അന്ജലോ ജെസ്സപ്പെ റൊങ്കാളി ഇറ്റലിയിൽ ദരിദ്രമായ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. ദാരിദ്ര്യത്തിന്റെ നുകം വഹിച്ചാണ് വളർന്നത്. ആ സാക്ഷ്യം ശ്രദ്ധിക്കു: “ഞങ്ങൾ പാവങ്ങളായിരുന്നു. എന്നാൽ, ഈ ദരിദ്രാവസ്ഥയിലും ഞങ്ങൾ സംതൃപ്തരായിരുന്നു. കാരണം, ദൈവകാരുണ്യം ഞങ്ങളെ സംരക്ഷിക്കുന്നു എന്ന അനുഭവത്തിലാണ് ഞങ്ങൾ വളർന്നത്. ഞങ്ങളുടെ ഭക്ഷണ മേശയിൽ റൊട്ടിയോ, മാംസമോ, വീഞ്ഞോ ഉണ്ടായിരുന്നില്ല. ക്രിസ്മസിനും ഈസ്റ്ററിനും മാത്രം അൽപ്പം മധുരപലഹാരം. പള്ളിയിൽ പോകാനുള്ള വസ്ത്രങ്ങളും ഷൂസും പല വര്ഷങ്ങളോളം ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും, ഭക്ഷണം ചോദിച്ചു ആരെങ്കിലും വാതിലിൽ മുട്ടിയാൽ, ഞങ്ങൾ മക്കൾ, അടുക്കളയിലേക്കു ഓടുകയായി. അവിടെ ഒരു കോപ്പയിൽ സഹായം ചോദിച്ചുവരുന്നവർക്കായി ഭക്ഷണത്തിന്റെ ഒരു പങ്കു ‘അമ്മ എപ്പോഴും മാറ്റിവച്ചിട്ടുണ്ടാകും. അത് നൽകി അവരെ ഞങ്ങൾക്കൊപ്പമിരുത്തി ഭക്ഷണം വിളമ്പും.
നമ്മുടെ അന്ജലോ ഒരിക്കൽ സെമിനാരിയിൽ ചേരണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. അവർ അന്ധാളിച്ചുപോയി. ആവശ്യമായ പണം എവിടെ നിന്നുണ്ടാകാൻ? വണ്ടിക്കൂലിപോലും സ്വരുമിക്കാൻ ആവാത്ത സാഹചര്യം. പക്ഷെ ആ ‘അമ്മ (മരിയാന) നാട്ടിലെ സുമനസ്സുകളോട് യാചിച്ചു മേടിച്ചു മകനെ സെമിനാരിയിലേക്കു പറഞ്ഞയയ്ക്കുക തന്നെ ചെയ്തു. ആന്ജെലോ സമയത്തിന്റെ പൂർണതയിൽ ക്രിസ്തുവിന്റെ പുരോഹിതനായി. പിന്നീട് ദൈവം അദ്ദേഹത്തെ മെത്രാൻ പദവിയിലേക്കും നിയോഗിച്ചു. ആഡംബരങ്ങൾ സധൈര്യം നിരസ്ക്കരിക്കാൻ തമ്പുരാൻ അദ്ദേഹത്തിന് ആത്മബലം നൽകിക്കൊണ്ടിരുന്നു. ആ ദാരിദ്ര്യവും ലാളിത്യവും അദ്ദേഹത്തെ പിൽക്കാലത്തു ക്രിസ്തുവിന്റെ വികാരിയാക്കി; പിന്നീട് വി. ജോൺ ഇരുപത്തിമൂന്നാം മാര്പാപ്പയായും.
ദൈവം ആത്മാവിന്റെ അമൂലയസമ്പത്തും ഏകസമ്പത്തുമായിരിക്കാൻ ദാരിദ്ര്യം സഹായിക്കുന്നു. സഭ എപ്പോഴും ദരിദ്രയായിരിക്കണം. എങ്കില്ലേ, ദാരിദ്ര്യത്തിന്റെ സമ്പന്നത, കാലിത്തൊഴുത്തിന്റെ സമ്പന്നത, മനസ്സിലാക്കാൻ അവർക്കു കഴിയു. ദൈവപരിപാലനയിൽ പൂർണമായി ആശ്രയിക്കാൻ ആത്മാവിനു ശക്തിനൽകുന്നതും ദാരിദ്ര്യം തന്നെ. ആത്മാവിൽ ദരിദ്രമായവർ പല കാര്യങ്ങളും നമക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട്.
1 ) ഈ ലോകവും അതിന്റെ പ്രൗഢിയും നശ്വരമാണ്.
2 ) അതിന്റെ പ്രതാപം അമ്പേ അസ്തമിച്ചുപോകും.
3 ) അനശ്വരമായ നിത്യമഹ്ത്വമാണ് ആത്മാവിന്റെ ശാശ്വതമായ ആനന്ദം.
4 ) ഈ സത്യമാണ് യഥാർത്ഥ സമർപ്പിതാക്കൾ ജീവിച്ചു കാണിക്കുക.