്ചു സ്വന്തമാക്കുന്നു. ചിലരെ അനാഥാവസ്ഥയിലിരിക്കാൻ പോലും അവിടുന്ന് അനുവദിക്കും. ഇനിയും ചിലർ ഈശോയെപ്രതി സകലതും ഉപേക്ഷിച്ചു ഇറങ്ങുന്നു. അസ്സീസിയിലെ ഫ്രാൻസിസ് ഇതിന്റെ മകുടോദാഹരണമാണ്.
താൻ സവിശേഷമായി സ്നേഹിക്കുന്നവരെ സ്വന്തമാക്കാൻ ഈശോ ക്രമീകരിക്കുന്ന വഴികൾ എത്ര അത്ഭുതാവഹം! വി. ഡോൺ ബോസ്കോ ഈശോയുടെ, ദൈവത്തിന്റെ സ്വന്തമായി തീർന്നത് എങ്ങനെയെന്ന് അദ്ദേഹം തന്നെ വിവരിച്ചിട്ടുണ്ട്. “ഒൻപതു വയസു മാത്രം പ്രായമുള്ളപ്പോൾ എനിക്ക് ഒരു ദര്‍ശനമുണ്ടായി. എന്റെ വീടിനരികെ വിശാലമായ ഒരു സ്ഥലമുണ്ട്. അവിടെ ഒരു കൂട്ടം കുട്ടികൾ കളിക്കുന്നു. ചിലർ ചിരിക്കുന്നു.ചിലർ ശകാരിക്കുന്ന, ചീത്ത വാക്കുകൾ പറയുന്നു. ഞാൻ ഓടിച്ചെന്നു അവരെ ശകാരിച്ചു.ചിലരെ തല്ലുകയും ചെയ്തു. അപ്പോഴതാ കുലീന വസ്ത്രം ധരിച്ചു പവിത്രമായ ഒരു മനുഷ്യൻ! ആ തേജ്വസിയുടെ മുഖത്തേയ്ക്കു നോക്കാൻ പോലും എനിക്ക് സാധിച്ചില്ല. എന്റെ പെരുവിളിച്ചു അദ്ദേഹം പറഞ്ഞു: “അടികൊണ്ടല്ല, സൗമ്യവചസ്സും കാരുണ്യവും കൊണ്ടാണ് നീ അവരെ സുഹൃത്തുക്കളാക്കേണ്ടത്. ഉടൻ തുടങ്ങുക ആ ജോലി. പാപത്തിന്റെ വൈരൂപ്യവും പുണ്യത്തിന്റെ സൗന്ദര്യവും അവരെ ബോധ്യപ്പെടുത്തുക.”
ഞാൻ ചോദിച്ചു: “ഞാനൊരു ചെറുബാലാനല്ലേ, വെറും അറിവില്ലാത്തവർ?” ഉടൻ കുട്ടികളെല്ലാം വഴക്കു നിർത്തി ആ ദിവ്യപുരുഷന്റെ അടുത്ത് ഓടിക്കൂടി. ഉടനെ ഞാൻ ചോദിച്ചു: “അങ്ങ് ആരാണ്?” അദ്ദേഹം ഇങ്ങനെയാണ് പ്രതികരിച്ചത്: “ഞാനോ?, ഓരോ ദിവസവും മൂന്ന് പ്രാവശ്യം ഒരുവളെ ഓർത്തു പ്രാർത്ഥിക്കാൻ നിന്റെ ‘അമ്മ നിന്നെ പഠിപ്പിച്ചിട്ടില്ല. ആ സ്ത്രീരത്നത്തിന്റെ മകനാണ് ഞാൻ. ആ നല്ല അമ്മയോട് ചോദിക്കുക എന്റെ പേര് എന്തെ എന്ന്.” സത്വരം, ശുഭ്ര വസ്ത്രധാരിയായ ഒരു സ്ത്രീ പ്രത്യക്ഷപെട്ടു. അവൾ എന്റെ കരം പിടിച്ചു “നോക്ക്” എന്ന് എന്നോട് മൊഴിഞ്ഞു. ഞാൻ നോക്കിയപ്പോൾ കുട്ടികളെ കാണാനില്ല. തൽസ്ഥാനത്തു, പറ്റങ്ങളായി ആട്, പൂച്ച, പട്ടി കരടി തുടങ്ങിയ മൃഗങ്ങൾ, ഇങ്ങനെ സ്വരവും: “ഇതാണ് നിന്റെ പ്രവർത്തന മേഖല. ആദ്യം സ്വയം വിനീതനാവുക ഒപ്പം കരുത്താനുമാകുക. ആ മൃഗങ്ങളെ നോക്കുക, അവർ എന്റെ മക്കളാണ്. നീ എന്റെ മക്കൾക്കായി അത്യധ്വാനം ചെയുക.”
ഉടനെ മൃഗങ്ങൾ അപ്രത്യക്ഷരായി. പകരം ഒരുപറ്റം കുഞ്ഞാടുകൾ പ്രസ്തുത സ്ത്രീയെയും ദിവ്യപുരുഷനെയും ചുറ്റിനിൽക്കുന്നു. ആ ദിവ്യവ്യക്തികൾ എന്റെ ശിരസ്സിൽ കൈവച്ചു അനുഗ്രഹിച്ചു പറഞ്ഞു: യഥാസമയം നിനക്ക് എല്ലാം വ്യക്തമാകും.” ‘അമ്മ മാർഗരറ്റ് ആ ദര്‍ശനത്തെക്കുറിച്ചു ഇങ്ങനെയാണ് പറഞ്ഞത്: “നീ ഒരു വൈദികനാകും.”
ഇങ്ങനെയാണ് അനേകായിരം യുവജനങ്ങളെയും അനാഥക്കുഞ്ഞുങ്ങളെയും തനിക്കായി നേടാൻ ജോണിനായത്.