തങ്ങളുടെ മരണവേളയിൽ ഒട്ടുമിക്ക വിശുദ്ധർക്കും പരിശുദ്ധ അമ്മയുടെ സാന്നിധ്യവും സഹായവും ഉണ്ടായിരുന്നു. വി. യാക്കോബ് ശ്ലീഹായുടെ അനുഭവം അനന്യവും അത്ഭുതാവഹവുമാണ്. ശത്രുക്കളുടെ കഠോരമായ പീഡനത്തിന് അദ്ദേഹം വിധേയനായി. അവർ അദ്ദേഹത്തെ മരത്തിൽ ബലമായി കെട്ടിയിട്ടു കടന്നുപോയി. ഈ ദുരവസ്ഥയിൽ മൂന്നു ദിവസം കിടക്കേണ്ടിവന്നു. ഈ മൂന്നു ദിവസവും പരിശുദ്ധ ‘അമ്മ അദ്ദേഹത്തിന് പ്രത്യക്ഷപെട്ടു, അദ്ദേഹത്തിന്റെ മുറിവുകൾ കഴുകി തുടച്ചു ശുശ്രൂക്ഷിച്ചുവെന്നും മരണം വരെ കൂട്ടായി നിന്നു എന്നും പാരമ്പര്യം.
വി. ഫിലിപ്പ് നേരിക്കും ‘അമ്മ പ്രത്യക്ഷപെട്ടു. അദ്ദേഹം സ്വരമുയർത്തി അമ്മയോട് സംസാരിക്കുന്നതു ചുറ്റും നിന്നവർ കേൾക്കുകയുണ്ടായി.
പരിശുദ്ധ ത്രീത്വത്തിന്റെ വി. എലിസബേത് മരണകിടക്കയിൽ ഇങ്ങനെ പറഞ്ഞു, “രണ്ടു ദിവസത്തിനകം ഞാൻ എന്റെ ത്രീത്വത്തിന്റെ ഹൃദയത്തിലായിരിക്കും.അമലമനോഹാരിയും സൂര്യചന്ദ്രന്മാർ വെല്ലുന്ന ശോഭയുള്ളവളുമായ ദൈവജനനി എന്റെ കരം പിടിച്ചു എന്നെ സ്വർഗത്തിലേക്ക് ആനയിക്കും.”
അനിഷേധ്യ സത്യമിതാണ്: സ്വര്ഗാരോപിതയും സ്വർഗീയാരാജ്ഞിയുമായ പരിശുദ്ധ അമ്മയ്ക്ക് നമ്മെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രത്യേക വരം നൽകപ്പെട്ടിരിക്കുന്നു. അതിനാൽ മരണസമയത്തും സവിശേഷ സഹായം ലഭിക്കുന്നതിന് ഇപ്പോൾത്തന്നെ അമ്മയുടെ കരങ്ങളിൽ നമ്മെ ഭരമേല്പിക്കുന്നത് ഏറ്റം അനുഗ്രഹപ്രദമായിരിക്കും.
മനുഷ്യാത്മാവിന്റെ ആത്മീയ യാത്രയിൽ ആരംഭം മുതൽ അവസാനം വരെയും, സ്വർഗത്തിൽ എത്തിചേരുവോളവും എല്ലാ കാര്യങ്ങളിലും നമ്മുടെ സ്വർഗീയ ‘അമ്മ വഹിക്കുന്ന പങ്കു അതുല്യമാണ്. പരിശുദ്ധ ‘അമ്മ സഹരക്ഷകയാണ്. അമ്മയുടെ മാധ്യസ്ഥം നാം തേടണമെന്ന് സ്വർഗം അതിയായി ആഗ്രഹിക്കുകയും ചെയുന്നു. സ്വർഗീയയാത്രയിൽ സഹരക്ഷകയായ നമ്മുടെ അമ്മയുടെ കരങ്ങളിൽ നമുക്ക് മുറുകെ പിടിക്കാം. ആ കരം പിടിച്ചാൽ യാത്ര സുഗമവും ലക്ഷ്യപ്രാപ്തി സുനിശ്ചിതവുമായിരിക്കും.