പുണ്യചരിതയായ ഒരു സ്ത്രീരത്നമായിരുന്നു റീത്ത. പ്രായപൂർത്തിയായപ്പോൾ അവൾ വിവാഹിതയായി. അവൾക്കു ദൈവം മക്കളെയും സമ്മാനിച്ചു. പക്ഷെ, അവളുടെ കുടുംബ ജീവിതം തുലോം ഹൃസ്വമായിരുന്നു. അവളുടെ ഭർത്താവും മക്കളും അടുത്തടുത്ത് മരിച്ചുപോയി. ഈ അവസ്ഥയിൽ ഒട്ടും നഷ്ട്ട ധൈര്യമാവാതെ എല്ലാം പരിത്യജിച്ചു, ഈശോയെ അനുഗമിക്കാൻ അവൾ തീവ്രമായി ആഗ്രഹിച്ചു. ചെറുപ്പം മുതലേ പ്രായശ്ചിത്തവും ഉപവാസവും അവൾ അഭ്യസിച്ചിരുന്നു. കാലാന്തരത്തിൽ, ഇവയൊക്കെ അവൾ പൂർവാധികം വർധിപ്പിച്ചു. മിനുസമുള്ള വസ്ത്രങ്ങൾക്ക് പകരം രോമക്കുപ്പായമായി അവളുടെ വേഷം. വീടിന്റെ ജനാലകളിൽ ഒരണമൊഴികെ ബാക്കിയെല്ലാം അവൾ അടച്ചു.
മഠത്തിൽ ചേർന്ന് തപസ്സ് ജീവിതം നയിക്കാൻ അവൾ തീവ്രമായി ആഗ്രഹിച്ചു. അഭിലാഷപൂർത്തിക്കായി, തുടർച്ചയായി, മൂന്നു തവണ അവൾ അഗസ്റ്റീനിയന് സഭയുടെ വിശുദ്ധ മഗ്ദലേന മഠത്തിൽ അഭ്യർത്ഥനയുമായി എത്തി. കേണപേക്ഷിച്ചിട്ടും മറുപടി പ്രതികൂലമായിരുന്നു.
ദുഃഖാർത്തയായി, ഒരു രാത്രിയുടെ നീണ്ട യാമങ്ങളിൽ റീത്ത പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, കതകിൽ ശക്തമായി ആരോ മുട്ടുന്നതും ‘റീത്ത, റീത്ത’ എന്ന് വിളിക്കുന്നതും അവൾ കേട്ടു. എന്നാൽ, ആരെയും അവൾ കണ്ടില്ല. വീണ്ടും ആ പ്രക്രിയ ആവർത്തിക്കപ്പെട്ടു; ഇങ്ങനെ ഒരു സ്വരവും: “ഭയപ്പെടേണ്ട, ഈശോ നിന്നെ തന്റെ മണവാട്ടിയായി മഠത്തിനുള്ളിൽ പ്രവേശിപ്പിക്കും.”
ഇത്രയുമായപ്പോൾ റീത്ത കതകു തുറന്നു. വൃദ്ധനായ ഒരാൾ വാതിൽക്കൽ നിൽക്കുന്നു. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും തോൽവാറുമാണ് ധരിച്ചിരിക്കുക. തന്റെ പ്രിയപ്പെട്ട വിശുദ്ധൻ സ്നാപക യോഹന്നാനാണ് അത് എന്ന് അവൾ തിരിച്ചറിഞ്ഞു. അദ്ദേഹം അവളെയും കൂട്ടി യാത്രയായി. അവർ സഞ്ചരിച്ചു ഫിയപ്പോ എന്ന പാറയിലെത്തി.അവിടെയതാ വിശുദ്ധ അഗസ്റ്റിനും വിശുദ്ധ നിക്കോളാസും അവരെ കാത്തുനിൽക്കുന്നു. അവരൊരുമിച്ചു കാസിയയിലെ മഠത്തിലേക്ക് യാത്രയായി. ജനാലകളും വാതിലുകളുമെല്ലാം ഭദ്രമായി അടച്ചിരുന്നു മഠത്തിനുളിലേക്കു റീത്തയെ അവർ പ്രവേശിപ്പിച്ചു. “വളരെ ആഴമായും തീവ്രമായും നിന്നെ സ്നേഹിയ്ക്കുന്ന ഈശോയുടെ പൂന്തോട്ടത്തിലെ വിവേകമുള്ള തേനീച്ചയായി നീ ഇവിടെ ആയിരിക്കുക. പുണ്യപുഷ്പ്പങ്ങൾ കൊണ്ട് സുന്ദരമായ തേൻ ഒരുക്കുക” ഈ സന്ദേശങ്ങൾ നൽകിയിട്ടു വിശുദ്ധർ അപ്രത്യക്ഷരായി.
പ്രഭാതത്തിൽ, ചാപ്പലിൽ ധ്യാനലീനയായി, പ്രാര്ഥനാനിരതയായി റീത്തയെ കണ്ട സന്യാസിനികൾ അത്ഭുതപ്പെട്ടു. ഇപ്രകാരം ദൈവഹിതം തിരിച്ചറിഞ്ഞ അവർ റീത്തയെ മഠത്തിൽ സ്വീകരിച്ചു.
ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന അനിഷേധ്യ സത്യം മനസിലാക്കിവേണം മഹിയിൽ നാം മുന്നേറാൻ. സഭയെ നയിക്കാനും പടുത്തുയർത്താനും അവിടുത്തേക്ക് ഒരായിരം വഴികളുണ്ട്. സ്വർഗ്ഗത്തിന്റെ പ്രവർത്തന ശൈലി ഭൂമിക്കു അജ്ഞാതവും അസ്വീകാര്യവുമായിരിക്കും. ഏപ്പോഴും സ്വർഗ്ഗത്തിന്റെ ആ മന്ത്രങ്ങൾക്കു കാതോർക്കുക. സ്വർഗ്ഗമെന്ന സാകല്യേന അനുസരിച്ചു അനുഗ്രഹം പ്രാപിക്കുക മാത്രമാണ് നമുക്ക് കരണീയം.