പ്രിയ കുഞ്ഞേ, തിന്മയ്ക്കുമേൽ വിജയം വരിക്കാൻ എനിക്ക് അധികാരം നൽകുന്ന ദൈവിക പദ്ധതി നീ മനസിലാക്കണം. ഈ കാലയളവിൽ വർധിച്ചുവരുന്ന പ്രതിസന്ധികൾക്കും തകർച്ചകൾക്കും അസ്വസ്ഥതകൾക്കും ദുരവസ്ഥകൾക്കും കാരണം ജനം എന്നിൽ നിന്ന് ഏറെ അകന്നുപോയിരിക്കുന്നു എന്നതാണ്.
എഫേ. 3:1 പ്രകാരം സ്വർഗീയമായ എല്ലാ നന്മകളാലും ദൈവം നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, ഈ ആത്മീയവരങ്ങൾ എന്നിലാണ് സ്ഥിതി ചെയുന്നത് എന്ന് വി. ജോൺ പോൾ രണ്ടാമൻ ‘രക്ഷകന്റെ ‘അമ്മ’ എന്ന ചാക്രിക ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതിനു കാരണം, ‘ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ഈശോമിശിഹായാണ്. ദൈവം തന്നെയാണ് അമ്മയിൽ ജീവിക്കുന്നത് (cfr ലൂയി ഡി മൊൻഡ്ഫോർഡ്). പരി. ത്രീത്വത്തിലെ മൂന്നാളുകൾ ഒന്നായിരിക്കുന്നതുപോലെ എന്റെ മകൻ എന്നോട് യോജിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ മഹത്വം എന്നിൽ പ്രകടമാകുന്നു. നിനക്ക് ദൈവാനുഭവം പകർന്നു തരാനും എനിക്ക് കഴിയുന്നു.