ദാവീദിന്റെ ശ്രേഷ്ഠ സന്താനമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
യൗസേപ്പിതാവിന്റെ അത്യുദാത്ത ദൗത്യം കാലേകൂട്ടി കണ്ട് അദ്ദേഹത്തെ രാജകീയ വംശജനായി ജനിക്കണം എന്ന് ദൈവം തീരുമാനിച്ചു. ഭൗമീക കുലീനത്വം കൊണ്ട് പിതാവിനെ അവിടുന്ന് അലങ്കരിച്ചു. അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകിയത് ദാവീദ്,സോളമൻ, യൂദാ, മറ്റെല്ലാ രാജാക്കന്മാരുടെയും രക്തം തന്നെ.വി. പീറ്റർ ജൂലിയൻ
മശിഹാ ദാവീദിന്റെ വംശത്തിൽ പിറക്കുമെന്നാണ് പ്രവാചകൻമാർ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പഠിപ്പിച്ചത്. സുവിശേഷകർ സൂചിപ്പിക്കുന്നത് ഈശോ യൗസേപ്പിന്റെ ശാരീരിക പുത്രനല്ലെങ്കിലും നിയമപ്രകാരം അദ്ദേഹത്തിന്റെ മകനാണെന്നാണ്. അങ്ങനെ മാതൃപിതൃ പാരമ്പര്യങ്ങളിൽ യൗസേപ്പും ദാവീദുവംശജനും ദാവീദിന്റെ പുത്രൻ എന്ന് വിളിക്കപ്പെടാൻ അർഹനുമായി.
യഥാർത്ഥത്തിൽ യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ രാജാവാണ്, ഇസ്രായേലിന്റെയോ നസ്രയത്തിന്റെയോ രാജാവല്ലെങ്കിലും. അതെ, നസ്രത്തിലെ തിരുക്കുടുംബത്തിൽ യൗസേപ്പും മറിയവും രാജാവും രാജ്ഞിയും ആയിരുന്നു . തന്റെ സ്വർഗ്ഗീയ പിതാവ് തനിക്കായി ഒരുക്കിയ രാജ്യത്തിനായി കാത്തിരിക്കുന്ന ഈശോ മുപ്പത് വർഷവും രാജകുമാരനായിരുന്നു. തീർച്ചയായും അവിടുന്ന് അസ്തിത്വത്തിൽ രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും ആണ്. എങ്ങനെ കണക്കാക്കിയാലും യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ രാജത്വം നമ്മൾ അംഗീകരിക്കണം. നമ്മുടെ ആത്മീയ പിതാവായ അദ്ദേഹത്തിന് ആദരവും പുത്രനിർവിശേഷമായ സ്നേഹവും നൽകാൻ നമുക്ക് കടമയുണ്ട്. ഈശോ തന്നെ ഇതിനെ നമുക്ക് മാതൃകയും തരുന്നു.
യൗസേപ്പിതാവ് കുലീനനായ നാഥനും ആണ് . അദ്ദേഹത്തെ അതീവ വാത്സല്യത്തോടെ നാഥൻ എന്ന് വിശേഷിപ്പിക്കുന്ന വിശുദ്ധർ നിരവധിയാണ്. അമ്മ ത്രേസ്യയ്ക്ക് അദ്ദേഹത്തെ നാഥൻ എന്ന് വിളിക്കാൻ വലിയ ഇഷ്ടമായിരുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം അഭിസംബോധന ചെയ്തവരെല്ലാവരും അദ്ദേഹം കേവലം മനുഷ്യൻ മാത്രമാണെന്നും ബോധ്യമുള്ളവരുമായിരുന്നു. അവർ അദ്ദേഹത്തിന് നൽകിയിരുന്ന ആദരത്തിന് തിരുസഭ നൽകുന്ന പേരാണ് ആദിമ വണക്കം. മറ്റു വിശുദ്ധർക്കു നാം നൽകുന്നതും,നൽകേണ്ടതും വണക്കം മാത്രമാണ്.
“ഓ! കുലീനനായ വിശുദ്ധ യൗസേപ്പിതാവേ, ഈശോയുടെ പിതാവ് എന്ന നിലയിൽ അതിവിശിഷ്ട സ്ഥാനം സ്വന്തമാക്കുന്നതിന് സർവ്വശക്തൻ അങ്ങയെ യോഗ്യനായി കണ്ടതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു. ആരുടെ കൽപ്പനകളാണോ സ്വർഗ്ഗ ഭൂവാസികൾ സവിനയം അനുസരിക്കുന്നതായി അങ്ങ് കണ്ടത് ആ ദൈവപുത്രൻ നിനക്ക് കീഴ്പ്പെട്ടു “. വി. അൽഫോൻസ് ലിഗോരി.
” മറിയത്തിന്റെ ഭർത്താവിന്റെ, ദാവീദിന്റെ,സന്താനത്തിന്റെ ഔന്നിത്യം എത്ര മഹോന്നതം”!
” പൂർവ്വപിതാക്കന്മാരുടെയും രാജാക്കന്മാരുടെയും രാജകുമാരന്മാരുടെ ഔന്നത്യം വിശുദ്ധ യൗസേപ്പിതാവിൽ പര്യവസാനിച്ചു . സിയന്നായിലെ വി. ബർണദിൻ.
ഏറ്റം കുലീനയായ അപ്പനെ ആണ് യൗസേപ്പിതാവിൽ ഈശോ കണ്ടെത്തുന്നത്.അതെ, അദ്ദേഹം രാജകീയ വംശജനാണ്; ദാവീദിന്റെ പുത്രനാണദ്ദേഹം. വേറൊരു മനുഷ്യ വ്യക്തിയും ദാവീദുസുതൻ എന്ന് വിളിക്കപ്പെടുന്നില്ല. ദാവീദ് വംശത്തിലെ ഒരു അംഗത്തിന്റെ മകനായി തന്റെ നിത്യ പുത്രൻ വിളിക്കപെടണമെന്ന് വല്ലഭൻ വിധിയെഴുതി . ആ മഹാൻ വിശുദ്ധ യൗസേപ്പിതാവ് ആണ്. കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു : “ദാവീദിന്റെ പുത്രനായ യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ നീ ശങ്കിക്കേണ്ട. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ് “
(മത്തായി 1 :20). തന്റെ എളിമയിൽ ദൂതന്റെ വെളിപ്പെടുത്തൽ യൗസേപ്പ് പിതാവിനു പൂർണമായി മനസ്സിലായി. തന്റെ വിളിയിൽ അടിയുറച്ചു നിൽക്കാനാവാം ദൂതൻ അദ്ദേഹത്തെ ‘ദാവീദിന്റെ പുത്രൻ ‘ എന്ന് അഭിസംബോധന ചെയ്തത് . അതായത് എല്ലാം ദൈവനിശ്ചയത്തിന്റെ വെളിപ്പെടുത്തലുകളാണ്. ദൈവം തന്നെയാണ് വിശുദ്ധ യൗസേപ്പിതാവിനെ തെരഞ്ഞെടുത്തു നിയോഗിച്ചത്.
പ്രതിഷ്ഠ
അങ്ങയുടെ അത്യുദാത്ത ദൗത്യം കാലേകൂട്ടി കണ്ട് അങ്ങയെ ദൈവം ദാവീദു രാജകുമാരനായി ജനിക്കാൻ അനുവദിച്ചതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തിനു നന്ദി പറഞ്ഞു ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് സസന്തോഷം പ്രതിഷ്ഠിക്കുന്നു. അങ്ങ് ഈശോയുടെ പിതാവായിരുന്നതുപോലെ എന്റെയും പിതാവ് ആയിരിക്കണമേ! തിരുകുടുംബത്തിന്റെ രാജാവായ യൗസേപ്പിതാവേ, അങ്ങ് എന്റെയും എന്റെ കുടുംബത്തിന്റെയും രാജാവായിരിക്കണമേ! അങ്ങയുടെ രാജത്വം ഞാൻ അംഗീകരിക്കുന്നു. അങ്ങേയ്ക്ക് ആദ്യമവണക്കം നൽകി ആദരിക്കുകയും പുത്രനിർവിശേഷമായി അങ്ങേ സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങ് ഈശോയ്ക്കും മാതാവിനും ആയിരുന്നതെല്ലാം എനിക്കും ആയിരിക്കണമേ! അങ്ങയെ ഈശോയുടെ പിതാവെന്ന നിലയിൽ അതിവിശിഷ്ട സ്ഥാനം സ്വന്തമാക്കുന്നതിന് സർവ്വശക്തൻ അങ്ങയെ യോഗ്യനായി കണ്ടതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ദൈവപുത്രനായ ഈശോ
അങ്ങേയ്ക്ക് കീഴ്പ്പെട്ടതുപോലെ ഞാനും അങ്ങേയ്ക്ക് കീഴ്പ്പെടുന്നു. മഹോന്നതം ആണ് അങ്ങയുടെ ഔന്നത്യം! ദാവീദിന്റെ പുത്രനായ യൗസേപ്പിതാവേ, എന്നെ നയിക്കുകയും നിയന്ത്രിക്കുകയും സർവ്വോപരി ഈശോയുടെ സ്വന്തമായിരിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ!
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.