ദാവീദ് രാജാവിന്റെ കുടുംബത്തിൽ ജോവാകീമിന്റെയും അന്നയുടെയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ ഉദയം പാടി അറിയിച്ചിട്ടുള്ളതാണ്.
ക്രിസ്മസ് ആനന്ദത്തിന്റെ തിരുനാളാണെങ്കിൽ മേരിമസ് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും തിരുനാളായി കൊണ്ടാടേണ്ടതാണ്. ഈശോ ദൈവപുത്രനാകയാൽ മേരി ദൈവമാതാവാണ്.
ബെത്ലെഹെമിലെ തൊഴുകൂട്ടിൽ കിടന്നു കരയുന്ന ചോരകുഞ്ഞു അത്യുന്നതന്റെ പുത്രനാണെന്ന് എങ്ങനെ തോന്നും? അന്നയുടെ ഈ കുഞ്ഞു സുന്ദരിയാണെങ്കിലും മറ്റു കുഞ്ഞുങ്ങളിൽനിന്നു ബാഹ്യദൃഷ്ടിയിൽ എന്ത് വിത്യാസമാണുള്ളത്? അതുകൊണ്ടു ‘ഞാൻ കറുത്തവളാണെങ്കിലും അല്ലെയോ ജെറുസലേം പുത്രിമാരെ സുന്ദരിയാണ്’ എന്ന ഉത്തമഗീതത്തിലെ വാക്യം മാറിയത്തെപ്പറ്റിയാണെന്നു കരുതപ്പെടുന്നു. ഒന്നുകൂടി ഉറപ്പിച്ചു മണവാളൻ പറയുന്നു: മുള്ളുകളുടെ ഇടയിൽ ലില്ലിയെപോലെയാണ് മക്കളിൽ എന്റെ പ്രിയ’ ‘അങ്ങ് സുന്ദരിയാണ്.’ ‘അങ്ങിൽ യാതൊരു കുറവുമില്ല,’ ‘നന്മ നിറഞ്ഞവളാണ്’ ‘സർപ്പത്തിന്റെ തല തകർത്തവളാണ്.’ ഇവയെല്ലാം പരിഗണിച്ചു മേരിമഹത്വം എന്ന വി. അൽഫോൻസ് ലിഗോരിയുടെ ഗ്രന്ഥത്തിൽ പറയുന്നത് മറിയത്തിന്റെ ഉത്ഭവ സമയത്തു അവൾ സ്വർഗത്തിൽ എത്തിയിട്ടുള്ള ഏതു വിശുദ്ധരെക്കാളും പ്രസാദവരപൂർണ ആയിരുന്നുവെന്നാണ്.
ആകയാൽ അമലോത്ഭവയായ ദൈവമാതാവിന്റെ ജനനത്തിൽ സ്വർഗവാസികൾ ആനന്ദിക്കുന്നു; ഭൂവാസികൾ ആഹ്ലാദിക്കുന്നു. ഒരു പിറന്നാൾ സമ്മാനം അമ്മയ്ക്ക് കാഴ്ചവെയ്ക്കാം.
‘ദൈവമാതാവ് സ്വർഗത്തിലേക്കുള്ള ഗോവേണിയാണ്. ഈ ഗോവേണിവഴി ദൈവം ഇറങ്ങിവന്നത് മനുഷ്യർ മറിയംവഴി സ്വർഗത്തിലേക്ക് കയറിപോകാനാണ്’ (വി. ആംബ്രോസ്).