പുണ്യങ്ങൾ ആർജിക്കാനുള്ള അവസരങ്ങൾ നൽകി ദൈവം ഒരു അർത്ഥിയുടെ ആത്മാവിന്റെ സ്വാഭാവിക വളർച്ച സാധിതമാക്കുന്നു. ഇതിനു അവിടുന്ന് ഇതരവ്യക്തികളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇപ്രകാരമൊരു അനുഭവം തനിക്കുണ്ടായത് വി. ഫിലിപ് നേരി പങ്കുവയ്ക്കുന്നതിങ്ങനെ: “മറ്റുള്ളവരിയുൽ നിന്ന് ഒറ്റപെടുത്തലുകളും തെറ്റിദ്ധാരണകളും ഉണ്ടായപ്പോൾ ഞാൻ ക്ഷമയ്ക്കായി ഈശോയോടു പ്രാർത്ഥിച്ചു. പക്ഷെ കിട്ടിയില്ല. അപ്പോൾ ഈശോയോടു ഞാൻ ഇങ്ങനെ പരാതിപ്പെട്ടു ‘നല്ല ഈശോയെ, അങ്ങ് എന്തുകൊണ്ട് എന്നെ ശ്രവിക്കുന്നില്ല? അങ്ങയോടു ഞാൻ ക്ഷമയ്ക്കു വേണ്ടി പ്രാർത്ഥിച്ചു.
അങ്ങ് എന്താണ് എന്റെ പ്രാർത്ഥന കേൾക്കാത്തത്?’ ഫിലിപ്പീന് ഈശോ നൽകിയ മറുപടി ഇങ്ങനെയാണ് “നീ എന്നോട് ക്ഷമയ്ക്കുള്ള വരം യാചിച്ചുവല്ലോ. ഞാനതു തരാം. പക്ഷെ, ഇത്തരം അനുഭവത്തിലൂടെയാണ് നീ അത് സ്വന്തമാക്കേണ്ടത് ” (ക്ഷമിക്കുവാൻ വിഷമമുള്ള അനുഭവങ്ങൾ തന്നുകൊണ്ടു) ദൈവം ആത്മാവിനു പുണ്യം നേരിട്ട് നൽകുകയില്ല. പുണ്യസമ്പാദനത്തിനുള്ള സാഹചര്യം നൽകുകയാണ്.
അത് വ്യക്തികളാകാം, അവസരങ്ങളാകാം, അനുഭവങ്ങളാകാം. പ്രാർത്ഥനാവേളകളിലോ ധ്യാനാവസരങ്ങളിലോ ഈശോ ഒരു വ്യക്തിക്ക് പ്രത്യേകം പ്രത്യേകം പുണ്യങ്ങൾ അത്ഭുതകരമായി സ്വർഗ്ഗത്തിൽനിന്നു വർഷിച്ചു നൽകുന്നു എന്ന് കരുതരുത്. എളിമയ്ക്കായി പ്രാർത്ഥിക്കുന്ന ആത്മാവിൽ ഈശോ നേരിട്ട് എളിമ എന്ന പുണ്യം നിറയ്ക്കുകയല്ല, എളിമപ്പെട്ടു വളരാനുള്ള വഴികൾ തുറന്നു കൊടുക്കുകയാണ്, അവസരങ്ങൾ നൽകുകയാണ്.